ഭുവനേശ്വർ: ഒഡിഷയിൽ നിർബന്ധിത മതപരിവർത്തനമാരോപിച്ച് ക്രിസ്ത്യൻ വൈദികനുനേരേ ബജ്രംഗ്‌ദൾ ആക്രമണം. ധെങ്കനാൽ ജില്ലയിൽ ബിപിൻ ബിഹാരി നായികാണ് ആക്രമിക്കപ്പെട്ടത്. ജനുവരി നാലിന് പർജാംഗ് ഗ്രാമത്തിലെ വീട്ടിൽ പതിവ് ഞായറാഴ്ച പ്രാർഥനയ്ക്കിടെ നടന്ന സംഭവം ഇപ്പോഴാണ് പുറംലോകമറിഞ്ഞത്. സംഭവത്തിൽ വൈദികൻ പരാതികൊടുത്തു. വൈദികനും ഭാര്യ വന്ദനയും പ്രദേശത്തെ ഏഴ് കുടുംബങ്ങളും പ്രാർഥനയിൽ പങ്കെടുക്കുന്നതിനിടെ നാൽപ്പതോളം ബജ്രംഗ്‌ദൾ പ്രവർത്തകർ വീട് വളഞ്ഞ് അതിക്രമിച്ച് കയറി മർദിക്കുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
വന്ദനയും കുട്ടികളും രക്ഷപ്പെട്ട് പോലീസ് സ്റ്റേഷനിൽ അഭയം തേടിയെങ്കിലും വൈദികനെ തടഞ്ഞുെവച്ച് മർദിക്കുകയും മുഖത്ത് സിന്ദൂരം പൂശുകയും ചെരിപ്പുമാല അണിയിക്കുകയും ചെയ്തു. ശേഷം സമീപത്തെ ക്ഷേത്രത്തിനുമുന്നിൽ കെട്ടിയിട്ട് ചാണകം തീറ്റിക്കുകയും ‘ജയ് ശ്രീറാം’ വിളിക്കാൻ നിർബന്ധിക്കുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു. അഴുക്കുചാലിലെ വെള്ളവും കുടിപ്പിച്ചെന്നും പരാതിയുണ്ട്.
സംഭവത്തിനുപിന്നാലെ ഗ്രാമത്തിലെ ഏഴ് ക്രിസ്ത്യൻ കുടുംബങ്ങൾ വീടുപേക്ഷിച്ച് പോയതായും പറയുന്നു. സംഭവത്തിൽ കേസെടുത്തെന്നും അതേസമയം, ചാണകം തീറ്റിച്ചതിനും അഴുക്കുചാലിലെ വെള്ളം കുടിപ്പിച്ചതിനും തെളിവില്ലെന്നും ധെങ്കനാൽ എസ്പി അഭിനവ് സോൻകർ അറിയിച്ചു.
അപലപിച്ച് സിബിസിഐ
ന്യൂഡൽഹി: പാസ്റ്റർക്കുനേരേയുണ്ടായ അതിക്രമത്തെ കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) അപലപിച്ചു. വ്യക്തിയുടെ അന്തസ്സിനെയും വിശ്വാസത്തെയും ലക്ഷ്യമിട്ടുള്ള ഹീനമായ ആക്രമണവും അപമാനിക്കലുമാണുണ്ടായതെന്ന് സിബിസിഐ കുറ്റപ്പെടുത്തി. സംഭവത്തിൽ പ്രതികൾക്കെതിരേ കർശന നടപടി സ്വീകരിക്കണം. ഇരയ്ക്ക് നീതി ലഭിക്കണം. പാസ്റ്ററോടൊപ്പം ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. എല്ലാ പൗരർക്കും അധികൃതർ സുരക്ഷ ഉറപ്പാക്കണമെന്നും സിബിസിഐ ആവശ്യപ്പെട്ടു.
മലയാളി പാസ്റ്റർ ആൽബിന് ജാമ്യം
ലഖ്നൗ: ഉത്തർപ്രദേശിലെ കാൻപുരിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി പാസ്റ്റർ ആൽബിന് ജാമ്യം. മജിസ്ട്രേറ്റ് കോടതിയാണ് പാസ്റ്റർ ആൽബിന് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ 13-നാണ് പാസ്റ്റർ ആൽബിനെ മതപരിവർത്തനം ആരോപിച്ച് യുപി പോലീസ് അറസ്റ്റു ചെയ്തത്. തിരുവനന്തപുരം സ്വദേശി ആൽബിനെയാണ് ബജ്രംഗ്‌ദൾ പ്രവർത്തകരുടെ പരാതിയെത്തുടർന്ന് പൊലീസ് കേസെടുത്ത് അറസ്റ്റുചെയ്തത്.
Content Highlights: Christian priest brutally attacked by Bajrang Dal in Odisha`s Dhenkanal over alleged forced conversion. Read details of the incident and victim`s ordeal.
Published: 23 Jan 2026, 07:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented