മുംബൈ: നാസിക് കേന്ദ്രമായി പ്രവർത്തിക്കുന്ന ടിസിഎസുമായി ബന്ധമുള്ള ഒരു ബിപിഒയിൽ നടന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ചും നിർബന്ധിത മതപരിവർത്തന ശ്രമങ്ങളെക്കുറിച്ചുമുള്ള കേസിൽ നിർണ്ണായകമായ പുതിയ വെളിപ്പെടുത്തലുകൾ. കേസുമായി ബന്ധപ്പെട്ട് നാലാമത് ഒരു അതിജീവിത കൂടി പരാതിയുമായി രംഗത്തെത്തി. താൻ നൽകിയ തുടർച്ചയായ പരാതികൾ ഉന്നത ഉദ്യോഗസ്ഥർ അവഗണിച്ചുവെന്നും വിഷയം ഒതുക്കിത്തീർക്കാൻ അവർ തന്നിൽ സമ്മർദ്ദം ചെലുത്തിയെന്നും യുവതി ആരോപിച്ചു.

To advertise here,

എച്ച്ആർ വിഭാഗവും ഓപ്പറേഷണൽ മാനേജറായ അശ്വിനി ചൈനാനിയും ചേർന്ന് അതിജീവിതയെ നിശബ്ദയാക്കാൻ ശ്രമിച്ചതായാണ് പരാതിയിൽ പറയുന്നത്. "എന്തിനാണ് നിങ്ങൾ ശ്രദ്ധാകേന്ദ്രമാകുന്നത്? ഇത് ഇവിടെ വിട്ടേക്കൂ, ഈ വിഷയം ഉപേക്ഷിക്കൂ," എന്നായിരുന്നു അധികൃതരുടെ മറുപടിയെന്ന് അതിജീവിത വെളിപ്പെടുത്തി.

2023 മെയ് മാസത്തിൽ ജോലിയിൽ പ്രവേശിച്ചപ്പോൾ തന്നെ റസ മേമോൻ എന്ന ഉദ്യോഗസ്ഥൻ തന്നെ ശല്യം ചെയ്യാൻ തുടങ്ങിയതായി യുവതി പറഞ്ഞു. ഇൻഡക്ഷൻ ട്രെയിനിങ് കാലയളവിൽ താൻ ഒറ്റയ്ക്കായ സമയത്ത് സമീപിച്ച മേമോൻ, ഓഫീസ് ആശയവിനിമയ സംവിധാനമായ 'ടീംസിൽ' തന്റെ കടങ്കഥകൾക്ക് മറുപടി നൽകാൻ നിർബന്ധിച്ചിരുന്നു. ഈ കാര്യങ്ങൾ രഹസ്യമായി വെക്കണമെന്ന് അയാൾ കർശനമായി ആവശ്യപ്പെട്ടിരുന്നു. തുടക്കത്തിൽ പുതിയ ജീവനക്കാരിയെന്ന നിലയിലുള്ള ഭയം മൂലം താൻ ഇത് റിപ്പോർട്ട് ചെയ്തില്ലെങ്കിലും, പിന്നീട് അയാൾ പിന്തുടരാനും അനാവശ്യമായ ശാരീരിക സ്പർശനങ്ങൾ നടത്താനും തുടങ്ങിയതോടെ സാഹചര്യം അതീവ ഗുരുതരമായതായി പരാതിയിൽ പറയുന്നു.

2023 ജൂൺ മാസത്തിൽ ക്വാളിറ്റി/ട്രെയിനിങ് മാനേജരോട് പരാതിപ്പെട്ടപ്പോൾ, മേമോന്റെ മുൻകാല പെരുമാറ്റങ്ങളും സംശയാസ്പദമായിരുന്നു എന്ന ഞെട്ടിക്കുന്ന മറുപടിയാണ് ലഭിച്ചത്. എന്നാൽ കുറ്റവാളിക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം ഒരിക്കലും ഒറ്റയ്ക്ക് ഇരിക്കാതിരിക്കാൻ ശ്രദ്ധിക്കുക എന്ന ഉപദേശമാണ് ഉദ്യോഗസ്ഥർ നൽകിയത്. ടീം ലീഡറും സമാനമായ നിലപാടാണ് സ്വീകരിച്ചത്. ഇതിനിടയിൽ, പരാതി നൽകിയതിന്റെ വൈരാഗ്യത്തിൽ മേമോൻ യുവതിയെക്കുറിച്ച് അപവാദങ്ങൾ പ്രചരിപ്പിക്കാൻ തുടങ്ങി. ഒരു സഹപ്രവർത്തകനുമായി യുവതിക്ക് അവിഹിത ബന്ധമുണ്ടെന്ന് കാട്ടി അയാൾ വ്യാജവാർത്തകൾ പരത്തിയതായും ആരോപണമുണ്ട്.

2025 നവംബറിൽ യുവതിയുടെ വിവാഹം കഴിഞ്ഞിട്ടും മേമോൻ ശല്യം തുടർന്നുകൊണ്ടിരുന്നു. വിവാഹജീവിതത്തെക്കുറിച്ച് ലൈംഗിക ചുവയുള്ള അശ്ലീല പരാമർശങ്ങൾ അയാൾ നടത്തിയിരുന്നു. 2026 ഫെബ്രുവരിയിൽ ഭർത്താവിനൊപ്പം വിനോദയാത്രയ്ക്ക് പോയപ്പോൾ അത് ഹണിമൂൺ ആണോ എന്നും മദ്യം കഴിക്കുമോ എന്നും അയാൾ ചോദിച്ചതായി യുവതിയുടെ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഇതിനുപുറമെ, ഡാനിഷ്, തൗസിഫ് എന്നീ സഹപ്രവർത്തകരെ കൂട്ടുപിടിച്ച് ജോലിഭാരം കൂട്ടി പ്രതികാരം തീർക്കാനും അയാൾ ശ്രമിച്ചുവെന്നും യുവതി പറയുന്നു. സിസ്റ്റം ക്രമീകരണങ്ങളിൽ മാറ്റം വരുത്തി സാധാരണയായി 30 സെക്കൻഡിൽ ലഭിക്കേണ്ട കോളുകൾ ഓരോ സെക്കൻഡിലും യുവതിയുടെ സിസ്റ്റത്തിലേക്ക് എത്തുന്ന രീതിയിൽ അവർ തിരിമറി നടത്തിയതായും പരാതിയിലുണ്ട്.

പരാതികൾ ഉന്നത മാനേജ്‌മെന്റിന് മുന്നിലെത്തിയിട്ടും പ്രതികളായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് അധികൃതർ സ്വീകരിച്ചത്. ഇത് കുറ്റവാളികളെ കൂടുതൽ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തതെന്ന് യുവതി ആരോപിക്കുന്നു. 2026 മാർച്ച് 19-ന് ഷാരൂഖ് എന്ന മറ്റൊരു സഹപ്രവർത്തകൻ യുവതിയെ തുറിച്ചുനോക്കുകയും അശ്ലീല പരാമർശങ്ങൾ നടത്തുകയും ചെയ്തു. തന്നോടൊപ്പം പുറത്തു വരാൻ അയാൾ നിരന്തരം നിർബന്ധിച്ചതായും പരാതിയിൽ പറയുന്നു. മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുണ്ടായ നിസ്സംഗത ഇത്തരം മോശം പെരുമാറ്റങ്ങൾ ആവർത്തിക്കാൻ കാരണമായതായി അവർ ചൂണ്ടിക്കാട്ടി.

സഹികെട്ട യുവതി ഇപ്പോൾ റസ മേമോൻ, ഷാരൂഖ്, അശ്വിനി ചൈനാനി എന്നിവർക്കെതിരെ ഔദ്യോഗികമായി നിയമപോരാട്ടം ആരംഭിച്ചിരിക്കുകയാണ്. മറാത്തിയിൽ തയ്യാറാക്കിയ തന്റെ മൊഴി പൂർണ്ണമായും സത്യമാണെന്ന് വ്യക്തമാക്കിയാണ് അവർ കോടതിയെ സമീപിച്ചിരിക്കുന്നത്. കുറ്റവാളികളെ സംരക്ഷിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെയും കർശന നടപടി വേണമെന്നാണ് അതിജീവിതയുടെ ആവശ്യം.