
രാഹുല്‍ മാങ്കൂട്ടത്തില്‍ | Photo: facebook.com/rahul mamkootathil
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പീഡനക്കേസില്‍ പരാതിക്കാരിയുടെ മൊഴിയെടുത്തു. കേസില്‍ രാഹുലിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് പരാതിക്കാരിയുടെ മൊഴി ഉള്‍പ്പെടെയുള്ള പോലീസ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. രാഹുല്‍ മാങ്കൂട്ടത്തില്‍ ക്രൂരമായി ബലാത്സംഗംചെയ്‌തെന്നും ശാരീരികമായി പരിക്കേല്‍പ്പിച്ചെന്നും നിരന്തരം ശല്യംചെയ്‌തെന്നുമാണ് പരാതിക്കാരിയുടെ മൊഴി.
രാഹുലിനെതിരേ രണ്ടാമത് പരാതി നല്‍കിയ പെണ്‍കുട്ടിക്ക് നിലവില്‍ 23 വയസ്സാണ് പ്രായം. തനിക്ക് 21 വയസ്സുള്ളപ്പോഴാണ് രാഹുല്‍ പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ഒരുസ്ഥലത്തേക്ക് കൊണ്ടുപോയെന്നും അവിടെവെച്ച് എതിര്‍പ്പ് അവഗണിച്ച് ബലാത്സംഗംചെയ്‌തെന്നുമാണ് മൊഴി.
നേരത്തേ കെപിസിസി പ്രസിഡന്റിനാണ് പെണ്‍കുട്ടി ആദ്യം ഇമെയില്‍ വഴി പരാതി നല്‍കിയത്. തുടര്‍ന്ന് ഈ പരാതി പോലീസിന് കൈമാറുകയും പോലീസ് കേസെടുക്കുകയുമായിരുന്നു. അതേസമയം, അജ്ഞാതമായ ഇമെയിലില്‍നിന്ന് വന്ന പരാതിയാണെന്നും സ്ഥലമോ കാലമോ വാദിയോ ഇല്ലാത്ത കേസാണെന്നുമായിരുന്നു മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ രാഹുലിന്റെ അഭിഭാഷകന്റെ വാദം. എന്നാല്‍, തിങ്കളാഴ്ച മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ചപ്പോഴാണ് പരാതിക്കാരിയുടെ മൊഴിയടക്കം പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ അടച്ചിട്ട കോടതിമുറിയില്‍ ഇപ്പോഴും വാദം തുടരുകയാണ്.
പ്രത്യേക അന്വേഷണസംഘത്തിന്റെ ചുമതലയുള്ള ജി. പൂങ്കുഴലിയാണ് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയതെന്നാണ് വിവരം. രണ്ടാമത്തെ കേസില്‍ ബലാത്സംഗക്കുറ്റം മാത്രമാണ് നിലവില്‍ രാഹുലിനെതിരേ ചുമത്തിയിരിക്കുന്നത്. പരാതിക്കാരിയുടെ മൊഴിയില്‍ രാഹുലിന്റെ സുഹൃത്തായ ഫെനി നൈനാനെതിരേയും പരാമര്‍ശമുണ്ടെന്നാണ് സൂചന. അങ്ങനെയെങ്കില്‍ ഇയാളെയും കേസില്‍ പ്രതിചേര്‍ത്തേക്കും.
ആദ്യത്തെ കേസില്‍ ഹൈക്കോടതി രാഹുലിന്റെ അറസ്റ്റ് തടഞ്ഞിരുന്നു. മുന്‍കൂര്‍ ജാമ്യഹര്‍ജി തീര്‍പ്പാക്കുന്നതുവരെയാണ് അറസ്റ്റ് തടഞ്ഞത്. അതേസമയം, രണ്ടാമത്തെ കേസെടുത്തതോടെ ഈ കേസില്‍ രാഹുലിനെ അറസ്റ്റ് ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. രാഹുലിനെ കണ്ടെത്താനായി മറ്റൊരു പോലീസ് സംഘം കഴിഞ്ഞദിവസം കര്‍ണാടകയിലേക്ക് തിരിച്ചിട്ടുണ്ട്.
Content Highlights: Rahul Mamkootathil`s anticipatory bail hearing for a second rape case saw the complainant`s statement submitted to court. She alleges brutal rape and assault.
Published: 08 Dec 2025, 03:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented