അരൂർ: സ്വർണം എന്നുകരുതി വൃദ്ധയുടെ കഴുത്തിലെ വരവുമാല പൊട്ടിച്ച കേസിൽ കമിതാക്കൾ പോലീസ് വലയിലായി. സംഭവം നടന്ന് 10 മണിക്കൂറിനകം പ്രതികളെ പിടികൂടിയ അരൂർ പോലീസിന് ആശംസാ പ്രവാഹം. 'വരവി'ൽ കവിഞ്ഞ വരുമാനം ആഗ്രഹിച്ച് സ്വർണമെന്ന് കുരുതി വരവുമാല മോഷ്ടിച്ച പള്ളുരുത്തി സ്വദേശികളാണ് അരൂർ പോലീസിന്റെ അന്വേഷണവലയിൽ കുടുങ്ങിയത്. പള്ളുരുത്തി മൂന്നാംചേരിപ്പറമ്പിൽ നിഷാദ് (25), നടുവിലവീട്ടിൽ നീതു (30) എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ അരൂർ ഗ്രാമപ്പഞ്ചായത്ത് മൂന്നാം വാർഡ് കളത്തനാട്ട് ഭാഗത്തുള്ള കൊച്ചുപുരയ്ക്കൽ സരസ്വതിയമ്മ (71)യുടെ മാലയാണ് പിന്നിൽനിന്നെത്തിയ ആൾ പൊട്ടിച്ചത്. ആക്രമണത്തിൽ വൃദ്ധയുടെ കഴുത്തിന് പരിക്കേൽക്കുകയും ചെയ്തു.
ആശുപത്രിയിൽ പോയി മരുന്നുവാങ്ങി മടങ്ങവേ, ആളൊഴിഞ്ഞ കണ്ടത്തിപ്പറമ്പ്-കളത്തനാട്ട് വഴിയിൽ പിന്നിൽനിന്നെത്തിയാണ് മാല പൊട്ടിച്ചത്. കൈയിൽക്കിട്ടിയ കഷണവുമായി മോഷ്ടാവ് നിമിഷനേരംകൊണ്ട് കടന്നുകളഞ്ഞു. ആകെ അങ്കലാപ്പിലായ സരസ്വതിയമ്മ നടന്ന് പ്രധാനറോഡിലെത്തി അതുവഴിവന്ന യുവാക്കളോട് കാര്യം പറഞ്ഞു. അവർ അരൂർ പോലീസിൽ അപ്പോൾത്തന്നെ വിവരം അറിയിച്ചു. അതോടെ എസ്എച്ച്ഒ കെ.ജി. പ്രതാപചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഊർജിതമാക്കി. സമീപത്തെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നും സമീപവാസികളുടെ മൊഴിയിൽനിന്നും പ്രദേശത്ത് ഇലക്‌ട്രിക് സ്കൂട്ടർ ഉണ്ടായിരുന്നുവെന്ന് മനസ്സിലാക്കി. ഇതിന്റെ വിശദാംശങ്ങൾ പരിശോധിച്ചതോടെയാണ് കമിതാക്കൾ അറസ്റ്റിലായത്. വാടകയ്ക്കെടുത്ത സ്കൂട്ടർ ഓടിച്ചത് നീതുവായിരുന്നു. പിന്നിലിരുന്ന നിഷാദ് സാഹചര്യങ്ങൾ ഒത്തുവന്ന സ്ഥലത്തിറങ്ങി പതുങ്ങിനടന്ന് സരസ്വതിയമ്മയെ പിന്നിൽനിന്ന് ആക്രമിക്കുകയായിരുന്നു. മാല പൊട്ടിക്കുന്നതിന് മുൻപ് ഇവരുടെ മുഖത്തേക്ക് മുളകുപൊടി വിതറിയതായും പോലീസ് പറഞ്ഞു. മോഷണശേഷം മാല സ്വർണമല്ല എന്ന് മനസ്സിലാക്കിയ പ്രതികൾ അത് വഴിയിൽ ഉപേക്ഷിച്ചു. എങ്കിലും പൊട്ടിച്ചെടുത്ത വരവുമാലയുടെ ഭാഗവും പോലീസ് പള്ളുരുത്തിയിൽ നിന്ന് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഒരാഴ്ചയായി മോഷണത്തിനായി കറക്കം, ഒടുവിൽ പൊടുന്നനെ പിടിയിലായി
വിവാഹബന്ധം വേർപെടുത്തിനിൽക്കുന്ന നീതു ജോലിചെയ്തിരുന്ന സ്ഥാപനത്തിലാണ് നിഷാദും ജോലിക്ക് നിന്നിരുന്നതെന്ന് പോലീസ് പറഞ്ഞു. അടുപ്പം പ്രണയമായതോടെ തന്റെ സാമ്പത്തികബാധ്യതകളെ കുറിച്ചും നീതു വെളിപ്പെടുത്തി. പരിചയക്കാരിയിൽ നിന്ന് വാങ്ങിയ പണയം വെച്ച സ്വർണം തിരിച്ചെടുത്തുനൽകേണ്ട സമയമായതോടെയാണ് ഇരുവരും കവർച്ചയ്ക്ക് തയ്യാറായത്. ഇതിനായി കഴിഞ്ഞ ഒരാഴ്ചയായി ഇരുവരും സ്കൂട്ടറിൽ അരൂർ മേഖലയിൽ കറങ്ങി. ഇതിനിടെ തിങ്കളാഴ്ചയാണ് ഒറ്റയ്ക്ക് പോവുകയായിരുന്ന സരസ്വതിയമ്മയെ ഇവർ കണ്ടത്. വരവാണെന്നറിയാതെ പൊട്ടിച്ച മാലയുടെ കഷണവുമായി പാഞ്ഞ ഇവർ, പോലീസിന്റെ വലയിൽ അധികംതാമസിയാതെ കുടുങ്ങുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് നടന്ന മോഷണവിവരം അറിഞ്ഞയുടൻ പഴുതടച്ച അന്വേഷണം നടത്തിയ പോലീസ് രാത്രി 9.45-ഓടെ കമിതാക്കളെ പിടികൂടുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥരായ സെനി ബി., നിസാർ വി.എച്ച്. ശ്രീജിത്ത് പി.ആർ., രതീഷ് എം., നിധീഷ്‌മോൻ ടി., ശരത്ത് യുഎസ്., റിയാസ് പി.എ., ലിജു കെ.എൽ. എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്. പ്രതികൾ സമാനസ്വഭാവമുള്ള കൂടുതൽ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് എസ്എച്ച്ഒ അറിയിച്ചു.
Content Highlights: A couple was apprehended by police within 10 hours for snatching an elderly woman`s necklace in Adoor, Kerala. They stole to repay debts.
Published: 15 Oct 2025, 09:24 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented