
കോട്ടയം: നാഗ്പൂരിൽ സിഎസ്ഐ വൈദികനെയും കുടുംബത്തെയും അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധം രേഖപ്പെടുത്തി സിഎസ്ഐ ബിഷപ്പ് കൗൺസിൽ സെക്രട്ടറി ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാൻ. നാഗ്പൂരിൽ കഴിഞ്ഞ 12 വർഷമായി സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന സൗത്ത് കേരള മഹാ ഇടവകയിലെ വൈദികനായ സുധീർ, അദ്ദേഹത്തിന്റെ ഭാര്യ യാസ്മിൻ എന്നിവരെയും അവിടെയുള്ള രണ്ട് സ്വദേശി കുടുംബങ്ങളെയും അറസ്റ്റുചെയ്ത പോലീസ് നടപടി അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
മതപരിവർത്തനം ആരോപിച്ചാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. എന്നാൽ, ക്രിസ്മസ്-ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഒരു ആരാധനയിൽ പങ്കെടുത്തതിനാണ് ഇവരെ പിടികൂടിയത്. ഭരണഘടന നൽകുന്ന സ്വാതന്ത്രത്തിന് എതിരായ നടപടിയാണിത്.
കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി എഴുത്തും വായനയും അറിയാത്ത വയോജനങ്ങൾക്ക് ക്ലാസുകൾ നൽകിയും കുട്ടികൾക്കായി നഴ്സറി സ്കൂളുകൾ നടത്തിയും ഗ്രാമങ്ങളിൽ ആരോഗ്യ-ശുചിത്വ പരിപാടികൾ സംഘടിപ്പിച്ചുമാണ് ഇവർ പ്രവർത്തിച്ചിരുന്നത്. ഗവൺമെന്റിന് എത്താൻ സാധിക്കാത്ത ഇടങ്ങളിൽ ക്രൈസ്തവ മിഷണറിമാർ നടത്തുന്ന ഇത്തരം സേവനങ്ങളെ അകാരണമായി വേട്ടയാടുകയാണെന്ന് ബിഷപ്പ് കൗൺസിൽ പ്രതികരിച്ചു.
ക്രൈസ്തവ സമൂഹത്തെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്ന പ്രവണത രാജ്യത്ത് വർധിച്ചുവരികയാണെന്നും ഇതിനെതിരെ അധികാരികൾ നടപടി സ്വീകരിക്കുന്നില്ലെന്നും ബിഷപ്പ്സ് കൗൺസിൽ സെക്രട്ടറി ആരോപിച്ചു.
വിഷയത്തിൽ ഉപരാഷ്ട്രപതിയെ നേരിൽ കണ്ട് ആശങ്ക അറിയിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് വൈദികന്റെ അറസ്റ്റ് നടന്നത് എന്നത് ഏറെ വേദനാജനകമാണ്. ക്രൈസ്തവർക്കെതിരായ അതിക്രമങ്ങളിൽ രാഷ്ട്രീയ നേതൃത്വവും ഗവൺമെന്റും പാലിക്കുന്ന നിശബ്ദത അക്രമികൾക്ക് തെറ്റായ സന്ദേശമാണ് നൽകുന്നത്. പ്രതികരിക്കേണ്ട സാഹചര്യങ്ങളിൽ പുലർത്തുന്ന ഈ നിശബ്ദത, ഇത്തരം പ്രവർത്തനങ്ങളെ പരോക്ഷമായി പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്ന് ബിഷപ്പ്സ് കൗൺസിൽ സെക്രട്ടറി പറഞ്ഞു.
അറസ്റ്റ് രേഖപ്പെടുത്തി കേസുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ, അവർക്ക് ആവശ്യമായ എല്ലാ നിയമസഹായവും നൽകാൻ സിഎസ്ഐ സഭ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയിൽ നടക്കുന്ന ഇത്തരം തെറ്റായ നടപടികളെ സഭ സൂക്ഷ്മമായി വീക്ഷിക്കുന്നുണ്ടെന്നും ഗവൺമെന്റ് ഇത്തരം നടപടികളിൽനിന്ന് പിന്മാറണമെന്നും ബിഷപ്പ്സ് കൗൺസിൽ ആവശ്യപ്പെട്ടു.
മഹാരാഷ്ട്രയിലെ അമരാവതിയിലെ ഷിംഗോഡിയിൽ ക്രിസ്മസുമായി ബന്ധപ്പെട്ട പ്രാർഥനാച്ചടങ്ങിൽ പങ്കെടുത്ത മലയാളി വൈദികനും ഭാര്യയുമടക്കം മൂന്നുപേരേ ചൊവ്വാഴ്ച വൈകീട്ട് പോലീസ് അറസ്റ്റുചെയ്തിരുന്നു. സിഎസ്ഐ സഭയുടെ നാഗപുർ അമരാവതി മിഷനിലെ ഫാദർ ജെ.എൽ. സുധീർ, ഭാര്യ ജാസ്മിൻ, സഹായി എന്നിവരെയാണ് അറസ്റ്റുചെയ്തത്.
നെയ്യാറ്റിൻകര അമരവിള സ്വദേശിയാണ് ഫാദർ സുധീർ. നിർബന്ധിത മതപരിവർത്തനം ആരോപിച്ചാണ് പോലീസിന്റെ നടപടിയെന്ന് സഭാധികൃതർ പറയുന്നു. ആറുവർഷമായി ഫാദർ സുധീർ ഇവിടെ ശുശ്രുഷചെയ്യുകയാണ്.
Content Highlights: CSI Bishop condemns the arrest of a priest and family in Nagpur for alleged religious conversion. Urges government action against rising Christian persecution.
Published: 31 Dec 2025, 11:04 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented