
പാലക്കാട്: പെരിങ്ങോട്ടുകുറിശ്ശി കുന്നത്തുപറമ്പിലെ സ്വർണക്കടയിൽ കഴിഞ്ഞദിവസം നടന്ന തോക്കുചൂണ്ടിയുള്ള കവർച്ചയിൽ 43 പവൻ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചു. വിപണിയിൽ ഏതാണ്ട് 41 ലക്ഷം രൂപ വിലമതിക്കുന്ന മോതിരം, വളകൾ, നെക്ലേസ് തുടങ്ങിയ സ്വർണാഭരണങ്ങളാണ് കൊള്ളയടിക്കപ്പെട്ടത്.
ഷൊർണൂർ ഡിവൈ.എസ്.പി കെ.സി. വിനുവിന്റെ നേതൃത്വത്തിലുള്ള 31 അംഗ ജംബോ പോലീസ് ടീമാണ് കേസ് അന്വേഷിക്കുന്നത്.
കോട്ടായി-പെരിങ്ങോട്ടുകുറുശ്ശി റോഡിൽ സ്ഥിതിചെയ്യുന്ന ‘ഇഷാൻ ഗോൾഡ്’ എന്ന കടയിലാണ് മോഷണം നടന്നത്. കടയുടമ കെ.വി. സനാദിന്റെ വീടിന് മുന്നിലെ ഒറ്റമുറിയിൽ കഴിഞ്ഞ 12 വർഷമായി പ്രവർത്തിക്കുന്ന ജൂവലറിയാണിത്. സനാദ് ഉച്ചഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് പോയ സമയം നോക്കിയാണ് സംഘം കവർച്ച നടത്തിയത്. ഉച്ചയ്ക്ക് 2.37-ന് കടയിൽ കയറിയ സംഘം കൃത്യം രണ്ട് മിനിറ്റിനുള്ളിൽ സ്വർണവുമായി പുറത്തിറങ്ങുകയായിരുന്നു. മുൻപ് കട സന്ദർശിച്ച് വിവരങ്ങൾ ശേഖരിക്കുകയോ പ്രാദേശികമായി സഹായം ലഭിക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
വെള്ളിയാഴ്ച കസ്റ്റമർ എന്ന വ്യാജേന എത്തിയ ഇതര സംസ്ഥാനക്കാരായ സംഘം, വനിതാ ജീവനക്കാരിയോട് ഒരു പവന്റെ മാല കാണിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതര സംസ്ഥാനക്കാർ സാധാരണ ഒരു പവന്റെ മാല വാങ്ങാൻ വരാത്തതിനാൽ സംശയം തോന്നിയ ജീവനക്കാരി സനാദിനെ വിളിക്കാൻ വീട്ടിലേക്ക് പോയി. ഈ സമയം തോക്കും കത്തിയുമെടുത്ത് സംഘം കടയിലുണ്ടായിരുന്നവരെ ഭീഷണിപ്പെടുത്തി. ബഹളം കേട്ട് ആദ്യമെത്തിയ സനാദിന്റെ ഭാര്യ ശ്രീവിദ്യയും ജീവനക്കാരി ബിബിതയും സ്റ്റൂളും കസേരയും ഉപയോഗിച്ച് കൊള്ളക്കാരെ ചെറുത്തുതോൽപ്പിക്കാൻ ശ്രമിച്ചു.
ഇതിനിടെ ഭയപ്പെടുത്താനായി മോഷ്ടാക്കളിലൊരാൾ തോക്കെടുത്ത് മുകളിലേക്ക് വെടിയുതിർത്തു. ശബ്ദം കേട്ട് സനാദും മകനും ഓടിയെത്തി പ്രതിരോധിക്കാൻ നോക്കിയെങ്കിലും സ്വർണാഭരണങ്ങളുമായി സംഘം കടന്നുകളഞ്ഞു. ഇതിനിടയിലെ പിടിവലിയിൽ ഒരു ട്രേ താഴെ വീഴുകയും മോഷ്ടാക്കളിലൊരാളുടെ കൈമുറിഞ്ഞ് രക്തത്തുള്ളികൾ കടയ്ക്കുള്ളിൽ വീഴുകയും ചെയ്തിരുന്നു.
കടയ്ക്കുള്ളിൽ കയറിയ മൂന്നുപേർക്ക് പുറമേ, നാലാമതൊരാൾ കാർ സ്റ്റാർട്ടാക്കി നിർത്തി പുറത്തുണ്ടായിരുന്നു. സ്വർണവുമായി കാറിൽ രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തെ അയൽവാസികളായ ഹനീഫയും മകൻ കുഞ്ഞുമുഹമ്മദും തടയാൻ ശ്രമിക്കുകയും കുഞ്ഞുമുഹമ്മദ് എറിഞ്ഞ ഇഷ്ടികക്കഷണം കൊണ്ട് കാറിന്റെ ചില്ല് തകരുകയും ചെയ്തിട്ടുണ്ട്. തമിഴ്നാട് രജിസ്ട്രേഷനിലുള്ള വ്യാജ നമ്പർ പ്ലേറ്റ് പതിപ്പിച്ച വാഹനത്തിലാണ് നാലംഗ സംഘം പൊള്ളാച്ചി ഭാഗത്തേക്ക് രക്ഷപ്പെട്ടത്. ഈ വാഹനം കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്.
Content Highlights: 43 sovereigns of gold worth Rs 41 lakh stolen from Ishan Gold in Peringottukurussi, Palakkad., A four-member interstate gang executed the robbery at gunpoint within two minutes., Brave resistance shown by the shop owner's wife and staff, with locals attempting to block the getaway vehicle., A 31-member special police team led by Shoranur DySP is investigating the case, and CM assured swift action.
Published: 28 Nov 2026, 04:00 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented