ബാങ്കോക്ക്: തായ്‌ലൻഡിൽ മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ അഞ്ച് ഇന്ത്യൻ പൗരന്മാരെ തായ് പോലീസ് അറസ്റ്റ് ചെയ്തു. അവതാർ സിങ് (38), ജഗ്ജിത് സിങ് (38), റാംബാലക് കുമാർ (24), സുഖ്ബീർ സിങ് (37), കുൽറ സിങ് (27) എന്നിവരാണ് പിടിയിലായത്. ഒരുമാസം മുമ്പ് പരിചയപ്പെട്ട പാകിസ്താൻ പൗരന്റെ നിർദ്ദേശപ്രകാരമാണ് തങ്ങൾ ഇത് ചെയ്തതെന്ന് ഇവർ സമ്മതിച്ചു.

To advertise here,

രാജ്യം വിടാൻ ശ്രമിക്കുന്നതിനിടയിൽ ബാങ്കോക്കിലെ ഒരു ഹോട്ടലിൽ നിന്നാണ് പ്രതികൾ പിടിയിലായതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുറഞ്ഞ ചെലവിലുള്ള യാത്രാപാക്കേജിന്റെ പേരിൽ തായ്‌ലൻഡിലേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് ഇരകളെ ഇവർ തടവിലാക്കുകയും പിന്നീട് മോചനദ്രവ്യം ആവശ്യപ്പെടുകയും െചയ്തതെന്ന് പോലീസ് വ്യക്തമാക്കി.

ഓൺലൈൻവഴി പരിചയപ്പെട്ട പാകിസ്താൻ പൗരനാണ് ഇന്ത്യൻ യുവാക്കളെ തട്ടിക്കൊണ്ടുപോകാൻ നിർദ്ദേശം നൽകിയതെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു. ദുബായിൽ പ്രവർത്തിച്ചിരുന്ന ഇയാളാണ് ഇതിന്റെ സൂത്രധാരനെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. ഇരകളിൽനിന്ന് ക്രിപ്‌റ്റോകറൻസിയിലൂടെ പണം തട്ടിയെടുക്കാനായിരുന്നു ലക്ഷ്യം.

കുറഞ്ഞ ചെലവിൽ ടൂർ പാക്കേജ് വാഗ്ദാനംചെയ്ത സംഘം, യുവാക്കളെ തട്ടിക്കൊണ്ടുപോയി പട്ടായയിലെ ഒരു വീട്ടിൽ ഒരാഴ്ചയോളം ബന്ദികളാക്കി പീഡിപ്പിക്കുകയായിരുന്നു. ഇന്ത്യയിലുള്ള കുടുംബാംഗങ്ങൾ നൽകിയ വിവരത്തെത്തുടർന്ന് തായ് പോലീസ് നടത്തിയ പരിശോധനയിൽ തിങ്കളാഴ്ചയാണ് ഇവരെ രക്ഷപ്പെടുത്തിയത്. 23-നും 26-നും ഇടയിൽ പ്രായമുള്ള യുവാക്കളാണ് തട്ടിപ്പിന് ഇരയായത്.