കൊച്ചി: ടാറ്റൂ സ്റ്റുഡിയോയില്‍ പീഡനത്തിനിരയായെന്ന കേസില്‍ പരാതിക്കാരായ യുവതികളുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റ് മുമ്പാകെ രേഖപ്പെടുത്തും. വനിതാ മജിസ്‌ട്രേറ്റിനു മുമ്പാകെയാകും മൊഴി നല്‍കുക. അറസ്റ്റിലായ ചേരാനല്ലൂര്‍ ഇന്‍ക്‌ഫെക്ടഡ് സ്റ്റുഡിയോ ഉടമ സുജീഷിനെ കൂടുതല്‍ അന്വേഷണത്തിനായി ചൊവ്വാഴ്ച പോലീസ് കസ്റ്റഡിയില്‍ വാങ്ങും. ഇതിനായി കോടതിയെ സമീപിച്ചിട്ടുണ്ട്.

To advertise here,

മുമ്പ് പാലാരിവട്ടത്തായിരുന്നു ഇയാളുടെ സ്റ്റുഡിയോ. പിന്നീടത് ചേരാനെല്ലൂരിലേക്ക് മാറ്റുകയായിരുന്നു. രണ്ടിടത്തുവെച്ചും യുവതികളോട് മോശമായി പെരുമാറിയിട്ടുണ്ടെന്നാണ് പരാതി.

ചേരാനെല്ലൂര്‍ സ്റ്റുഡിയോയില്‍നിന്ന് പിടിച്ചെടുത്ത സി.സി.ടി.വി.യുടെ ഡി.വി.ആര്‍., കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക് എന്നിവ വിശദ പരിശോധനയ്ക്കായി സൈബര്‍ സെല്ലിന് കൈമാറിയിരിക്കുകയാണ്. ഇതില്‍നിന്ന് കേസന്വേഷണത്തിന് സഹായകരമാകുന്ന വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

തനിക്കെതിരായ കേസിനു പിന്നില്‍ ഗൂഢാലോചനയാണെന്ന് ചോദ്യം ചെയ്യലില്‍ പ്രതി പറഞ്ഞു. താന്‍ പീഡിപ്പിച്ചിട്ടില്ലെന്നും ടാറ്റൂ പതിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും പരാതിക്ക് പിന്നില്‍ കൊച്ചിയിലെ മറ്റൊരു ടാറ്റൂ സ്റ്റുഡിയോ ഗ്രൂപ്പാണെന്നും ഇയാള്‍ പറയുന്നു. പോലീസ് ഇത് മുഖവിലയ്‌ക്കെടുത്തിട്ടില്ല.

ടാറ്റൂ പതിക്കാനെത്തിയ യുവതികളെ പീഡിപ്പിച്ചെന്നും ലൈംഗിക ഉദ്ദേശ്യത്തോടെ സ്പര്‍ശിച്ചെന്നുമാണ് സുജീഷിനെതിരേയുള്ള കേസ്. മൊത്തം ആറു പരാതികളാണുള്ളത്. അതിനിടെ മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാവശ്യപ്പെട്ട് കൊച്ചിയിലെ ടാറ്റൂ സ്റ്റുഡിയോകള്‍ക്ക് പോലീസ് കര്‍ശന നിര്‍ദേശം നല്‍കി. കൊച്ചിയിലുള്ള 20-ലധികം ടാറ്റൂ സ്റ്റുഡിയോകളില്‍ അടുത്ത ദിവസങ്ങളില്‍ നാലു തവണ വരെ പോലീസ് പരിശോധയ്‌ക്കെത്തിയിരുന്നു. ജീവനക്കാരുടെ വിവരങ്ങളും സന്ദര്‍ശകരുടെ രജിസ്റ്ററും പരിശോധിച്ചിട്ടുണ്ട്.