തിരുവനന്തപുരം: ഷാർജയിൽ നിന്ന് തിരുവനന്തപുരത്തെത്തിയ ദമ്പതിമാരെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്നതായി പരാതി. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നാണ് മൂന്നംഗ സംഘം ദമ്പതികളെ തട്ടിക്കൊണ്ടുപോയത്. ഇവരുടെ പക്കൽ നിന്നും സ്വർണം തട്ടിയെടുത്തശേഷം ചേർത്തലയിൽ ഇറക്കിവിടുകയായിരുന്നു. പിന്നാലെ മറ്റൊരു സംഘം സ്വർണം ആവശ്യപ്പെട്ട് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതോടെയാണ് ദമ്പതികൾ വലിയതുറ പോലീസിൽ പരാതി നൽകിയത്.

To advertise here,

ഈ മാസം 17 നായിരുന്നു സംഭവം. സുഹൃത്ത് വഴി ദുബായിൽവെച്ച് പരിചയപ്പെട്ടയാൾ മറ്റൊരാൾക്ക് നൽകാനായി ഏഴര പവൻ സ്വർണം ദമ്പതികളുടെ കൈയിൽ കൊടുത്തുവിട്ടിരുന്നുവെന്നാണ് പറയുന്നത്. രണ്ട് വളകൾ, മാല, മോതിരം ഉൾപ്പെടെയുള്ള ആഭരണങ്ങളാണ് നൽകിയത്. തിരുവനന്തപുരം വിമാനത്താവളത്തിൽ മെഹ്റൂഫ് എന്നയാൾ എത്തി സ്വർണം വാങ്ങുമെന്നായിരുന്നു ഇവരോട് പറഞ്ഞിരുന്നത്. സ്വർണം എത്തിക്കുന്നതിനുവേണ്ടി ഒരു ലക്ഷം രൂപയും ദുബായിൽ നിന്നും തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റും വാഗ്ദാനം നൽകി.

വിദേശത്തുനിന്നും സ്വർണം കൊണ്ടുവന്ന ദമ്പതികളുടെ ഫോട്ടോ സഹിതം ദുബായിൽ നിന്നും സംഘം തിരുവനന്തപുരത്ത് കൈമാറിയിരുന്നു. എന്നാൽ തിരുവനന്തപുരത്തെത്തിയ ദമ്പതികളെ മെഹ്റൂഫ് ആണെന്ന് പരിചയപ്പെട്ട മറ്റൊരു സംഘം തട്ടിക്കൊണ്ടുപോയി സ്വർണാഭരണങ്ങൾ കവരുകയായിരുന്നു.

ചെക്കിങ് കഴിഞ്ഞ് രാവിലെ 5.45 ഓടെ പുറത്തിറങ്ങിയപ്പോൾ മെഹ്റൂഫിന്റെ ആളാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ആൾ വന്ന് വീട്ടിൽ ആക്കിത്തരാമെന്ന് പറഞ്ഞ് ദമ്പതികളെ കാറിൽ കയറ്റി കൊണ്ടുപോയി. തുടർന്ന് ഇവരെ ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങൾ തട്ടിയെടുത്തശേഷം ചേർത്തലയിൽ ഇറക്കിവിട്ടു. സ്വർണം വാങ്ങുമെന്ന് ഏറ്റിരുന്ന സംഘം ദമ്പതികളെ കാത്ത് വിമാനത്താവളത്തിന്റെ പുറത്തുനിന്നെങ്കിലും കാണാൻ കഴിയാതെ വന്നതോടെ ദമ്പതികളുടെ അഡ്രസ്സ് തിരക്കി വീട്ടിലെത്തി ബഹളം ഉണ്ടാക്കുകയും ചെയ്തു.

വാഗ്ദാനം ചെയ്ത വിമാന ടിക്കറ്റ് ലഭിച്ചുവെങ്കിലും പണം ലഭിച്ചില്ല എന്നാണ് ദമ്പതികൾ പറയുന്നത്. ഈ മാസം 25-ന് ദമ്പതികൾ പോലീസിൽ പരാതി നൽകുകയായിരുന്നു. നഗരത്തിലെ സിസി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചു കൂടുതൽ തെളിവുകൾ ശേഖരിക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്.