പിറവം: മണീട് നെച്ചൂരിൽ സ്‌കൂൾ സമയം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ഒൻപതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. പെൺകുട്ടിയുടെ അവസരോചിതമായ നടപടി തുണയായി. തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം. വെട്ടിക്കലിൽ സ്വകാര്യ സ്‌കൂളിൽ പഠിക്കുന്ന പെൺകുട്ടി, സ്‌കൂൾ ബസിൽ മണീട് വൈ.എം.സി.എ. - പുത്തൻനട റോഡിൽ ചെമ്മങ്കഴിത്താഴത്ത് ഇറങ്ങി, തുടർന്ന് അടുത്തുതന്നെയുള്ള വീട്ടിലേക്ക് പോകാനായി റോഡ് കുറുകേ കടക്കുന്നതിനിടെ അടുത്തുണ്ടായിരുന്ന സ്ത്രീ മിഠായി തരാമെന്ന് പറഞ്ഞ് അടുത്തേക്ക് വിളിച്ചു.

To advertise here,

ഇത് നിരസിച്ച് മുന്നോട്ടുപോയ കുട്ടിയെ പിന്നാലെയെത്തിയ സ്ത്രീ മുടിക്ക് കുത്തിപ്പിടിച്ച് വലിച്ചുകൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടി തിരിഞ്ഞ് അവരുടെ കൈയിൽ കടിച്ച് പിടിവിടുവിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ഇതോടെ സ്ത്രീ തൊട്ടുപിന്നാലെ വന്ന ബൈക്കിൽ കയറി സ്ഥലംവിട്ടെന്നും പെൺകുട്ടി പറയുന്നു. കുട്ടി ഓടി വീട്ടിലെത്തി വിവരം പറയുകയായിരുന്നു. വീട്ടുകാർ വാർഡംഗം പി.ഐ. ഏലിയാസിനെ അറിയിച്ചു. തുടർന്ന് ഏലിയാസാണ് പിറവം പോലീസിൽ അറിയിച്ചത്.

സംഭവത്തിൽ കേസെടുത്ത പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മധ്യവയസ്‌കയാണ് മുടിയിൽ പിടിച്ചതെന്നും മഞ്ഞ നിറമുള്ള സാരിയാണ് ഇവർ ധരിച്ചിരുന്നതെന്നും പെൺകുട്ടി മൊഴി നൽകി. വൈകീട്ട് പോലീസ് സംഘം വീണ്ടും സ്ഥലത്തെത്തി സമീപത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചു.

അതേസമയം ഇത്തരത്തിലൊരു സ്ത്രീയെയും രണ്ട് പുരുഷന്മാരെയും രാവിലെ മുതൽ ആ ഭാഗങ്ങളിൽ കണ്ടിരുന്നതായി ഓട്ടോ തൊഴിലാളികൾ പറഞ്ഞു.