
പുനലൂർ: ക്രിസ്മസ്-ന്യൂ ഇയർ ബമ്പർ ലോട്ടറി ടിക്കറ്റുകളുടെ കളർ പകർപ്പെടുത്ത് വിൽപ്പന നടത്തിയ കേസിൽ പുനലൂരിൽ ലോട്ടറിക്കടയുടമ അറസ്റ്റിൽ. പുനലൂർ ടി.ബി.ജങ്ഷനിൽ അൽ ഫാനാ ലക്കി സെന്റർ ഉടമ വാളക്കോട് ടി.ബി.ജങ്ഷൻ കുഴിയിൽവീട്ടിൽ ബൈജു ഖാൻ (38) ആണ് അറസ്റ്റിലായത്.
പുനലൂർ താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനും ഡി.വൈ.എഫ്.ഐ. പുനലൂർ നോർത്ത് കമ്മിറ്റിയുടെ മുൻ സെക്രട്ടറിയുമാണ് ബൈജു. പകർപ്പെടുത്ത് വിൽപ്പന നടത്തിയ ചില ടിക്കറ്റുകൾക്ക് സമ്മാനം ലഭിച്ചതിനെത്തുടർന്ന് അസൽ ടിക്കറ്റ് നൽകിയ ലോട്ടറി സെന്റർ ഉടമ പോലീസിൽ പരാതി നൽകിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്.
ടി.ബി.ജങ്ഷനിൽ പ്രവർത്തിക്കുന്ന ചക്കുളത്തമ്മ ലക്കി സെന്ററിൽനിന്ന് 2024 ഡിസംബർ ഏഴുമുതൽ 24 വരെ മൊത്തമായി ടിക്കറ്റുകൾ വാങ്ങിയിരുന്നെന്ന് പോലീസ് പറയുന്നു. നറുക്കെടുപ്പ് കഴിഞ്ഞപ്പോൾ പാലക്കാട്, കണ്ണൂർ തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് ഏജൻസിയിലേക്ക് വിളിച്ച് ടിക്കറ്റുകൾ കളർ പകർപ്പാണെന്ന് അറിയിച്ചു. തുടർന്ന് ലക്കി സെന്റർ ഉടമ സുഭാഷ് ചന്ദ്രബോസ് പോലീസിൽ പരാതി നൽകിയപ്പോഴാണ് തട്ടിപ്പിനെക്കുറിച്ചറിഞ്ഞത്.
അന്വേഷണത്തിൽ ലക്കി സെന്ററിൽനിന്ന് വിൽപ്പന നടത്തിയ XH 107154 എന്ന ടിക്കറ്റിന്റെയും പത്തനാപുരം പുന്നലയിലുള്ള ലോട്ടറിക്കടയിൽനിന്ന് വിൽപ്പന നടത്തിയ XE 134183 എന്ന ടിക്കറ്റിന്റെയും കളർ പകർപ്പുകൾ വിൽപ്പന നടത്തിയിട്ടുണ്ടെന്ന് തെളിഞ്ഞു.
തുടർന്ന് എസ്.എച്ച്.ഒ. ടി.രാജേഷ്‌കുമാർ, എസ്.ഐ.മാരായ അജികുമാർ, എം.എസ്.അനീഷ്, പ്രമോദ്, എസ്.സി.പി.ഒ. ശബരി എന്നിവരുടെ നേതൃത്വത്തിൽ വിശദമായ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. വ്യാജ ലോട്ടറി നിർമിക്കാൻ പ്രതിയെ മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് എസ്.എച്ച്.ഒ. അറിയിച്ചു.
Content Highlights: Lottery shop owner in Punalur was arrested for selling color copies of Christmas-New Year bumper
Published: 15 Feb 2025, 07:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented