പേരാമ്പ്ര: ഒരു സ്ത്രീയുടെ ഉച്ചത്തിലുള്ള നിലവിളികേട്ടാണ് ജീവനക്കാരും സമീപവാസികളും ചെറുവണ്ണൂര്‍ ആയുര്‍വേദ ആശുപത്രിയിലെ സ്ത്രീകളുടെ വാര്‍ഡിലേക്ക് ഓടിയെത്തുന്നത്. അപ്പോള്‍ ബാത്ത്റൂമിലേക്ക് ഓടിക്കയറി വെള്ളം ശരീരത്തിലേക്ക് കോരിയൊഴിക്കുകയായിരുന്നു പ്രവിഷ. മുഖവും നെഞ്ചും ആസിഡ് വീണ് പാടെ പൊള്ളിയിരുന്നു. അവര്‍ വേദനകൊണ്ട് പുളയുന്നതുകണ്ട് അവിടെയെത്തിയവരും കുറെ വെള്ളമൊഴിച്ചുനല്കി.
നിലവിളികേട്ട് ഓടിവരുമ്പോള്‍ ഒരാള്‍ ആശുപത്രിയില്‍നിന്ന് ഓടുന്നതാണ് ആദ്യം കണ്ടതെന്ന് ആശുപത്രിക്ക് മുന്‍വശത്ത് താമസിക്കുന്ന വലിയപറമ്പില്‍ ലിതിന് പറഞ്ഞു. പ്രതി പ്രശാന്ത് വന്ന സ്കൂട്ടര്‍ റോഡില്‍ പോകാനായി തിരിച്ചുനിര്ത്തിയിരുന്നു. പിന്‍വശത്തുകൂടി മതില്‍ച്ചാടി പുറത്തുകടന്ന് സ്കൂട്ടറില്‍ കയറി അയാള്‍ ഉടനെ രക്ഷപ്പെടുകയും ചെയ്തു.
രാവിലെ തൊഴിലുറപ്പ് തൊഴിലാളികളും ആശുപത്രിസമീപത്ത് ജോലിചെയ്യുന്നുണ്ടായിരുന്നു. ആസിഡ് ആക്രമണം നടത്തി സ്കൂട്ടറില്‍ രക്ഷപ്പെടുകയായിരുന്ന പ്രതി പ്രശാന്തിനോടുതന്നെയാണ് ഇവരെല്ലാം എന്താണ് സംഭവമെന്ന് അന്വേഷിച്ചത്. ആശുപത്രിയില്‍ എന്തോ പ്രശ്നമാണെന്നായിരുന്നു മറുപടി. ഉടനെ തൊഴിലാളികളും ഇവിടേക്ക് ഓടിയെത്തി.
ലിതിന് വേഗം വീട്ടിലുള്ള കാര്കൊണ്ടുവന്ന് പ്രവിഷയെ കയറ്റി ആയുര്‍വേദ ആശുപത്രി ജീവനക്കാര്‍ക്കൊപ്പം പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് കുതിച്ചു. വളരെ പെട്ടെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കാന്‍ സാധിച്ചതുകൊണ്ട് വേഗത്തില്‍ ചികിത്സനല്‍കാനും കഴിഞ്ഞു. പ്രവിഷയുടെ അമ്മവീട് ചെറുവണ്ണൂരിലാണ്. ചെറുവണ്ണൂര്‍ ആയുര്‍വേദ ആശുപത്രി ചികിത്സയ്ക്കായി തിരഞ്ഞെടുക്കാന്‍ ഇതും കാരണമായി. ചെറുപ്പംമുതലേ അമ്മവീടിന് അടുത്തുള്ളവര്‍ക്കെല്ലാം പ്രവിഷയെ പരിചയവമുണ്ട്.
ഗ്രാമപ്രദേശത്ത് ഒരിക്കലും കേട്ടുകേള്വിയില്ലാത്തതരത്തിലുള്ള ആസിഡ് ആക്രമണ വാര്‍ത്തകേട്ട് നാട്ടുകാരെല്ലാം നടുക്കത്തിലാണ്. പ്രവിഷയെ കൂടാതെ സ്ത്രീകളുടെ വാര്‍ഡില്‍ സംഭവം നടക്കുമ്പോള്‍ രണ്ടുരോഗികള്‍ കൂടിയുണ്ടായിരുന്നു. അവരെല്ലാം പ്രവിഷയുടെ നിലവിളികേട്ടാണ് ആക്രമണം നടന്ന കാര്യം മനസ്സിലാക്കുന്നത്. ആക്രമണം നടന്ന ആശുപത്രി വരാന്ത പോലീസ് ഉടനെ സീല്‍ചെയ്തു. വൈകീട്ട് സയന്റിഫിക് സംഘം സ്ഥലം പരിശോധിച്ചു. ആസിഡ് കൊണ്ടുവന്ന സ്റ്റീല്‍കുപ്പി ആശുപത്രിയുടെ പുറകില്‍ വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തി.
ഞായറാഴ്ച രാവിലെ 9.30-ഓടെയാണ് ചെറുവണ്ണൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയില്‍ക്കഴിയുകയായിരുന്ന യുവതിക്കുനേരേ മുന്‍ഭര്‍ത്താവ് ആസിഡ് ആക്രമണം നടത്തിയത്. നടുവണ്ണൂര്‍ കൂട്ടാലിട പൂനത്ത് കാരടിപറമ്പില്‍ പ്രവിഷയുടെ (29) മുഖത്തും നെഞ്ചിനും പുറത്തുമാണ് പൊള്ളലേറ്റത്.
പ്രവിഷ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. സംഭവത്തിനുശേഷം സ്കൂട്ടറില്‍ രക്ഷപ്പെട്ട മുന്‍ഭര്‍ത്താവ് നടുവണ്ണൂര്‍ തിരുവോട് കാരടിപറമ്പില്‍ പ്രശാന്ത് (36) മേപ്പയ്യൂര്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ലഹരിക്കടിമയാണ് പ്രശാന്തെന്നാണ് പ്രവിഷയുടെ കുടുംബം പറയുന്നത്.
നടുവേദനയ്ക്ക് ചികിത്സയ്ക്കായി 18-നാണ് പ്രവിഷ ആശുപത്രിയിലെത്തിയത്. ഒരുകാര്യം സംസാരിക്കാനുണ്ടെന്നുപറഞ്ഞ് പ്രശാന്ത് വാര്‍ഡിനുമുന്നിലെ വരാന്തയിലേക്ക് പ്രവിഷയെ വിളിക്കുകയായിരുന്നു. കൈയില്‍ സ്റ്റീല്‍കുപ്പിയില്‍ കരുതിയിരുന്ന ആസിഡ് പ്രവിഷയുടെ മുഖത്തേക്കും ശരീരത്തിലേക്കും ഒഴിച്ചു. പൊള്ളലേറ്റ് നിലവിളിയോടെ പിന്തിരിഞ്ഞോടവേ ശരീരത്തിന്റെ പിന്‍ഭാഗത്തേക്കും ആസിഡൊഴിച്ചു. രക്ഷപ്പെടാനായി വാര്‍ഡിലെ ബാത്ത്റൂമിലേക്ക് പ്രവിഷ ഓടിക്കയറി.
ഈസമയം പ്രശാന്ത് റോഡരികില്‍ നിര്‍ത്തിയ സ്കൂട്ടറില്‍ രക്ഷപ്പെട്ടു. ആശുപത്രി ജീവനക്കാരും ഓടിയെത്തിയവരും പ്രവിഷയെ ഉടനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചു. ശരീരത്തിന്റെ 20 ശതമാനത്തോളം ഭാഗത്ത് പൊള്ളലേറ്റതായും അപകടനില തരണംചെയ്തതായുമാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്. മാറാട് കോടതി മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി പ്രവിഷയുടെ മൊഴി രേഖപ്പെടുത്തി.
മൂന്നുവര്‍ഷം മുന്‍പാണ് കുടുംബക്കോടതിവഴി ഇവര്‍ ബന്ധം വേര്‍പിരിഞ്ഞത്. ഇവരുടെ രണ്ട് ആണ്‍കുട്ടികള്‍ അച്ഛനൊപ്പമാണ്. ഒരുവര്‍ഷം മുന്‍പ് വീട്ടില്‍ക്കയറി പ്രവിഷയെയും അമ്മയെയും അടിച്ച് പരിക്കേല്‍പ്പിച്ചതിന് പ്രശാന്തിനെതിരേ ബാലുശ്ശേരി പോലീസ് കേസെടുത്തിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയായുണ്ടായ നടുവേദനയ്ക്കാണ് ആയുര്‍വേദചികിത്സ നടത്തിയതെന്നും പറയുന്നു. രണ്ടുദിവസം മുന്‍പ് പ്രശാന്ത് പ്രവിഷയെ കാണാനെത്തിയിരുന്നു. കണ്ണൂരിലെ സ്വകാര്യാശുപത്രിയില്‍ ജീവനക്കാരിയാണ് പ്രവിഷ. പ്രശാന്ത് തൃശ്ശൂരില്‍ ടാക്സി ഡ്രൈവറാണ്.
Content Highlights: Cheruvannur shocked as it heard first acid attack in village
Published: 24 Mar 2025, 08:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented