തിരുവനന്തപുരം: നെടുമങ്ങാട് കൊല്ലപ്പെട്ട ഒന്നരവയസുകാരൻ നിരന്തരം പീഡനം നേരിട്ടിരുന്നുവെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിനെ അഖിലയുടെ അമ്മ വിളിച്ച് അറിയിച്ചിരുന്നുവെന്ന് വിവരം. കുഞ്ഞിന്റെ രണ്ട് കൈയും ഒടിഞ്ഞതിന് പിന്നാലെ കുട്ടിയുടെ അമ്മൂമ്മ റീന ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിനെ വിളിച്ചറിയിച്ചതിന്റെ ശബ്ദ സന്ദേശം പുറത്തുവന്നു. ഡിസിപിയു ഒരു നടപടിയും എടുത്തിട്ടില്ല. റീനയ്ക്ക് മറ്റെന്തോ പ്രശ്നം എന്നായിരുന്നു ഹെൽപ് ലൈനിൽ നിന്നുള്ള മറുപടി. മേയ് മൂന്നിനാണ് റീന ഡിസിപിയുവിൽ വിളിച്ചറിയിക്കുന്നത്. മേയ് 23നാണ് കുട്ടി കൊല്ലപ്പെടുന്നത്.
കുട്ടിയുടെ രണ്ട് കൈയ്യും തല്ലിയൊടിച്ച നിലയിലാണ്. താൻ നിസ്സഹായയാണെന്ന് അറിയിച്ചുകൊണ്ടായിരുന്ന ഫോൺ കോൾ. മകൾ തനിക്കയച്ച ഫോട്ടോയിൽ കുഞ്ഞിന്റെ രണ്ട് കൈകളും ഒടിഞ്ഞ നിലയിലാണെന്നും സ്റ്റെപ്പിൽ നിന്ന് വീണപ്പോൾ പറ്റിയതാണെന്നുമാണ് പറഞ്ഞതെന്നും ഹെൽപ്പ് ലൈനിൽ വിളിച്ച് അമ്മൂമ്മ അറിയിക്കുന്ന ശബ്ദ സന്ദേശമാണ് പുറത്തു വന്നത്. എന്നാൽ ഇത്രയും ഗൗരവമേറിയ വിഷയം അറിഞ്ഞിട്ടും സംശയമെന്നോണം ചോദ്യങ്ങൾ ഉന്നയിക്കുകയല്ലാതെ മറ്റ് തുടർനടപടികളൊന്നും തന്നെ ചൈൽഡ് ഹൈൽപ്പ് ലൈനിന്റെ ഭാഗത്ത് നിന്നുണ്ടായില്ല.
റീനയുടെ ശബ്ദ സന്ദേശത്തിൽ നിന്ന്;
'വിവാഹാലോചനയുമായി വന്നപ്പോൾ കുഞ്ഞിനെ നോക്കാൻ പറ്റുന്നവർക്ക് മാത്രമേ മകളെ വിവാഹം കഴിച്ചു കൊടുക്കൂ എന്ന് പറഞ്ഞു. എന്നാൽ കുഞ്ഞിനെ നോക്കിക്കോള്ളാം. കുഞ്ഞിനെ കൂടിയാണ് അവളെ സ്നേഹിച്ചതും അവൻ (അർഷദ്) പറഞ്ഞു. പിന്നീട് അവൾ ഇറങ്ങിപ്പോയി വിവാഹം കഴിച്ചുവെന്നാണ് പറഞ്ഞത്. ഞങ്ങൾ ആരും അറിഞ്ഞില്ല. അവന്റെ വീട്ടിലാണ് താമസിക്കുന്നത്. കുഞ്ഞ് ഒരുമാസത്തോളം ഞങ്ങളുടെ വീട്ടിലായിരുന്നു. ഒന്നരവയസ് മാത്രമേ പ്രായമുള്ളൂ. ഭർത്താവ് അവളെ മാനസികമായി പീഡിപ്പിക്കുകയാണ്.
കുറച്ചു കാലം കുഞ്ഞിനെ വീട്ടിൽ നിർത്തിയിരുന്നു. പിന്നീട് പോലീസിന്റെ ഇടപെടലിൽ കുട്ടിയെ അവർ തിരികെ കൊണ്ടുപോയി. കുഞ്ഞിനെ കൊണ്ടുപോയതിന് ഒരു മാസത്തിന് ശേഷം വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് കാണുന്നത് കുട്ടിയുടെ രണ്ട് കൈയിലും പ്ലാസ്റ്ററിട്ട നിലയിലുള്ള ഫോട്ടോയാണ്. കുഞ്ഞ് വീണു എന്ന് പറഞ്ഞാണ് മകൾ വോയിസ് അയച്ചത്. ഫോണിൽ സ്റ്റാറ്റസും ഇട്ടിട്ടുണ്ടായിരുന്നു. വീണത് വ്യക്തമാക്കുന്ന ദേഹത്ത് മുറിവോ മറ്റോ ഉണ്ടായിരുന്നില്ല.
അവളുടെ സാധനങ്ങളും കുട്ടിയുടെ സാധനങ്ങളൊക്കെ വീട്ടിൽ നിന്ന് എടുത്തു കൊണ്ട് ഒരു ദിവസം പോയി. അന്ന് വീടിന് തൊട്ട് മുകളിൽ വെച്ച് അവൻ പറഞ്ഞത്, 'അഞ്ചാറ് ദിവസം കുട്ടിയെ നോക്കും. പിന്നീട് പുഴുത്തപട്ടിയെ നോക്കുന്നത് പോലെ നോക്കത്തുള്ളൂ' എന്ന് അവൻ റോഡിന് തൊട്ട് മുമ്പിൽ നിന്ന് പറഞ്ഞു. എന്റെ കുഞ്ഞിനെ എനിക്ക്... ആ കുഞ്ഞിന്റെ മുഖം കണ്ടാൽ സഹിക്കൂല്ല സാറേ.. അതിന്റെ ദയനീയ അവസ്ഥ.... അവള് എങ്ങനെ ഈ കുട്ടിയോട്... വണ്ടിയോടെ കുട്ടിയെ എടുത്തെറിഞ്ഞെതാണോ അതോ...'
വണ്ടിയിൽ നിന്നൊക്കെ വീണതാകും. മകളെ വിളിച്ച് ചോദിക്കാമായിരുന്നില്ലേ എന്ന് ഡിസിപിയു ജീവനക്കാരൻ തിരികെ ചോദിക്കുന്നുണ്ട്. ഇതിനിടെ തന്റെ ജോലിയും നിസ്സഹായവസ്ഥതയും റീന വിശദീകരിക്കുന്നതും ശബ്ദ സന്ദേശത്തിൽ കേൾക്കാം. റീന പരാതി പറയുമ്പോൾ അതിന് പരിഹാരം നിർദേശിക്കുന്നതിന് പകരം റീന കുട്ടിയെ തിരികെ കൊടുത്തതിനെ പഴിക്കുകയാണ് ഡിസിപിയു ജീവനക്കാരന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. എല്ലാം നിങ്ങൾ ചിന്തിച്ച് എടുക്കുന്നതാണെന്ന ന്യായീകരണവും അദ്ദേഹം റീനയോട് പറയുന്നുണ്ട്. ഇതിനിടെ, 'സാർ ഒരു കാര്യം ചെയ്യണം, ആ കുട്ടിയെ ഞങ്ങൾക്ക് തന്നാൽ ഞങ്ങൾ നോക്കാം' എന്ന് പറയുന്നുണ്ട്. എന്നാൽ അതിനുള്ള ഓപ്ഷൻ ഇല്ലെന്നും അത് കോടതിയാണെന്ന് തീരുമാനിക്കുന്നതെന്നും പറഞ്ഞ് സാധാരണയെന്നോണം കൈയൊഴിയുന്നതും ശബ്ദ സന്ദേശത്തിൽ കേൾക്കാം. വളരെ സാധാരണ മട്ടിലാണ് റീന പരാതി ഉന്നയിക്കുമ്പോൾ ജീവനക്കാരന്റെ മറുപടി. 'ഇതിൽ എനിക്ക് തോന്നുന്നത് വേറെ എന്തൊക്കെയോ വിഷയങ്ങൾ ഉണ്ട്. നിങ്ങൾ എന്തൊക്കെയോ മറക്കുന്നുണ്ട്. പലതും മറക്കുന്നുണ്ട്' എന്നും ഡിസിപിയു ജീവനക്കാരൻ പറയുന്നതും ശബ്ദ സന്ദേശത്തിൽ കേൾക്കാം.
നെടുമങ്ങാട്ടെ അഖിലയുടെ മകൻ അർഷിദ് ആണ് രണ്ടാനച്ഛൻ അർഷദിന്റെ ക്രൂരമർദനമേറ്റ് കൊല്ലപ്പെടുന്നത്. ഇയാൾ സ്ഥിരമായി കുട്ടിയെ മർദിക്കാറുണ്ടെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. കുട്ടിയുടെ ശരീരത്തിൽ ആകെ 91 മുറിവുകൾ ഉണ്ടായിരുന്നതായും ഏഴ് വാരിയെല്ലുകൾ തകർന്നതായും പോലീസ് കണ്ടെത്തിയിരുന്നു.
Content Highlights: Grandmother reported severe abuse to DCPU on May 3, weeks before the child's death., Audio evidence shows DCPU officials dismissed the warning as a personal family dispute., The toddler, Arshid, suffered 91 injuries and seven broken ribs., Official failure to intervene despite photographic evidence of broken arms., The child was killed by his stepfather on May 23.
Published: 12 Jun 2026, 08:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented