കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ ഏറെ കോളിളിക്കം സൃഷ്ടിച്ച പൊള്ളാച്ചി കൂട്ടബലാത്സംഗക്കേസിലെ പ്രതികള്‍ക്കുള്ള ശിക്ഷ മാതൃകാപരമെന്നു ജനം. 2019 ഫെബ്രുവരി 24-ന് രജിസ്റ്റര്‍ചെയ്ത കേസ് സിബിസിഐഡിക്കും പിന്നീട് സിബിഐക്കും വിട്ടതോടെയാണ് പ്രതികളെ പിടികൂടിയത്. പ്രതികളുടെ രാഷ്ട്രീയബന്ധവും സ്വാധീനവുംമൂലം കേസ് അട്ടിമറിക്കപ്പെടുമോ എന്ന ആശങ്ക പടര്‍ന്നിരുന്നു. ഒൻപതു പ്രതികൾക്കും ജീവപര്യന്തം തടവുശിക്ഷയാണ് വിധിച്ചത്.

To advertise here,

മുഖ്യപ്രതിയായ ശബരിരാജനും അണ്ണാ ഡിഎംകെ വിദ്യാര്‍ഥി വിഭാഗം നേതാവായ അരുളാനന്ദവും അറസ്റ്റിലായതോടെ കേസ് അട്ടിമറിക്കപ്പെടുമോ എന്ന ആശങ്ക ഉയര്‍ന്നിരുന്നു. ഈ സമയത്താണ് അന്നത്തെ മുഖ്യമന്ത്രി എടപ്പാടി പഴനിസ്വാമി കേസ് സിബിഐക്കു കൈമാറുന്നത്. ഇതോടെ അന്വേഷണത്തിനു വേഗം കൂടുകയും പീഡനത്തിനിരയായ എട്ടുപേര്‍ പരാതിയുമായി രംഗത്തെത്തുകയും ചെയ്തു. തുടര്‍ന്നാണ് ഒന്‍പത് പ്രതികളെയും അറസ്റ്റ് ചെയ്യുന്നത്.

പ്രണയം നടിച്ചും വാഗ്ദാനം നല്‍കിയും മുഖ്യപ്രതി ശബരിരാജന്‍ സാമൂഹികമാധ്യമത്തിലൂടെയും അല്ലാതെയും പെണ്‍കുട്ടികളെ വശത്താക്കിയശേഷം കൂട്ടുകാര്‍ക്കൊപ്പം പീഡിപ്പിക്കുകയായിരുന്നുവെന്നാണു കേസ്. തുടര്‍ന്ന്, പീഡനദൃശ്യം വീഡിയോയില്‍ പകര്‍ത്തി അതുകാണിച്ച് വീണ്ടും പലരെയും പീഡനത്തിനിരയാക്കിയെന്നും പറയുന്നു. പ്രതിയായ തിരുനാവുക്കരശിന്റെ ചിന്നപ്പപാളയത്തുള്ള ഫാം ഹൗസില്‍ കൊണ്ടുവന്നാണ് പലരെയും പീഡിപ്പിച്ചതെന്നും പ്രോസിക്യൂഷന്‍ കേസില്‍ പറയുന്നു.

വിദ്യാര്‍ഥിനികളും വിവാഹിതരായ യുവതികളും ഇവരുടെ ചതിയില്‍പെട്ടിരുന്നു. 2016-നും 2018-നും ഇടയിലാണ് പീഡനങ്ങള്‍ നടന്നത്. പ്രതികളുടെ സ്വാധീനവും മറ്റും കാരണം ആരും പരാതി പറയാന്‍ രംഗത്തുവന്നില്ല. എന്നാല്‍, 2019 ഫെബ്രുവരിയില്‍ 19 വയസുള്ള കോളേജ് വിദ്യാര്‍ഥിനി പൊള്ളാച്ചി ഈസ്റ്റ് പോലീസില്‍ പരാതിയുമായി എത്തിയതോടെയാണ് കേസിന്റെ വ്യാപ്തി പുറംലോകം അറിയുന്നത്. അറസ്റ്റിലായ ശബരിരാജന്റെ മൊബൈല്‍ ഫോണിലും ലാപ്ടോപ്പിലും ഒട്ടേറെ പേരെ പീഡിപ്പിക്കുന്നതിന്റെ വീഡിയോകൾ കണ്ടെത്തിയതോടെ കൂട്ടബലാത്സംഗം തെളിയുകയായിരുന്നു.

കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടും പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കാനും സംസ്ഥാനത്തൊട്ടാകെ വലിയ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. വനിതാ-രാഷ്ട്രീയ സംഘടനകളുടെയും സാമൂഹിക സംഘടനകളുടെയും നേതൃത്വത്തിലാണ് സമരങ്ങള്‍ നടന്നത്. വിദ്യാര്‍ഥികളും രംഗത്തിറങ്ങിയിരുന്നു. ഇതോടെയാണ് കേസ് സിബിഐക്കു വിട്ടത്. അതിനിടെ കേസില്‍ സാക്ഷി പറയാന്‍ എത്തുന്നവരെ പരസ്യമായി ഭീഷണിപ്പെടുത്തുന്ന സംഭവങ്ങള്‍വരെയുണ്ടായി. ഒരുഘട്ടത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ പരാതിക്കാരിയുടെ പേര് പരസ്യമായി വെളിപ്പെടുത്തി. ഇതെല്ലാം കേസന്വേഷണത്തെ ബാധിച്ചെങ്കിലും കൃത്യമായ തെളിവുകള്‍ നിരത്തി 2019 മേയില്‍ സിബിഐ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. പിന്നീട് 2021 ഓഗസ്റ്റില്‍ അന്തിമ കുറ്റപത്രവും സമര്‍പ്പിച്ചു.

അതീവ സുരക്ഷയില്‍ വിചാരണ നടപടികള്‍

മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശമനുസരിച്ച് കോയമ്പത്തൂര്‍ കോടതി സമുച്ചയത്തില്‍ ഒരു പ്രത്യേക കോടതി രൂപവത്കരിച്ചാണ് വിചാരണ തുടങ്ങിയത്.

ഇരകളുടെയും സാക്ഷികളുടെയും സ്വകാര്യതയും സുരക്ഷയും മാനിച്ച് അതീവസുരക്ഷയാണ് ഏര്‍പ്പെടുത്തിയത്.

2023 ഫെബ്രുവരി 14-ന് വിചാരണ ആരംഭിച്ചു. 40 സാക്ഷികളെ വിസ്തരിച്ചു. പലപ്പോഴും വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പ്രതികളുടെ വാദംകേട്ടത്.

സാക്ഷി പറയാന്‍ വരുന്നവര്‍ക്ക് എല്ലാവിധ സംരക്ഷണവും നല്‍കിയതോടെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. മഹിളാകോടതി ജഡ്ജി ആര്‍. നന്ദിനിദേവിയാണ് തുടക്കംമുതല്‍ വാദംകേട്ടത്.

വാദവും സാക്ഷിവിസ്താരവും പൂര്‍ത്തിയായി വിധി പറയാന്‍ തീരുമാനിച്ചഘട്ടത്തില്‍ ജഡ്ജിയെ കരൂരിലേക്ക് സ്ഥലംമാറ്റിയെങ്കിലും അവസാനം വിധിപറയാന്‍ അവര്‍തന്നെ എത്തി.

വിധിയില്‍ ആഹ്‌ളാദപ്രകടനം

കോയമ്പത്തൂര്‍: പൊള്ളാച്ചി കൂട്ടബലാത്സംഗക്കേസില്‍ ഒന്‍പതുപ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ വിധിച്ചതില്‍ ആഹ്‌ളാദം പ്രകടിപ്പിച്ച് വിവിധ സംഘടനകള്‍. വിധി പറയുന്നതു കേള്‍ക്കാന്‍ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ രാവിലെ എത്തിയിരുന്നു. വിധി പറഞ്ഞയുടന്‍ അവര്‍ എല്ലാവര്‍ക്കും മധുരം വിതരണംചെയ്തു.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കൂടിവരുന്ന കാലത്ത് കോടതി വിധി എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പാണെന്നു സംഘടന ഭാരവാഹികള്‍ പറഞ്ഞു. പൊള്ളാച്ചി ബസ് സ്റ്റാന്‍ഡിനു മുന്നില്‍ ഡിഎംകെ നടത്തിയ ആഹ്‌ളാദ പ്രകടനത്തിന് പാര്‍ട്ടി നേതാവ് തെന്‍ട്രല്‍ ശെല്‍വരാജ്, നഗരസഭാധ്യക്ഷ ശ്യാമളാ നവനീതകൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.