തിരുവനന്തപുരം: തലസ്ഥാന നഗരയിൽ പോലീസുകാരന്റെ നേതൃത്വത്തിൽ വൻ മുക്കുപണ്ട തട്ടിപ്പ്. മണ്ണന്തല പോലീസ് സ്‌റ്റേഷനിലെ പോലീസുകാരനായ അഖിൽ രാജും കുടുംബവും ചേർന്ന് 52,89,000 രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. അഖിൽ രാജിനെ പോലീസ് അറസ്റ്റ് ചെയ്തു. ബാങ്കിലെ അപ്രൈസറിനെ സ്വാധീനിച്ചാണ് മുക്കുപണ്ടം സ്വർണമാണെന്ന് സാക്ഷ്യപ്പെടുത്തി തട്ടിപ്പ് നടത്തിയത്. കാനറ ബാങ്കിലെ അപ്രൈസറായ വിജയകുമാറിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

To advertise here,

അഖിൽ രാജ്, ഭാര്യ അനഘ, അമ്മ എന്നിവർ ചേർന്ന് നാലാഞ്ചിറയിലെ കാനറ ബാങ്കിൽ വിവിധ ദിവസങ്ങളിലായി മുക്കുപണ്ടം പണയം വെച്ചാണ് വൻതുക തട്ടിയെടുക്കുകയായിരുന്നു. ബാങ്ക് പരിശോധനയ്ക്കിടെ തട്ടിപ്പ് തിരിച്ചറിഞ്ഞതിനെ തുടർന്ന് ബാങ്ക് മാനേജർ നൽകിയ പരാതിയിലാണ് മണ്ണന്തറ പോലീസ് അഖിൽ രാജിനെ അറസ്റ്റ് ചെയ്തത്. തട്ടിയെടുത്ത പണം റമ്മി കളിക്കാനാണ് അഖിൽ ഉപയോഗിച്ചത് എന്നാണ് പോലീസ് പറയുന്നത്.

കയ്യിലുള്ള സമ്പാദ്യം ഉപയോഗിച്ച് അഖിൽ റമ്മി കളിക്കാറുണ്ടായിരുന്നു. ഈ തുക പോരാതെ വന്നപ്പോഴാണ് കുടുംബത്തെയും കൂട്ടി മുക്കുപണ്ട തട്ടിപ്പ് നടത്തിയത്. അഖിലും ഭാര്യയും അമ്മയും ചേർന്ന് ഗൂഢാലോചന നടത്തി തട്ടിപ്പ് നടത്തുകയായിരുന്നു. മാർച്ച് മാസത്തിൽ മുക്കുപണ്ടം വെച്ച് 18 ലക്ഷം രൂപയും ജൂലൈയിൽ 20 ലക്ഷം രൂപയും മറ്റൊരു ദിവസം 14 ലക്ഷം രൂപയുമാണ് തട്ടിയെടുത്തത്. കേസിൽ ഒക്ടോബർ ആറിനാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.