ന്യൂഡൽഹി: യു.ജി.സി. നെറ്റ് പരീക്ഷയിൽ മൂന്നുവിഷയങ്ങളിലെ ചോദ്യങ്ങളിൽ വ്യാപക പിഴവുകൾ കടന്നുകൂടിയത് എ.ഐ. ഉപയോഗം കാരണമെന്ന് റിപ്പോർട്ട്.
ചോദ്യമുണ്ടാക്കാനും അവ പരിഭാഷപ്പെടുത്താനും നിർമിതബുദ്ധി വ്യാപകമായി ഉപയോഗിച്ചിട്ടുണ്ടെന്നും മാനുഷിക ഇടപെടലില്ലാതിരുന്നതാണ് അത്രയേറെ തെറ്റുകൾ കടന്നുകൂടാൻ കാരണമെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. എന്നാൽ, ആരോപണം പരീക്ഷാ നടത്തിപ്പുകാരായ എൻ.ടി.എ. നിഷേധിച്ചു. ചോദ്യങ്ങളിലെ പിഴവുകാരണം ഇംഗ്ലീഷ്, കൊമേഴ്‌സ്, സോഷ്യോളജി വിഷയങ്ങളിൽ നെറ്റ് പുനഃപരീക്ഷ അടുത്തമാസം നടത്തും.
ചോദ്യക്കടലാസ് തയ്യാറാക്കിയശേഷം മാനുഷിക പരിശോധനയുണ്ടായിട്ടുണ്ടെന്ന് എൻ.ടി.എ. ഡയറക്ടർ ജനറൽ അഭിഷേക് സിങ് പറഞ്ഞു. പിന്നെയെങ്ങനെയാണ് ഇത്രയും തെറ്റുകൾ കടന്നുകൂടിയതെന്ന ചോദ്യത്തിന് ഉത്തരമില്ല. സാധാരണനിലയിൽ നാലോ അഞ്ചോ വിഷയവിദഗ്‌ധർ ചേർന്നാണ് ഒരു ചോദ്യക്കടലാസ് തയ്യാറാക്കുന്നത്. അങ്ങനെയുള്ളപ്പോൾ ഇത്രയധികം തെറ്റുകൾ എങ്ങനെ സംഭവിക്കുമെന്ന് വിദ്യാഭ്യാസമന്ത്രാലയത്തിലെ ഉന്നതാധികാരികൾക്ക് സംശയമുണ്ട്. മുൻവർഷത്തെ കുറെ ചോദ്യങ്ങൾ ആവർത്തിക്കുകയും ചെയ്തു. ഇക്കാര്യത്തിൽ വിശദീകരണം തേടിയിരുന്നെങ്കിലും മറുപടി തൃപ്തികരമായിരുന്നില്ലെന്ന് മന്ത്രാലയവൃത്തങ്ങൾ പറയുന്നു.
ജൂണിലെ പരീക്ഷാക്രമക്കേട് ശ്രദ്ധയിൽപ്പെട്ടപ്പോൾ പുനഃപരീക്ഷ നടത്താൻ മന്ത്രാലയത്തിൽനിന്ന് നിർദേശം പോയിരുന്നതായാണ് വിവരം. അന്ന് അക്കാര്യം പരിഗണിക്കാതെ ഒന്നരമാസത്തിനുശേഷമാണ് പുനഃപരീക്ഷ പ്രഖ്യാപിച്ചത്. ഇക്കാര്യങ്ങളിൽ മന്ത്രാലയം എൻ.ടി.എ.യോട് വിശദീകരണം തേടി.
Content Highlights: Widespread errors found in UGC NET question papers for English, Commerce, and Sociology., Reports suggest AI was used without proper human review for generating and translating questions., NTA Director General Abhishek Singh denied the allegations of AI misuse
Published: 22 Aug 2026, 02:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented