കളമശ്ശേരി: മോഷ്ടിച്ച ഇരുചക്രവാഹനത്തിൽ എത്തി ഇടപ്പള്ളി ടോളിലെ ജൂവലറി ഉടമയുടെ കണ്ണിൽ കുരുമുളക് സ്‌പ്രേ അടിച്ച് സ്വർണം പൂശിയ മാല കവർന്ന സഹോദരങ്ങൾ പിടിയിൽ. മലപ്പുറം എടക്കര ആനമഠത്തിൽ തോമസും (30) മാത്യുവു (27) മാണ് കളമശ്ശേരി പോലീസിന്റെ പിടിയിലായത്. 19-ന് ഉച്ചയ്ക്ക് 12.30-നും ഒന്നിനും ഇടയ്ക്കുള്ള സമയത്താണ് തോമസും മാത്യുവും പുത്തൻകുരിശിൽനിന്നു മോഷ്ടിച്ച ഇരുചക്രവാഹനത്തിൽ കയറി ഇടപ്പള്ളി ടോളിലെ ജൂവലറിക്കു സമീപം എത്തിയത്. ഇരുചക്ര വാഹനത്തിൽനിന്ന് കടയിലേക്ക് ഓടിക്കയറിയ തോമസ് കടയുടമയായ സ്ത്രീയുടെ കണ്ണിൽ കുരുമുളക് സ്‌പ്രേ അടിക്കുകയായിരുന്നു. തുടർന്ന് സ്ഥാപനത്തിൽ ഡിസ്‌പ്ലേ ചെയ്തിരുന്ന 8000 രൂപ വിലവരുന്ന ഒരു ഗ്രാം തങ്കത്തിൽ പൊതിഞ്ഞ രണ്ട് മാലകൾ കവർച്ചചെയ്ത്‌ ഇരുവരും ഇരുചക്ര വാഹനത്തിൽ കയറി ഓടിച്ചുപോയി. കട ഉടമയുടെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ട് ഓടിക്കൂടിയ ആളുകൾ ഇരുചക്രവാഹനത്തെ പിന്തുടർന്നു. ഇവർ സഞ്ചരിച്ച ഇരുചക്രവാഹനം അപകടത്തിൽപെട്ടതു കണ്ടു. അപകടത്തിൽപെട്ടു കിടന്നിരുന്ന തോമസിനെ നാട്ടുകാർ പിടികൂടി തടഞ്ഞുെവച്ചു. തുടർന്ന് വിവരം കൺട്രോൾ റൂമിൽ അറിയിച്ചു. ഇവിടെ നിന്ന് പോലീസുകാരെത്തി തോമസിനെ പിടികൂടി കളമശ്ശേരി പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽനിന്ന്‌ സ്വർണക്കവർച്ചയ്ക്ക് സഹായിക്കാനായി കൂടെ ഉണ്ടായിരുന്നത് സഹോദരനായ മാത്യു ആണെന്ന് വ്യക്തമായതിനാൽ മാത്യുവിനെ കസ്റ്റഡിയിൽ എടുത്തു. പുത്തൻ കുരിശിൽനിന്ന്‌ സ്കൂട്ടർ മോഷ്ടിച്ചതിന് പുത്തൻകുരിശ് പോലീസ് സ്റ്റേഷനിൽ വേറേ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോലീസ് പിടികൂടി ചോദ്യംചെയ്ത ശേഷമാണ് തങ്ങൾ മോഷ്ടിച്ച സ്വർണം യഥാർഥ സ്വർണം ആയിരുന്നില്ല എന്ന് ഇവർ അറിഞ്ഞത്.

To advertise here,