കൊച്ചി: സ്പായിൽ ജോലി തേടിയെത്തിയ യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ യുവതിക്ക് നിയമപരവും മാനസികവുമായ പിന്തുണ ഉറപ്പ് നൽകി മന്ത്രി ആർ. ബിന്ദു കൃഷ്ണ. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അവർ പറഞ്ഞു. കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അതിജീവിതയെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

To advertise here,

ചികിത്സയിലുള്ള യുവതി നിലവിൽ ആരോഗ്യനില വീണ്ടെടുത്തുവരികയാണെങ്കിലും ഇപ്പോഴും വലിയ മാനസികാഘാതത്തിലാണ്. തൊഴിലവസരം വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ ക്രൂരമായി ആക്രമിച്ചവർക്കെതിരെ കർശന നടപടി ഉറപ്പാക്കും. കുറ്റക്കാരെ സർക്കാർ ഒരു കാരണവശാലും വെറുതെ വിടില്ലെന്നും മന്ത്രി വ്യക്തമാക്കി.

ലഹരിക്കെതിരായ ഓപ്പറേഷൻ 'തൂഫാൻ' ഉൾപ്പെടെയുള്ള സർക്കാർ നടപടികൾ ശക്തമായി മുന്നോട്ടുപോകുന്നുണ്ട്. ലഹരിക്കെതിരായ നടപടികൾ ശക്തമായി തുടരുമ്പോഴും അതിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ചിലർ ഇപ്പോഴും മറവിൽ തുടരുന്നുണ്ടെന്നത് ഗൗരവത്തോടെ കാണേണ്ടതുണ്ടെന്നും മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.

സ്ത്രീകൾക്ക് സുരക്ഷിതമായി തൊഴിൽ തേടാനും ജോലി ചെയ്യാനും കഴിയുന്ന സാഹചര്യം സർക്കാർ ഉറപ്പാക്കും. തൊഴിൽ വാഗ്ദാനങ്ങൾ മറയാക്കി സ്ത്രീകളെ ചൂഷണം ചെയ്യുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രതയും ഇടപെടലും ശക്തമാക്കുമെന്നും മന്ത്രി ബിന്ദു കൃഷ്ണ വ്യക്തമാക്കി.