
അങ്കമാലി: ‘‘ഒരു തെറ്റും ചെയ്യാത്ത എന്റെ മകനെയാണ് അവർ കൊന്നത്. എന്റെ മകൻ ഒരു തെറ്റും ചെയ്യില്ല. ഇതുവരെ ആരുമായും ഒരു വഴക്കും അവനില്ലായിരുന്നു. അയൽവാസികൾ ഉൾപ്പെടെയുള്ളവരെ കണ്ടാൽ ഒരു ഹായ് പറഞ്ഞു പോകുന്ന എന്റെ മകനെയാണ് ഇത്രയും ക്രൂരമായി കൊന്നത്’’ - പൊട്ടിക്കരഞ്ഞ് ഐവിന്റെ അമ്മ റോസ് മേരി പറഞ്ഞു.
മകൻ അപകടത്തിൽപ്പെട്ടെന്ന് അറിയിച്ചതിനെ തുടർന്ന് പാലായിൽനിന്നു വരുന്ന വഴി കൂത്താട്ടുകുളത്ത് എത്തിയപ്പോഴാണ് മരിച്ചെന്നറിഞ്ഞത്. ഇത്രയും ക്രൂരമായ കൊലപാതകത്തിനാണ് മകൻ ഇരയായതെന്നറിഞ്ഞതോടെ കരഞ്ഞ് തളർന്നിരിക്കുകയാണ് ഐവിന്റെ അമ്മ റോസ് മേരി.
രാജ്യം കാത്ത ആളാണ് തന്റെ പിതാവെന്നും അദ്ദേഹത്തിന്റെ കൊച്ചുമകനെയാണവർ കാറിടിച്ച് കൊന്നുകളഞ്ഞതെന്നും റോസ് മേരി പറഞ്ഞു. ‘‘മനുഷ്യരുടെ ജീവൻ രക്ഷിക്കാൻ ചുമതലയുള്ളവർ തന്നെ മകനെ ക്രൂരമായി കൊലപ്പെടുത്തി.
കൊലപാതകികൾ രക്ഷപ്പെട്ടുകൂടാ. ഇനിയും ഒരു രക്ഷിതാവിനും ഈ ഗതി വരരുത്’ - ഐവിന്റെ പിതാവ് ജിജോ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു. 11 മാസമായി ഷെഫായി ജോലി ചെയ്യുന്ന മകന് കൂടെ ജോലി ചെയ്യുന്നവരെല്ലാം സുഹൃത്തുക്കളായിരുന്നു. ആരുമായും ചെറിയ വഴക്കുപോലും ഉണ്ടായിട്ടില്ല. അത്രയ്ക്ക് പാവമായിരുന്നു ഐവിനെന്നും ജിജോ പറഞ്ഞു.
ഐവിൻ കൊല്ലപ്പെട്ടത് തലയ്ക്കേറ്റ പരിക്ക് മൂലം
നെടുമ്പാശ്ശേരിയിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥർ കാറിടിപ്പിച്ച ഐവിൻ കൊല്ലപ്പെട്ടത് തലയ്ക്കേറ്റ പരിക്കുമൂലമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കളമശ്ശേരി മെഡിക്കൽ കോളേജിലായിരുന്നു പോസ്റ്റ്മോർട്ടം. കാർ പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടർന്ന് ബോണറ്റിൽ നിന്നു വീണപ്പോഴാകാം തലയ്ക്ക് മുറിവേറ്റതെന്ന് കരുതുന്നു. ഒരു വീടിന്റെ മുന്നിലാണ് ഐവിൻ വീണു കിടന്നിരുന്നത്. ബോണറ്റിൽനിന്നു വീണ ഐവിൻ വീടിന്റെ മതിലിനും കാറിനും ഇടയിൽ പെട്ടിട്ടുണ്ടോ എന്നതുൾപ്പെടെയുള്ള വിവരങ്ങൾ അന്വേഷിക്കുമെന്ന് നെടുമ്പാശ്ശേരി സ്റ്റേഷൻ ഓഫീസർ സാബുജി പറഞ്ഞു. ശരീരത്തിൽ മുറിവുകളുണ്ട്. ശരീരത്തിന്റെ ഒരു വശത്ത് മുഴുവൻ പരിക്കുണ്ട്.
അപകടമുണ്ടാക്കിയ സിഐഎസ്എഫ് ഉദ്യോഗസ്ഥർക്കെതിരേ കൊലപാതകക്കുറ്റമുൾപ്പെടെയുള്ള വകുപ്പുകളാണ് നെടുമ്പാശ്ശേരി പോലീസ് ചുമത്തിയിരിക്കുന്നത്. ഐവിന്റെ കാറും ഉദ്യോഗസ്ഥരുടെ കാറും തമ്മിൽ ഉരസിയതിനെത്തുടർന്നുള്ള വാക്കുതർക്കംമൂലം ഐവിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ കാറിടിപ്പിച്ച് ബോണറ്റിനു മുകളിലേക്ക് വീഴ്ത്തുകയും ബോണറ്റിൽ പിടിച്ചുകിടന്ന് നിലവിളിച്ച ഐവിനെ ഒരു കിലോമീറ്റർ ദൂരമോടിച്ച് സഡൻ ബ്രേക്കിട്ട് വീഴിച്ച ശേഷം കാറിടിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് നെടുമ്പാശ്ശേരി പോലീസ് തയ്യാറാക്കിയ എഫ്ഐആറിൽ പറയുന്നു. ബിഎൻഎസ് 118(1), 103(1), 3(5) വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി വ്യാഴാഴ്ച രാത്രിയാണ് ഐവിന്റെ മൃതദേഹം വീട്ടിലെത്തിച്ചത്.
ഐവിന്റെ ചേതനയറ്റ ശരീരത്തിൽ കെട്ടിപ്പിടിച്ച് കരയുന്ന വീട്ടുകാരെ സമാധാനിപ്പിക്കാനാകാതെ കൂടി നിന്നവരും കരഞ്ഞു.
Content Highlights: Nedumbassery murder, Ivin Jijo 's parent Mourn Son's Death
Published: 16 May 2025, 06:27 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented