
പാലക്കാട്: മലപ്പുറം സ്വദേശികൾ സഞ്ചരിച്ച കാർ ഒലവക്കോട് താണാവിൽനിന്ന് തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികൾ പിടിയിൽ. ആലപ്പുഴക്കാരായ അഞ്ചുപേരെ പാലക്കാട് ടൗൺ നോർത്ത് പോലീസ് ഇടുക്കി ദേവികുളത്തുനിന്നാണ് ഞായറാഴ്ച പിടികൂടിയത്. തട്ടിക്കൊണ്ടുപോയ കാർ തൃശ്ശൂർ പുതുക്കാട് ചെങ്ങാലൂർ മാട്ടുമലയിലെ റബ്ബർത്തോട്ടത്തിൽ തകർത്തനിലയിൽ വെള്ളിയാഴ്ച കണ്ടെത്തിയിരുന്നു.
വെള്ളിയാഴ്ച പുലർച്ചെ ആറരയോടെയാണ് കോയമ്പത്തൂരിൽനിന്ന് വരുകയായിരുന്ന മലപ്പുറം മഞ്ചേരി സ്വദേശി മുനീറിന്റെ ഉടമസ്ഥതയിലുള്ള കാർ ഒലവക്കോട് റെയിൽവേപ്പാലത്തിൽനിന്ന് തട്ടിയെടുത്തത്. മുനീറിന്റെ സഹോദരൻ ഷെമീർ, സുഹൃത്തുക്കളായ മുഹമ്മദ്, സൽമാൻ ഖാരിസ്, നിഖിൽ എന്നിവരാണ് കാറിലുണ്ടായിരുന്നത്. കാർ തടഞ്ഞ സംഘം ഇരുമ്പുകമ്പികൊണ്ട് കാറിൽ അടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നും ഇവർ േപാലീസിനോട് പറഞ്ഞിരുന്നു. കത്തികാണിച്ച് ഭീഷണിപ്പെടുത്തുന്നതിനിടയിൽ ഡ്രൈവറും മുൻസീറ്റിലുണ്ടായിരുന്നയാളും ഓടിരക്ഷപ്പെട്ടു. ഇതിനിടെ അക്രമസംഘത്തിലെ നാലുപേർ കാറിൽക്കയറി കാറിലുണ്ടായിരുന്ന രണ്ടുപേരുടെ മുഖത്ത് മുളകുപൊടി സ്പ്രേ ചെയ്തശേഷം കാർ കൊണ്ടുപോകുകയായിരുന്നു.
പണം കാറിനുള്ളിൽ എവിടെയാണ് ഒളിപ്പിച്ചതെന്നു ചോദിച്ച് മർദിക്കുകയും പണമില്ലെന്നു പറഞ്ഞതോടെ ഇവരുടെ കൈവശമുണ്ടായിരുന്ന 15,000 രൂപയും നാല് ഐഫോണും പിടിച്ചെടുത്ത് രണ്ടിടങ്ങളിലായി ഇറക്കിവിട്ടെന്നും പറഞ്ഞിരുന്നു. കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസിന് അന്നുതന്നെ ദേശീയപാതയിൽനിന്ന് അക്രമസംഘം വലിച്ചെറിഞ്ഞ ഒരാളുടെ മൊബൈൽഫോൺ ലഭിച്ചിരുന്നു.
വെള്ളിയാഴ്ച രാവിലെയാണ് തൃശ്ശൂരിൽ കാർ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്. പുതുക്കാട് വളഞ്ഞൂപാടത്തെ റബ്ബർത്തോട്ടത്തിലെത്തിയ പ്രദേശവാസിയാണ് കാർ കണ്ടത്. തുടർന്ന് പുതുക്കാട് പോലീസിൽ വിവരമറിയിച്ചു. ഞായറാഴ്ച പാലക്കാട്ടുനിന്നെത്തിയ പോലീസ് സംഘം നടത്തിയ പരിശോധനയിൽ കാർ മലപ്പുറം സ്വദേശികളുടേതാണെന്ന് സ്ഥിരീകരിച്ചു. ഉൾവശം പൂർണമായും തകർത്തതായും കണ്ടെത്തി. പാലക്കാട് നോർത്ത് സ്റ്റേഷൻ എസ്.എച്ച്.ഒ. ദാസിന്റെ നേതൃത്വത്തിലുള്ള സംഘവും ഫൊറൻസിക് വിഭാഗവും സ്ഥലത്തെത്തിയിരുന്നു.
പിടികൂടിയ പ്രതികളെ പാലക്കാട്ടെത്തിച്ചായിരിക്കും തുടർനടപടികൾ സ്വീകരിക്കുക. ദേശീയപാതയിൽ കുഴൽപ്പണക്കവർച്ച നടത്തുന്ന സംഘമാണ് ഇതിനുപിന്നിലെന്ന സംശയം പോലീസ് പ്രകടിപ്പിച്ചു.
Content Highlights: Five suspects from Alappuzha arrested in Idukki., Incident involved hijacking a car from Olavakkode, Palakkad., Victims were robbed of cash and iPhones before being abandoned., Abandoned car found destroyed in a rubber plantation in Thrissur., Police suspect the involvement of a hawala money robbery gang.
Published: 08 Jun 2026, 09:06 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented