പൂണെ: മഹാരാഷ്ട്രയിലെ പുണെയിൽ ക്ഷേത്രത്തിനകത്തുവെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കരാർ ജീവനക്കാരനായ വിശാൽ സിങ്ങിനെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. പൂണെയിലെ പിംപ്രി-ചിഞ്ച്വാഡ് നഗരത്തിലെ നിഗ്ഡി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. അതിക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

To advertise here,

ഞായറാഴ്ച മാതാപിതാക്കളോടൊപ്പം ക്ഷേത്രദർശനത്തിനെത്തിയപ്പോഴാണ് അതിക്രമം ഉണ്ടായത്. ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും പൊലീസിന് നിർണായകമായത്. വിവരമറിഞ്ഞയുടൻ തന്നെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും, സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ തിങ്കളാഴ്ച പ്രതിയെ പിടികൂടുകയും ചെയ്തതായി സീനിയർ ഇൻസ്പെക്ടർ മഹേഷ് ബൻസോഡെ വ്യക്തമാക്കി.

പെൺകുട്ടി പ്രാർത്ഥന കഴിഞ്ഞ് മടങ്ങാൻ ഒരുങ്ങുമ്പോൾ പ്രതി ക്ഷേത്രത്തിലേക്കു പ്രവേശിച്ചു. നിർമ്മാണ സൈറ്റുകളിൽ തൊഴിലാളികൾ സാധാരണമായി ധരിക്കുന്ന ഓറഞ്ച് ജാക്കറ്റും ഇയാൾ ധരിച്ചിരുന്നു. പെൺകുട്ടി ക്ഷേത്രത്തിനുള്ളിൽ ഒറ്റയ്ക്കാണെന്ന് കണ്ടപ്പോൾ കൈയിൽ കടന്നു പിടിക്കുകയും ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയുമായിരുന്നു. പെട്ടെന്ന് തന്നെ പെൺകുട്ടി ഇയാളെ തള്ളി മാറ്റുകയായിരുന്നു. ഉടൻ തന്നെ ഇയാൾ ക്ഷേത്രത്തിനകത്ത് നിന്ന് പുറത്തേക്ക് പോകുന്നതും വീഡിയോയിൽ കാണാം. ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ പ്രതിഷേധവും ഉയർന്നിരുന്നു.