ന്യൂഡൽഹി: നാസിക്കിലെ ടാറ്റാ കൺസൾട്ടൻസി സർവീസസ് (TCS) യൂണിറ്റുമായി ബന്ധപ്പെട്ട കേസിൽ, ജോലിസ്ഥലത്തെ അതിക്രമങ്ങൾ, ഭീഷണിപ്പെടുത്തൽ, നിയമപരമായ സംരക്ഷണങ്ങളുടെ ലംഘനങ്ങൾ എന്നിവയെക്കുറിച്ച് ഗുരുതരമായ ആരോപണങ്ങളുമായി ദേശീയ വനിതാ കമ്മിഷൻ (NCW) റിപ്പോർട്ട്. ചെയർപേഴ്സൺ വിജയ രഹത്കറുടെ നിർദ്ദേശപ്രകാരം രൂപവത്കരിച്ച വസ്തുതാന്വേഷണ സമിതി സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ നിരീക്ഷണങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. നിരവധി വനിതാ ജീവനക്കാർ ഉന്നയിച്ച പരാതികളിൽ കമ്മിഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു.

To advertise here,

സമിതിയിലെ അംഗങ്ങൾ നാസിക് സന്ദർശിച്ച് പരാതിക്കാരെയും പോഷ് നിയമ പ്രകാരമുള്ള (POSH ACT 2013 – തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമം തടയൽ നിയമം) ആഭ്യന്തര സമിതിയിലെ അംഗങ്ങളെയും പോലീസ് ഉദ്യോഗസ്ഥരെയും മറ്റ് സാക്ഷികളെയും കണ്ടു സംസാരിച്ചു. ലൈംഗിക അതിക്രമം, അധികാര ദുർവിനിയോഗം, ഭീഷണിപ്പെടുത്തൽ, നിരന്തരമായ മാനസിക പീഡനം എന്നിവ നിറഞ്ഞ തൊഴിൽ അന്തരീക്ഷം നിലനിന്നിരുന്നതായി സമിതി കണ്ടെത്തി. നാസിക് ഓഫീസിൽ ചില പ്രതികൾ നിയന്ത്രണം ചെലുത്തുകയും ദുർബലരായ യുവതികളെ പ്രത്യേകിച്ച് ജെൻസീ യുവതികളെ ലക്ഷ്യമിടുകയും ഇത് ലൈംഗികവും വൈകാരികവും മാനസികവുമായ പീഡനങ്ങൾക്ക് കാരണമായി എന്നും റിപ്പോർട്ടിൽ പറയുന്നു. ജെൻസീ യുവതികളെ വളരെ വേഗത്തിൽ സ്വാധീനിക്കാൻ സാധ്യതയുള്ളതിനാലാണ് അവരെ പ്രധാനമായും ലക്ഷ്യമിട്ടതെന്നാണ് സൂചന.

ജോലിസ്ഥലത്ത് മതവിശ്വാസങ്ങളെയും ആചാരങ്ങളെയും നിന്ദിക്കുന്ന പരാമർശങ്ങളുണ്ടായതായും റിപ്പോർട്ടിലുണ്ട്. ചില വനിതാ ജീവനക്കാർക്ക് നിർബന്ധിതവും അസ്വസ്ഥത നിറഞ്ഞതുമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്ന വിധത്തിലുള്ള മതവിരുദ്ധ പരാമർശങ്ങളാണ് ഉണ്ടായത്.  തൊഴിൽപരമായ പ്രത്യാഘാതങ്ങൾ, വിശ്വസനീയമായ പരിഹാര സംവിധാനങ്ങളുടെ അഭാവം എന്നിവയെക്കുറിച്ചുള്ള ഭയം കാരണം നിരവധി ജീവനക്കാർക്ക് പരാതി നൽകാൻ മടിയുണ്ടായിരുന്നു എന്നും കമ്മിഷൻ വ്യക്തമാക്കി.

സിസിടിവി ക്യാമറകൾ പ്രവർത്തിക്കാത്തതിനെക്കുറിച്ചും സമിതി സൂചിപ്പിച്ചു. നാസിക് യൂണിറ്റുമായി ബന്ധപ്പെട്ട് അതിക്രമം, അധികാര ദുർവിനിയോഗം, മതപരമായ വികാരങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ള മനഃപൂർവമായ പ്രവൃത്തികൾ എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകൾ അന്വേഷണം നടത്തുമ്പോൾ പോലീസ് അധികാരികൾ പരിഗണിക്കണമെന്ന് കമ്മിറ്റി ശുപാർശ ചെയ്തു. സാക്ഷികൾക്ക് സംരക്ഷണം നൽകണമെന്നും ഭീഷണിപ്പെടുത്തൽ അല്ലെങ്കിൽ അനാവശ്യമായ ഇടപെടലുകളിൽ നിന്ന് പരാതിക്കാരെ സംരക്ഷിക്കണമെന്നും സമിതി അധികാരികളോട് ആവശ്യപ്പെട്ടു.