ലിമ: കുട്ടികളെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികളെ രാസ ഷണ്ഡീകരണത്തിന് വിധേയരാക്കാനുള്ള നിയമം നടപ്പാക്കാനൊരുങ്ങി പെറു. ഇതുസംബന്ധിച്ച ബില്‍ ഉടന്‍ തന്നെ അവതരിപ്പിക്കുമെന്ന് രാജ്യത്തെ മന്ത്രിമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. കുട്ടികളെ ബലാത്സംഗം ചെയ്തവര്‍ക്ക് അധികശിക്ഷയായാണ് ഷണ്ഡീകരണത്തെ കണക്കാക്കുന്നതെന്ന് നിയമകാര്യ മന്ത്രി ഫെലിക്‌സ് കെറോയും വ്യക്തമാക്കി.
ദിവസങ്ങള്‍ക്ക് മുമ്പ് മൂന്നുവയസ്സുകാരി ബലാത്സംഗത്തിനിരയായ സംഭവത്തില്‍ രാജ്യത്ത് വലിയ പ്രതിഷേധങ്ങളുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് കുട്ടികളെ ബലാത്സംഗം ചെയ്തവരെ ഷണ്ഡീകരണത്തിന് വിധേയരാക്കാനുള്ള നിയമം നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചത്. ജയില്‍ശിക്ഷയ്‌ക്കൊപ്പം പ്രതികളെ ഷണ്ഡീകരണത്തിന് കൂടി വിധേയരാക്കുന്നതാകും പുതിയ നിയമം. ശിക്ഷാകാലാവധിയുടെ അവസാനമായിരിക്കും ഇത് നടപ്പിലാക്കുക. ഇതുസംബന്ധിച്ച ബില്ലിന് പ്രസിഡന്റ് പെഡ്രോ കാസ്റ്റിലോയും പിന്തുണ അറിയിച്ചിട്ടുണ്ട്. കുട്ടികളെ ബലാത്സംഗം ചെയ്യുന്നവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.
അതേസമയം, പുതിയ നിയമം നിലവില്‍ വരണമെങ്കില്‍ പെറു കോണ്‍ഗ്രസില്‍ പുതിയ ബില്‍ പാസാകണം. ഇതിനിടെ, ഷണ്ഡീകരണത്തിന് ബദലായി പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നത് അടക്കമുള്ള നിര്‍ദേശങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. മാത്രമല്ല, ആരോഗ്യമന്ത്രി ജോര്‍ജ് ലോപ്പസും പുതിയ ബില്ലിനെ വിമര്‍ശിച്ച് രംഗത്തെത്തി. രാജ്യത്തെ വനിതാ സംഘടനകളും പുതിയ നിര്‍ദേശത്തില്‍ വിമര്‍ശം ഉന്നയിച്ചിട്ടുണ്ട്. ലൈംഗികാതിക്രം എന്താണെന്ന് ഭരണകൂടം മനസിലാക്കാത്തതില്‍ തങ്ങള്‍ക്ക് ദുഃഖമുണ്ടെന്നായിരുന്നു വനിതാ നേതാവായ ഫ്‌ളോറ ട്രിസ്റ്റന്റെ പ്രതികരണം. നിയമനടപടികള്‍ വേഗത്തിലാക്കാനുള്ള നീക്കങ്ങളാണ് ആവശ്യം. ഇതിനൊപ്പം അതിക്രമങ്ങള്‍ ചെറുക്കാനുള്ള നടപടികള്‍ ശക്തമാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
2018-ലും ബലാത്സംഗ കേസിലെ പ്രതികളെ ഷണ്ഡീകരണത്തിന് വിധേയരാക്കുന്ന നിയമം നടപ്പാക്കുന്നത് സംബന്ധിച്ച് പെറുവില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. 14 വയസ്സിന് താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്തവരെ മരുന്ന് ഉപയോഗിച്ച് ഷണ്ഡീകരണത്തിന് വിധേയരാക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഇതുസംബന്ധിച്ച് ചര്‍ച്ചകളുണ്ടായെങ്കിലും നിയമം നടപ്പിലായില്ല.
Content Highlights: peru plans law for chemical castration as a penalty for raping minor
Published: 21 Apr 2022, 11:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented