കൊച്ചി: കൊച്ചി സിനഗോഗ് തീവയ്പ്പ് കേസിൽ അറസ്റ്റിലായ കോലഞ്ചേരി സ്വദേശി എബിൻ പോളിനെതിരെ (32) യുഎപിഎ ചുമത്തി. അന്വേഷണ സംഘം എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചു.

To advertise here,

കഴിഞ്ഞ ഒക്ടോബർ 12-ന് പുലർച്ചെയായിരുന്നു സിനഗോഗിന് മുന്നിലുള്ള നേഴ്സറി ഭാഗത്ത് എബിൻ പോൾ തീവെച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. പ്രതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ വിദേശത്തുനിന്നുള്ള ഭീകരബന്ധമുള്ള ഗ്രൂപ്പുകളിലും ടെലിഗ്രാം ചാറ്റുകളിലും ഇയാൾ അംഗമായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

യുഎപിഎ 16, 18 വകുപ്പുകളാണ് ഇയാൾക്കെതിരേ ചുമത്തിയിരിക്കുന്നത്. ഭീകരപ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള ഗൂഢാലോചന, ജനങ്ങൾക്കിടയിൽ ഭീതി സൃഷ്ടിക്കാനും സ്പർധ വളർത്താനും ലക്ഷ്യമിട്ട് നടത്തുന്ന കുറ്റകൃത്യം തുടങ്ങിയവയാണ് ചുമത്തിയിരിക്കുന്നത്.

യുഎപിഎ ചുമത്തിയതോടെ കേസ് എൻ.ഐ.എ. ഏറ്റെടുക്കും. തുടക്കത്തിൽ തന്നെ എൻഐഎയും മറ്റ് കേന്ദ്ര ഏജൻസികളും അന്വേഷണ സംഘവുമായി സഹകരിക്കുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു. വരുംദിവസങ്ങളിൽ എൻഐഎ കേസ് ഔദ്യോഗികമായി ഏറ്റെടുത്തേക്കുമെന്നാണ് വിവരം.