പന്തീരാങ്കാവ്: അങ്ങാടിയിലെ സൗപർണിക ജൂവലറിയിൽ മുളക് സ്േപ്ര ഉപയോഗിച്ച് പട്ടാപ്പകൽ കവർച്ചാശ്രമം നടത്തിയ യുവതിയെ നാട്ടുകാർ പിടികൂടി. പെരുവയൽ പരിയങ്ങാട് തടായി മേലേ മേത്തലേടം സൗദാബിയാണ് (47) പിടിയിലായത്.
വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് അങ്ങാടിയിലെ തിരക്കേറിയ ഭാഗത്തുള്ള ജൂവലറിയിൽ യുവതി സ്വർണാഭരണം വാങ്ങാനെന്നരീതിയിൽ എത്തിയത്. ജൂവലറി ഉടമ മുട്ടഞ്ചേരി രാജൻ സ്വർണാഭരണം എടുക്കാൻ ഉൾവശത്തുള്ള സ്റ്റോർറൂമിലേക്ക് കടന്നതോടെ സഞ്ചിയിൽ കരുതിയ മുളക് സ്‌പ്രേയുമായി യുവതിയും ഉള്ളിലേക്ക് കടക്കുകയും സ്‌പ്രേ അടിക്കുകയുമായിരുന്നു.
അപ്രതീക്ഷിതമായ ആക്രമണത്തിൽ ആദ്യം പകച്ചുപോയ ഉടമ, മോഷണശ്രമം ആണെന്ന് മനസ്സിലായതോടെ പ്രതിരോധിച്ചു. ഇരുവരും തമ്മിലുണ്ടായ മൽപ്പിടിത്തത്തിനിടെ രണ്ടുപേരും കടയ്ക്കുപുറത്തെത്തി. ഇതിനിടെ ബഹളംകേട്ട് ഓടിയെത്തിയ അടുത്ത കടകളിലും പരിസരത്തുമുള്ളവർ ചേർന്ന് യുവതിയെ ബലംപ്രയോഗിച്ച് കീഴ്‌പ്പെടുത്തി.
ഇതിനിടെ യുവതി സ്വന്തംശരീരത്തിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യാഭീഷണി മുഴക്കി. തുടർന്ന്, പന്തീരാങ്കാവ് പോലീസെത്തി യുവതിയെ കസ്റ്റഡിയിലെടുത്തു.
ആഴ്ചകൾക്കുമുൻപ് ഈ യുവതി ജൂവലറിയിൽ പലതവണ സ്വർണം വാങ്ങാനെന്നപേരിൽ വന്നിരുന്നുവെന്ന് ഉടമ രാജൻ പറഞ്ഞു. അപ്പോഴെല്ലാം കൂടെയുണ്ടായിരുന്ന ആൾ പണവുമായി എത്തിയില്ലെന്നുപറഞ്ഞ് ഇവർ തിരികെപ്പോവുകയായിരുന്നു.
സംശയം ഒന്നും തോന്നാതിരുന്നതിനാലാണ് ആഭരണമെടുക്കാൻ ഉള്ളിലേക്ക് പോയതെന്നും ആക്രമണം തികച്ചും അപ്രതീക്ഷിതമായിരുന്നുവെന്നും രാജൻ പറഞ്ഞു. യുവതിയുമായുള്ള ബലപ്രയോഗത്തിൽ ജൂവലറി ഉടമയ്ക്ക് പരിക്കുണ്ട്. കവർച്ചാശ്രമത്തിന് യുവതിയുടെ പേരിൽ കേസെടുത്തു.
Content Highlights: Pantheerankavu Jewelry Robbery Attempt Foiled by Alert Locals and Owner
Published: 21 Nov 2025, 08:45 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented