പാലക്കാട്: വിദ്യാർഥിനിയുടെ സ്വർണമല്ലാത്ത മാല മോഷ്ടിച്ച പ്രതികളെ മഹാരാഷ്ട്രയിൽ പോയി പിടിച്ച് പാലക്കാട് ഹേമാംബിക നഗർ പോലീസ്. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലക്കാരായ സത്യം സഭാജീത് ചതുർവേദി (25), ഹിതേഷ് ബോബൻ സിങ് (23), പർവീഗ് നിയ ഷെയ്ക് (22) എന്നിവരെയാണ് അറസ്റ്റുചെയ്തത്.

To advertise here,

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. പാലക്കാട് മന്തക്കാട് ഉച്ചയ്ക്ക് ബസിറങ്ങി വീട്ടിലേക്കു നടന്നുപോകുകയായിരുന്ന വിദ്യാർഥിനിയെ പിന്തുടർന്നെത്തിയ മോഷ്ടാക്കൾ, കുട്ടിയെ തള്ളിയിട്ട് ആക്രമിച്ച് മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. മഹാരാഷ്ട്ര രജിസ്ട്രേഷൻ കാറിലെത്തിയായിരുന്നു മോഷണം. സമീപത്തെ വീട്ടുടമസ്ഥൻ നൽകിയ മൊഴിയുടെയും സി.സി.ടി.വി. ദൃശ്യം കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് കാറിന്റെ രജിസ്ട്രേഷൻ മഹാരാഷ്ട്രയാണെന്നു കണ്ടെത്തിയത്.

വാളയാർ ടോൾപ്ലാസ വഴി കടന്ന സംഘത്തെ ടോൾപ്ലാസകളിൽനിന്നുള്ള ദൃശ്യങ്ങളിലൂടെ പോലീസ് പിന്തുടർന്നു. തുടർന്ന് മഹാരാഷ്ട്ര പോലീസുമായി ബന്ധപ്പെടുകയും അവിടെ പ്രത്യേക പോലീസ് സംഘം ഇവരെ തടഞ്ഞുവെക്കുകയും ഹേമാംബികയിൽനിന്നുള്ള സംഘത്തിനു കൈമാറുകയുമായിരുന്നു.

പ്രതികളിലൊരാൾക്ക് ഓഹരിവിപണിയിൽ നിക്ഷേപിച്ച പണം നഷ്ടപ്പെട്ടതോടെയാണ് മോഷണത്തിനു തുടക്കം. കേരളത്തിലെ സ്ത്രീകൾ സ്വർണാഭരണങ്ങളണിഞ്ഞ് നടക്കുന്നവരാണെന്നും ഇവിടെ വന്നാൽ മോഷണസാധ്യതയുണ്ടെന്നും കണക്കാക്കിയായിരുന്നു പ്രതികളുടെ വരവെന്ന് പോലീസ് പറയുന്നു. വാടകയ്‌ക്കെടുത്ത കാറിലായിരുന്നു മൂവരുടെയും യാത്ര. മാഹി, മലപ്പുറം വഴിയാണ് പാലക്കാട്ടെത്തിയത്.

മഹാരാഷ്ട്രയിൽ കോടതിയിൽ ഹാജരാക്കിയ ശേഷം കൈമാറ്റം നടത്തിയാണ് പ്രതികളെ ഇവിടെയെത്തിച്ചത്. ഇവിടെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. അടുത്തദിവസം തിരിച്ചറിയൽ പരേഡ് നടത്തിയശേഷം പോലീസ് ഇവരെ കസ്റ്റഡിയിൽ വാങ്ങും. മഹാരാഷ്ട്രയിൽ ഇവരുടെ പേരിൽ മറ്റു കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു.

ജില്ലാ പോലീസ് മേധാവി അജിത്ത് കുമാറിന്റെ നിർദേശപ്രകാരം എസ്.ഐ. പോൾസൺ, എ.എസ്.ഐ. പ്രദീപ് കുമാർ, എസ്.സി.പി.ഒ.മാരായ അരുൺ, ഷംസുദ്ദീൻ, സി.പി.ഒ. വിപിൻ എന്നിവരാണ് മഹാരാഷ്ട്രയിലെത്തി പ്രതികളെ പിടികൂടിയത്.