കുണ്ടറ: അയൽവാസിയെ മർദിച്ചെന്ന പരാതി അന്വേഷിക്കാനെത്തിയ എസ്‌ഐക്ക് പ്രതിയുടെ കടിയേറ്റു. കൂടെയുണ്ടായിരുന്ന സിപിഒയെ പട്ടിയെക്കൊണ്ട് കടിപ്പിച്ചു. കുണ്ടറ പോലീസ് സ്റ്റേഷനിലെ എസ്‌ഐ പി. സചിൻ ലാലിനാണ് പ്രതിയുടെ കടിയേറ്റത്.

To advertise here,

സിപിഒ എസ്. ശ്രീജിത്തിന് നായയുടെ കടിയേറ്റു. പടപ്പക്കരയിൽ വ്യാഴാഴ്ച രാത്രിയാണ് പോലീസ് സംഘത്തിനുനേരേ ആക്രമണമുണ്ടായത്. ലഹരിയിലായിരുന്ന പ്രതി പടപ്പക്കര ജിജോ സദനത്തിൽ ജിജേഷി(40)നെ പിന്നീട് എസ്‌ഐ പി. അംബരീക്ഷിന്റെ നേതൃത്വത്തിൽ കൂടുതൽ പോലീസ് എത്തി കീഴ്‌പ്പെടുത്തി. പ്രതി പോലീസ് ജീപ്പിനും നാശനഷ്ടമുണ്ടാക്കി. ജിജേഷ് മർദിച്ചതായി അയൽവാസിയായ സ്ത്രീ കുണ്ടറ പോലീസ് സ്റ്റേഷനിൽ വിളിച്ചറിയിച്ചു. രാത്രി ഒൻപതോടെ പോലീസ് അന്വേഷിച്ചെത്തുമ്പോൾ ഇയാൾ വീട്ടിലില്ലായിരുന്നു. വീടിന് ഇരുനൂറ് മീറ്ററോളം അകലെ നെല്ലിമുക്കം ഭാഗത്തെ അഷ്ടമുടിക്കായലോരത്ത് പ്രതിയെ കണ്ടെത്തി. പോലീസിനെ കണ്ടതോടെ പ്രതി അസഭ്യവർഷവും ആക്രമണവും തുടങ്ങി. എസ്‌ഐയെ ഇടിക്കുകയും തൊഴിക്കുകയും ചെയ്തു.

പിടിച്ചുമാറ്റാനുള്ള ശ്രമത്തിനിടെ സിപിഒ ശ്രീജിത്തിനെ തള്ളിയിട്ടു. ഇതിനിടെ നിലത്തുവീണ പ്രതി സചിൻ ലാലിന്റെ കാലിൽ കടിച്ചു. കണങ്കാലിന്റെ പിൻവശത്ത് ആഴത്തിൽ മുറിവേറ്റു. കടിയുടെ ശക്തിയിൽ പ്രതിയുടെ പല്ലുകളിളകി. ഇതിനിടെ പ്രതി സമീപത്തെ വീട്ടിലെ പട്ടിയെ വിളിച്ച് കടിയെടാന്ന് ആക്രോശിച്ചതോടെ നായ ഓടിയെത്തി ശ്രീജിത്തിനെയും കടിച്ചു. കടിയേറ്റ ഇരുവരും കുണ്ടറ താലൂക്ക് ആശുപത്രിയിലും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സതേടി. പോലീസിനെ ആക്രമിച്ചതിനും പൊതുമുതൽ നശിപ്പിച്ചതിനും കേസെടുത്ത് പ്രതിയെ റിമാൻഡ്‌ ചെയ്തു. പോലീസിനെ ആക്രമിച്ചതടക്കം കുണ്ടറ പോലീസ് സ്റ്റേഷന്റെ പരിധിയിൽ 12-ഓളം ക്രിമിനൽ കേസുകളാണ് പ്രതിക്കെതിരേയുള്ളതെന്ന് പോലീസ് അറിയിച്ചു.