മഞ്ഞുമ്മൽ (കൊച്ചി): ‘‘കൈകളും കാലും കെട്ടിയിട്ട് വായിൽ തുണി കുത്തിത്തിരുകി അക്രമികൾ ക്രൂരമായി മർദിച്ചു. ദേഹമാസകലം വേദനയാണ്...’’ ഫാ. ലീനസ് പുത്തൻവീട്ടിലും (90) ഫാ. സിൽവിൻ കളത്തിലും (43) പറഞ്ഞു. ഒഡിഷയിലെ സാംബൽപുർ കുച്ചിൻഡ ചർവാച്ചിയിൽ കാർമൽ നികേതൻ ആശ്രമത്തിൽ ആക്രമണത്തിൽ പരിക്കേറ്റ വൈദികർ മഞ്ഞുമ്മൽ സെയ്ന്റ് ജോസഫ്സ് ആശുപത്രിയിൽ ചികിത്സയിലാണ്. മഞ്ഞുമ്മൽ പ്രൊവിൻഷ്യൽ ഫാ. അഗസ്റ്റിൻ മുള്ളൂരിന്റെ നിർദേശപ്രകാരം 25-ന് രാത്രിയാണ് ഇരുവരും മഞ്ഞുമ്മൽ ആശുപത്രിയിലെത്തിയത്. ആശ്രമം സുപ്പീരിയർ ആണ് ഫാ. സിൽവിൻ. മർദനമേറ്റ് ഇദ്ദേഹത്തിന്റെ പുറം ചതഞ്ഞിരിക്കുന്നതിനാൽ അതീവ വേദനയാണ്. മലർന്നു കിടക്കാൻ പറ്റുന്നില്ല.
‘‘മേയ് 23-ന് പുലർച്ചെ ഒന്നരയോടെയാണ് അക്രമിസംഘം എത്തിയത്. ഏഴുപേരാണ് മുറികളിലെത്തിയത്. നാലുപേർ പുറത്തു നിൽക്കുകയായിരുന്നു. പണം ചോദിച്ചായിരുന്നു അക്രമം. 30,000 രൂപയും പ്രിന്ററും പിയാനോയും അക്രമികൾ കൊണ്ടുപോയി’’ - അവർ പറഞ്ഞു.
ആശ്രമത്തിലെ നായ്ക്കൾ കുരയ്ക്കുന്നതു കേട്ടാണ് വാതിൽ തുറന്ന് പുറത്തിറങ്ങിയതെന്ന് ഫാ. സിൽവിൻ പറഞ്ഞു. അക്രമികൾ മുഖത്ത് അടിച്ചുവീഴ്ത്തി. പിന്നീട് കമഴ്ത്തിക്കിടത്തി ഒരാൾ കാലുകളിലും മറ്റൊരാൾ ചുമലിലും അമർത്തിപ്പിടിച്ച് പുറകുവശത്ത് മരത്തടി കൊണ്ട് അടിക്കുകയായിരുന്നു എന്ന് ഫാ. സിൽവിൻ പറഞ്ഞു.
“വലിച്ച് മുറിയിൽ കൊണ്ടുവന്ന് പണം ചോദിച്ചായി മർദനം. 30,000 രൂപ സംഘം കൈക്കലാക്കി. വായിൽ തുണി തിരുകി കൂടുതൽ പണം ഉണ്ടോയെന്ന് ചോദിച്ചായി പിന്നെ മർദനം. ലാപ്ടോപ്പ് ഉണ്ടായിരുന്നെങ്കിലും എടുത്തില്ല. ടിവിയും നശിപ്പിച്ചു”.
ഇരുവരുടെയും മുറികളിൽ െെകയും കാലും കെട്ടി വായിൽ തുണി തിരുകിയാണ് നാലോടെ സംഘം മടങ്ങിയത്. ഫാ. സിൽവിൻ മുട്ടുകുത്തി നിന്ന് കട്ടിലിലെ ക്ലാംബിൽ ഉരച്ചാണ് കൈയിലെ കെട്ടഴിച്ചത്. പിന്നീട് ഒച്ചവെച്ചപ്പോൾ സമീപത്തു താമസിക്കുന്ന പൂജാരി വന്ന് മുറി തുറന്നു. തുടർന്ന് പോലീസെത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്.
പ്രത്യേക സംഘം അന്വേഷിക്കണം - കെ.സി. വേണുഗോപാൽ
കൊച്ചി: ഒഡിഷയിൽ മലയാളി കത്തോലിക്കാ വൈദികർക്കെതിരായ ആക്രമണം അന്വേഷിക്കാൻ പ്രത്യേക സംഘം രൂപവത്കരിക്കണമെന്നാവശ്യപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി ഒഡിഷ മുഖ്യമന്ത്രിക്ക് കത്തയച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്കെതിരായി നടക്കുന്ന അക്രമങ്ങളിൽ ഏറ്റവും ഒടുവിലത്തെതാണിത്. ഇത്തരം അക്രമങ്ങൾ തുടർക്കഥയാകുന്നത് നിർഭാഗ്യകരമാണ്. ക്രൈസ്തവ പുരോഹിതരുടെയും ജീവനക്കാരുടെയും ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും ഉറപ്പുവരുത്താൻ കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിക്കയച്ച കത്തിൽ ആവശ്യപ്പെട്ടു.
കോൺഗ്രസ് പ്രതിരോധം തീർക്കും- വി.ഡി. സതീശൻ
മഞ്ഞുമ്മൽ: വൈദികർക്കു നേരേയുള്ള ആക്രമണങ്ങൾക്ക് നേതൃത്വം നൽകുന്നവരാണ് ക്രിസ്മസും ഈസ്റ്ററും വരുമ്പോൾ കേരളത്തിലെ വീടുകളിൽ കേക്കുമായി എത്തുന്നതെന്നും ക്രൈസ്തവർ സ്ഥിരമായി ആക്രമിക്കപ്പെടുന്ന സ്ഥലങ്ങളിൽ കോൺഗ്രസ് പ്രതിരോധം തീർക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആക്രമണത്തിന് വിധേയരായ വൈദികരെ മഞ്ഞുമ്മൽ സെയ്ന്റ് ജോസഫ്സ് ആശുപത്രിയിൽ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രൈസ്തവർക്കെതിരേ രാജ്യവ്യാപകമായ അക്രമങ്ങൾ പെരുകുകയാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Indian Politicians Condemn Violent Attack on Kerala Priests in Odisha
Published: 02 Jun 2025, 07:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented