മുംബൈ: നാസിക്കിലെ ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS) ബിപിഒ യൂണിറ്റിലെ ലൈംഗിക പീഡനം, മതപരമായ പീഡനം എന്നിവയുമായി ബന്ധപ്പെട്ട കേസിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. വനിതാ ജീവനക്കാരെ മാനസികമായി പീഡിപ്പിക്കാനായി ഓഫീസിലെ പാസ്‌വേഡുകളിൽ അശ്ലീല കോഡുകൾ ഉപയോഗിച്ചതായും ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ അശ്ലീല സന്ദേശങ്ങൾ അയച്ചതായും അതിജീവിതമാർ ആരോപിക്കുന്നു.

To advertise here,

തന്റെ ട്രെയിനിംഗ് കാലയളവിൽ തുടങ്ങിയ ഈ പീഡനം മാസങ്ങളോളം തുടർന്നു എന്നാണ് മഹാരാഷ്ട്ര സംസ്ഥാന വനിതാ കമ്മീഷനിൽ മൊഴി രേഖപ്പെടുത്തുന്നതിനിടെ ഒരു പരാതിക്കാരി വെളിപ്പെടുത്തിയത്. പ്രതിയായ റാസ റഫീഖ് മേമൻ തന്നെ ഇടയ്ക്കിടെ ക്യാബിനിലേക്ക് വിളിച്ചു വരുത്തുകയും ലൈംഗികച്ചുവയുള്ള പരാമർശങ്ങൾ നടത്തുകയും തന്റെ മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള കാര്യങ്ങൾ മനഃപൂർവ്വം പറയുകയും ചെയ്തിരുന്നതായി അവർ ആരോപിച്ചു.

തന്റെ മേലുദ്യോഗസ്ഥനോട് പരാതിപ്പെട്ടിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്നും പകരം പീഡനം വർധിക്കുകയാണ് ഉണ്ടായതെന്നും അവർ പറഞ്ഞു. ഡാനിഷ് ഷെയ്ഖ്, തൗസിഫ് അത്താർ എന്നീ രണ്ട് പ്രതികൾ പിന്നീട് തന്നെ സാമൂഹികമാധ്യമങ്ങൾവഴി പിന്തുടരാനും അപവാദങ്ങൾ പ്രചരിപ്പിക്കാനും തുടങ്ങിയതായും ഇവർ വെളിപ്പെടുത്തി. പീഡനം വ്യക്തിപരമായ സംഭാഷണങ്ങളിൽ മാത്രം ഒതുങ്ങിനിന്നിരുന്നില്ല എന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്.

യൂണിറ്റിലെ ഒരു ഗ്രൂപ്പ് ലീഡർ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ദിവസവും അശ്ലീല സന്ദേശങ്ങൾ അയച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. വനിതാ ജീവനക്കാരെ മാനസികമായി തളർത്തുന്നതിന്റെ ഭാഗമായി ഓഫീസിലെ വൈഫൈ പാസ്വേഡുകൾ അശ്ലീല പദങ്ങളോ മതവിശ്വാസത്തെ വ്രണപ്പെടുത്തുന്ന വാക്കുകളോ ഉൾപ്പെടുത്തി ഇടയ്ക്കിടെ മാറ്റിയിരുന്നതായും റിപ്പോർട്ടുകൾ പറയുന്നു.

നാസിക്കിലെ ടിസിഎസ് ബിപിഒ യൂണിറ്റിലെ ഡാനിഷ് ഷെയ്ക്ക് എന്ന ജീവനക്കാരൻ, 2022-ൽ താൻ വിവാഹിതനാണെന്ന വിവരം മറച്ചുവെച്ച്, വിവാഹവാഗ്ദാനം നൽകി ഓഫീസിലെ ഒരു സ്ത്രീയുമായി ശാരീരിക ബന്ധം സ്ഥാപിച്ചു. സത്യം മനസിലാക്കിയ യുവതി പരാതിയുമായി മുന്നോട്ട് വന്നതോടെയാണ് ഈ കേസിന്റെ തുടക്കം.

ഇതേ ഓഫീസിൽ ജോലി ചെയ്തിരുന്ന ഡാനിഷിന്റെ സഹോദരി നിദ ഖാനും ഇതിൽ പങ്കുണ്ടെന്നാണ് പോലീസിന് ലഭിച്ച പരാതിയിൽ പറയുന്നത്. നിദ ഖാൻ തന്റെ മതവിശ്വാസത്തെക്കുറിച്ച് മോശം പരാമർശങ്ങൾ നടത്തിയെന്നും മതം മാറാൻ സമ്മർദ്ദം ചെലുത്തിയെന്നും പരാതിക്കാരി ആരോപിച്ചു. അന്വേഷണം പുരോഗമിക്കുന്തോറും ഏഴ് സ്ത്രീകൾ കൂടി സമാനമായ പരാതികളുമായി പോലീസിനെ സമീപിച്ചു.

തങ്ങൾ നൽകിയ പരാതികൾ ഹ്യൂമൻ റിസോഴ്സ് (HR) വിഭാഗം അവഗണിച്ചതായും അവർ ആരോപിച്ചു. 2022 ഫെബ്രുവരി മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിലാണ് ഈ സംഭവങ്ങൾ നടന്നത്. ജോലിസ്ഥലത്ത് മതം മാറ്റത്തിന് ശ്രമം നടന്നുവെന്ന് ആരോപിച്ച് ഒരു പുരുഷ ജീവനക്കാരനും പരാതി നൽകിയിട്ടുണ്ട്. കേസിൽ ആകെ ഒമ്പത് എഫ്‌ഐആറുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

നിലവിൽ കേസിൽ എച്ച്ആർ ഹെഡ് അശ്വിനി ചൈനാനി ഉൾപ്പെടെ ഏഴ് ടിസിഎസ് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡാനിഷ് ഷെയ്ഖ്, തൗസിഫ് അത്താർ, റാസ റഫീഖ് മേമൻ, ഷാരൂഖ് ഖുറേഷി, ഷാഫി ഷെയ്ഖ്, ആസിഫ് അഫ്താബ് അൻസാരി എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. നിദ ഖാൻ ഇപ്പോഴും ഒളിവിലാണ്. ഇവരെ എല്ലാവരെയും കമ്പനി സസ്‌പെൻഡ് ചെയ്തു. ഔദ്യോഗികമായി പരാതി നൽകുന്നതിൽ നിന്ന് ഇരയെ പിന്തിരിപ്പിച്ചു എന്നതാണ് അശ്വിനി ചൈനാനിക്കെതിരെയുള്ള കുറ്റം.