അടൂർ: കുട്ടികളെ ലക്ഷ്യമിട്ടുള്ള തട്ടിക്കൊണ്ടുപോകൽ ശ്രമങ്ങൾ ആവർത്തിക്കുമ്പോൾ ആശങ്കയിൽ നാട്ടുകാർ. സെപ്റ്റംബർ 30-ന് പന്നിവിഴയിൽ സ്കൂൾ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന പരാതിയിൽ അന്വേഷണം വഴിമുട്ടിയിരുന്നു. ഇതിനുപിന്നാലെ ഒക്ടോബർ 26-ന് പഴകുളത്ത് രണ്ട് പെൺകുട്ടികളെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായുള്ള പരാതികൂടി ഉയർന്നതോടെ ആശങ്ക ഇരട്ടിയായി.

To advertise here,

അടൂരിലെ സ്വകാര്യ എയ്ഡഡ് സ്കൂളിൽ അഞ്ചാംക്ലാസിൽ പഠിക്കുന്ന പന്നിവിഴ സ്വദേശിയായ വിദ്യാർഥിയാണ് സെപ്റ്റംബറിൽ തട്ടിക്കൊണ്ടുപോകൽ ശ്രമത്തിനിരയായതായി പരാതി നൽകിയത്. വൈകീട്ട് ആറിന് ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ വാനിലെത്തിയ സംഘം കുട്ടിയെ വാഹനത്തിൽ കയറ്റിയെന്നാണ് മൊഴി. തുടർന്ന് ഏതോ ലായനി പുരട്ടിയ തുണി മൂക്കിൽ അമർത്തിയെന്നും ബഹളംവെച്ചതോടെ വഴിയിൽ ഉപേക്ഷിച്ചെന്നുമാണ് വിദ്യാർഥി പോലീസിനോട് പറഞ്ഞത്.

സംഭവത്തിൽ പോലീസ് സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും നിർണായക തുമ്പൊന്നും ലഭിച്ചില്ല. കുട്ടിയെ വാഹനത്തിൽ കയറ്റിയതും ഇറക്കിവിട്ടതുമായ സമയങ്ങളിലെ ദൃശ്യങ്ങൾ പരിശോധിച്ചതിൽ സംശയാസ്പദമായി ഒരു വാഹനത്തിന്റെ സാന്നിധ്യം കണ്ടെത്താനായി. എന്നാൽ തുടർനടപടികളിൽ കാര്യമായ പുരോഗതിയുണ്ടായില്ലെന്നാണ് വിവരം.

ഇതിനിടെയാണ് ഇപ്പോൾ പഴകുളത്ത് രണ്ട് പെൺകുട്ടികളെ കാറിലെത്തിയവർ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായുള്ള പരാതി ഉയർന്നത്. രണ്ട് സംഭവങ്ങളിലും കുട്ടികളുടെ പ്രായവും വൈകീട്ടുള്ള സമയവും ശ്രദ്ധേയമാണ്. എന്നാൽ സംഭവങ്ങൾ തമ്മിൽ ബന്ധമുണ്ടോയെന്ന് വ്യക്തമല്ല.

കനാൽ റോഡുകൾ; ആശങ്കയേറുന്നു

പന്നിവിഴയിലും പഴകുളത്തും കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതിയുള്ള സംഭവങ്ങൾ കനാൽ റോഡുകൾ കേന്ദ്രീകരിച്ചാണെന്നതും ആശങ്ക വർധിപ്പിക്കുന്നു. ഇത്തരം റോഡുകളിൽ സി.സി.ടി.വി. ക്യാമറകൾ കുറവായിരിക്കുന്നത് അക്രമികൾക്ക് തുണയാകുന്നുണ്ടോയെന്ന സംശയവും ഉയരുന്നു. ഒരു സംഭവത്തിലെ അന്വേഷണം എങ്ങുമെത്താതെ നിൽക്കുമ്പോൾ സമാനമായ മറ്റൊരു പരാതികൂടി ഉയർന്നതോടെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനും സംഭവങ്ങളുടെ പിന്നിലെ യാഥാർഥ്യം കണ്ടെത്താനും പോലീസ് അന്വേഷണം ഊർജിതമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.