
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ നിർണായക അറസ്റ്റുമായി സിബിഐ. ചോദ്യപേപ്പർ ചോർച്ചയിലെ മുഖ്യസൂത്രധാരനെന്ന് കരുതുന്ന കോളേജ് പ്രൊഫസറെയാണ് സിബിഐ വെള്ളിയാഴ്ച അറസ്റ്റ്‌ചെയ്തത്. ലത്തൂർ ദയാനന്ദ സയൻസ് കോളേജിലെ കെമിസ്ട്രി പ്രൊഫസറായ പി.വി. കുൽക്കർണിയാണ് പിടിയിലായത്. ഈവർഷത്തെ നീറ്റ് യുജി പരീക്ഷയ്ക്കുള്ള ചോദ്യപേപ്പർ തയ്യാറാക്കാനായി നിയോഗിച്ച സമിതിയിൽ ഇയാളും അംഗമായിരുന്നുവെന്നാണ് വിവരം. ഇതോടെ നാഷണൽ ടെസ്റ്റിങ് ഏജൻസി(എൻടിഎ)ക്ക് ഉള്ളിലുള്ളവർക്ക് തന്നെ ചോദ്യപേപ്പർ ചോർച്ചയിൽ പങ്കുണ്ടെന്ന സംശയവും ബലപ്പെട്ടിരിക്കുകയാണ്.
വെള്ളിയാഴ്ച പുണെയിൽവെച്ചാണ് കുൽക്കർണിയെ അറസ്റ്റ് ചെയ്തതെന്നാണ് സിബിഐ നൽകുന്നവിവരം. ഇതോടെ നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട അന്വേഷണം മറ്റൊരു വഴിത്തിരിവിലെത്തിയതായും അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടി.
ഏപ്രിൽ അവസാനവാരത്തോടെയാണ് കുൽക്കർണി 'സാധ്യത ചോദ്യപേപ്പർ' എന്ന പേരിൽ നീറ്റ് പരീക്ഷയുടെ ചോദ്യങ്ങൾ പ്രചരിപ്പിച്ചതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞദിവസം കേസിൽ അറസ്റ്റിലായ മനീഷ വാഗ്മാരെ വഴിയാണ് ഇയാൾ ചോദ്യപേപ്പർ കുട്ടികളിലേക്ക് എത്തിച്ചതെന്നും പറയുന്നു.
നീറ്റ് ചോദ്യപേപ്പർ തയ്യാറാക്കുന്ന സമിതിയിൽ ഉൾപ്പെട്ടിരുന്ന കുൽക്കർണി ഇത് ദുരുപയോഗംചെയ്‌തെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. പുണെയിലെ വസതിയിൽവെച്ച് കുൽക്കർണി ചില വിദ്യാർഥികൾക്ക് നീറ്റ് പരീക്ഷയ്ക്കുള്ള പ്രത്യേക പരിശീലനം നൽകിയിരുന്നു. മനീഷ വാഗ്മാരെ വഴിയാണ് ഇയാൾ കുട്ടികളെ കണ്ടെത്തിയത്. ലക്ഷങ്ങളാണ് ഇയാൾ പരിശീലനത്തിന് ഫീസായി ഈടാക്കിയിരുന്നത്. തുടർന്ന് പരീക്ഷയ്ക്ക് വരുന്ന ചോദ്യങ്ങളും ഉത്തരങ്ങളും ഇയാൾ വിദ്യാർഥികൾക്ക് നൽകി. വിദ്യാർഥികൾ ഇതെല്ലാം കുറിച്ചെടുത്തു. ഇതേ ചോദ്യങ്ങളാണ് പിന്നീട് നീറ്റ് യുജി പരീക്ഷയ്ക്ക് അതേപടി ആവർത്തിച്ചതെന്നും സിബിഐ വൃത്തങ്ങൾ പറഞ്ഞു. കുട്ടികളുടെ കൈയിലുണ്ടായിരുന്ന നോട്ട്ബുക്കുകളും സിബിഐ ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കി.
അറസ്റ്റിലായ പ്രൊഫ. കുൽക്കർണിയെ പുണെയിലെ കോടതിയിൽ ഹാജരാക്കിയശേഷം ഡൽഹിയിലേക്ക് കൊണ്ടുപോകും. തുടർന്ന് ഡൽഹിയിൽവെച്ച് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇയാളെ വിശദമായി ചോദ്യംചെയ്യും.
അതേസമയം, നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി സിബിഐയുടെ അന്വേഷണവും പരിശോധനകളും തുടരുകയാണ്. ഇതിനകം 150-ഓളം പേരെയാണ് സിബിഐ ചോദ്യംചെയ്തത്. 40-ഓളം പേരെ കസ്റ്റഡിയിലെടുത്തു. ഇതിൽ പലരും വിദ്യാർഥികളാണ്. ആവശ്യപ്പെട്ടാൽ ഹാജരാകണമെന്ന വ്യവസ്ഥയിൽ ഇവരിൽ പലരെയും വിട്ടയച്ചു. നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും മൊബൈൽഫോണുകളും രേഖകളും സിബിഐ പിടിച്ചെടുത്തിട്ടുണ്ട്.
അതിനിടെ, കഴിഞ്ഞദിവസം രാജസ്ഥാനിൽനിന്ന് അറസ്റ്റിലായ സഹോദരങ്ങളിൽ ഒരാളുടെ മകനും വെള്ളിയാഴ്ച കേസിൽ അറസ്റ്റിലായി. സഹോദരങ്ങളായ ദിനേശ് ഭിവാൽ, മങ്കിലാൽ ഭിവാൽ എന്നിവർക്ക് പിന്നാലെ മങ്കിലാലിന്റെ മകൻ വികാസിനെയാണ് സിബിഐ അറസ്റ്റ്‌ചെയ്തത്.
കേസിലെ മറ്റൊരു പ്രതിയായ രാകേഷ് കുമാർ എന്ന 'രാകേഷ് സർ' ഭിവാൽ സഹോദരങ്ങളിൽനിന്നാണ് 'സാധ്യത ചോദ്യപേപ്പർ' വാങ്ങിയതെന്നാണ് റിപ്പോർട്ട്. രാജസ്ഥാനിലെ സിക്കാറിൽ ആർ.കെ. കൺസൾട്ടൻസി എന്ന പേരിൽ കരിയർ ഗൈഡൻസ് സ്ഥാപനം നടത്തുന്നയാളാണ് രാകേഷ് കുമാർ. ഏകദേശം 15 ലക്ഷം രൂപയ്ക്കാണ് ഇയാൾ ഭിവാൽ സഹോദരങ്ങളിൽനിന്ന് ചോദ്യപേപ്പർ കരസ്ഥമാക്കിയത്. തുടർന്ന് വിവിധ കോച്ചിങ് സെന്ററുകൾക്കും വിദ്യാർഥികൾക്കും മൂന്നുലക്ഷം മുതൽ അഞ്ചുലക്ഷം രൂപ വരെ ഈടാക്കി വിൽപ്പന നടത്തിയതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
സിക്കാറിൽ 'ദീപ് കരിയർ ഇൻസ്റ്റിറ്റ്യൂട്ട്' എന്ന പേരിൽ പരീക്ഷാ പരിശീലനകേന്ദ്രം നടത്തിയിരുന്ന 'ഭായ് സാർ' എന്നുവിളിക്കുന്ന സത്യനാരായണൻ ചൗധരിയും ചോദ്യപേപ്പർ ചോർച്ചയിൽ സംശയമുനയിലാണ്. ഏതാനും മാസങ്ങൾ മാത്രമാണ് ഇയാളുടെ സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്നാണ് വിവരം. എന്നാൽ, കഴിഞ്ഞവർഷത്തെ നീറ്റിൽ ഇതേ സ്ഥാപനത്തിൽനിന്ന് നീറ്റ് പാസായവരെന്ന പേരിൽ ചില വിദ്യാർഥികളുടെ ഫോട്ടോസഹിതം ഇയാൾ പരസ്യംചെയ്തിരുന്നു. ഇതിൽ മൂന്നുകുട്ടികളും ഭിവാൽ കുടുംബത്തിൽനിന്നുള്ള കുട്ടികളാണ്. ഭിവാൽ കുടുംബത്തിലെ അഞ്ചുവിദ്യാർഥികൾ മാത്രം കഴിഞ്ഞവർഷം നീറ്റ് യോഗ്യത നേടി വിവിധ മെഡിക്കൽ കോളേജുകളിൽ പ്രവേശനം നേടിയിട്ടുണ്ടെന്നാണ് വിവരം. നിലവിലെ സാഹചര്യത്തിൽ ഇതേക്കുറിച്ചും അന്വേഷണസംഘം പരിശോധന നടത്തുന്നുണ്ട്.
Content Highlights: CBI arrested Chemistry Professor P.V. Kulkarni, a member of the NEET-UG paper setting committee., The accused allegedly leaked 'probable questions' to students for large sums of money., Forensic analysis of student notebooks confirmed the leaked questions matched the actual exam., CBI has questioned over 150 individuals and arrested multiple suspects across various states., Ongoing investigation into coaching centers like R.K. Consultancy and Deep Career Institute.
Published: 15 May 2026, 09:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented