മുംബൈ: നാസിക്കിലെ ടാറ്റാ കൺസൾട്ടൻസി സർവീസസ് (TCS) യൂണിറ്റിൽ നടന്ന ലൈംഗികാതിക്രമത്തെക്കുറിച്ചും മതപരിവർത്തന ശ്രമങ്ങളെക്കുറിച്ചും ഉയർന്ന പരാതികൾ ഓഫീസിലെ അധികൃതർ അവഗണിച്ചതായി വിവരം. ഒരു മുതിർന്ന ഉദ്യോഗസ്ഥൻ തന്നെ നിരന്തരം പീഡിപ്പിക്കുന്നുവെന്ന് കരാർ ജീവനക്കാരി പരാതിപ്പെട്ടെങ്കിലും, വിഷയം ഒതുക്കിത്തീർക്കാനാണ് കമ്പനി അധികൃതർ ശ്രമിച്ചതെന്ന ആരോപണമാണ് ഏറ്റവും പുതിയതായ പുറത്തുവന്നിട്ടുള്ളത്.

To advertise here,

പരാതി നൽകിയ യുവതിയെ പിന്തിരിപ്പിക്കാൻ ശ്രമിച്ച എച്ച്ആർ ഹെഡ് ഉൾപ്പെടെ എട്ട് പേരെയാണ് നിലവിൽ പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. പ്രതികാരബുദ്ധിയോടെ പെരുമാറിയ കുറ്റാരോപിതൻ യുവതിയുടെ ജോലിയെ തടസപ്പെടുത്തുകയും അവർക്കെതിരെ മോശമായ പ്രചരണങ്ങൾ നടത്തുകയും ചെയ്തതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഓഫീസിലെ മുതിർന്ന സഹപ്രവർത്തകനിൽനിന്ന് ലൈംഗികാതിക്രമം നേരിട്ടുവെന്ന് പരാതിപ്പെട്ട വനിതാ ജീവനക്കാരിയോട് ടിസിഎസ് നാസിക് യൂണിറ്റിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ വിഷയം വിട്ടേക്കാനാണ് ഉപദേശിച്ചത് എന്ന് പരാതിക്കാരിയെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു. യൂണിറ്റിൽ മൂന്ന് വർഷം മുമ്പ് കരാർ അടിസ്ഥാനത്തിൽ ജോലിയിൽ പ്രവേശിച്ചയാളാണ് അതിജീവിത.

ലോൺസ് ബ്രാഞ്ച് ടീം ലീഡറായ റാസ മേമനെതിരെ ക്വാളിറ്റി ആൻഡ് ട്രെയിനിംഗ് മാനേജർക്കാണ് അതിജീവിത വാമൊഴിയായി പരാതി നൽകിയത്. പരിശീലന മുറിയിൽ താൻ തനിച്ചായിരുന്ന സമയത്ത് റാസ തന്നോട് മോശമായി പെരുമാറാൻ ശ്രമിച്ചുവെന്നാണ് യുവതി മേലുദ്യോഗസ്ഥനെ അറിയിച്ചത്. ഈ വിവരം രഹസ്യമാക്കി വെക്കാൻ റാസ തന്നെ സമ്മർദ്ദത്തിലാക്കിയെന്നും നിരന്തരം പിന്തുടർന്ന് അനുചിതമായ രീതിയിൽ സ്പർശിക്കുകയും ചെയ്തതായാണ് അവർ പരാതിപ്പെട്ടത്.

എന്നാൽ, പരാതി കേട്ട ട്രെയിനിങ് മാനേജർ, 'റാസയുടെ സ്വഭാവം നേരത്തെ തന്നെ ചോദ്യം ചെയ്യപ്പെട്ടിട്ടുള്ളതാണ്. നിങ്ങൾ സ്വയം ശ്രദ്ധിക്കുക, ഒറ്റയ്ക്ക് ഇരിക്കരുത്' എന്ന് ഉപദേശിക്കുകയാണ് ചെയ്തതെന്ന് അതിജീവിത പറയുന്നു. ഒറ്റപ്പെട്ടുപോകരുതെന്നും എപ്പോഴും എല്ലാവരോടും ഒപ്പംവേണം നടക്കാനെന്നും പറഞ്ഞ് ടീം ലീഡറും ഈ പരാതിയെ തള്ളിക്കളഞ്ഞു.

അതേസമയം, യുവതി പരാതി നൽകി എന്നറിഞ്ഞ റാസ, പിന്നീട് ഇവരോട് പ്രതികാരബുദ്ധിയോടെ പെരുമാറാൻ തുടങ്ങി. അതിജീവിതയ്ക്ക് മറ്റൊരു  ജീവനക്കാരനുമായി അവിഹിത ബന്ധമുണ്ടെന്ന് ഓഫീസിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയും അവരുടെ വ്യക്തിജീവിതത്തെയും വിവാഹത്തെയും കുറിച്ച് അശ്ലീല പരാമർശങ്ങൾ നടത്തുകയും ചെയ്തു.

ഈ പരാതിയുമായി എച്ച്ആർ വിഭാഗം തലവനും ഓപ്പറേഷൻസ് മാനേജരുമായ അശ്വിനി ചൈനാനിയെ സമീപിച്ചപ്പോൾ, 'നിങ്ങൾ എന്തിനാണ് വെറുതെ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമാകുന്നത്? ഇത് വിട്ടേക്കൂ, ഈ ചിന്ത ഉപേക്ഷിക്കൂ.' എന്നാണ് മറുപടി ലഭിച്ചതെന്നും പരാതിക്കാരി പറയുന്നു. ഈ കേസിൽ ഇതുവരെ അറസ്റ്റിലായ എട്ടു പേരിൽ ഒരാളാണ് ചൈനാനി.

തനിക്ക് നേരെയുള്ള അതിക്രമങ്ങളെ എതിർത്തതോടെ റാസയും സഹപ്രവർത്തകരായ ഡാനിഷ്, തൗസിഫ് എന്നിവരും ചേർന്ന് ഓഫീസിലെ കമ്പ്യൂട്ടർ സിസ്റ്റത്തിൽ കൃത്രിമം കാണിച്ചു. സാധാരണഗതിയിൽ ഓരോ 30 സെക്കൻഡിലും വരേണ്ട കോളുകൾ, ഓരോ സെക്കൻഡിലും വരുന്നത് പോലെ ക്രമീകരിച്ച് അമിതമായ ജോലിഭാരം നൽകി തന്നെ മാനസികമായി തളർത്താൻ ശ്രമിച്ചതായും അതിജീവിത ആരോപിക്കുന്നു.

എന്നാൽ, റാസ മേമന്റെ കുടുംബം ആരോപണങ്ങൾ നിഷേധിച്ചു. ജോലി സംബന്ധമായ ശത്രുതയാണ് ഇതിന് പിന്നിലെന്നാണ് കുടുംബം പറയുന്നത്. അതേസമയം, ഇത്തരം പരാതികളൊന്നും ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്നാണ് ടിസിഎസ് അവകാശപ്പെടുന്നത്. ഇത്തരം വിഷയങ്ങളിൽ സന്ധിയില്ലാത്ത നിലപാടാണ് കമ്പനിക്കുള്ളതെന്നും ആഭ്യന്തര ചാനലുകൾ വഴി ഇത്തരമൊരു പരാതി ലഭിച്ചിട്ടില്ലെന്നുമാണ് കമ്പനി അവകാശപ്പെടുന്നത്.

നിലവിൽ നാസിക് പോലീസ് ഈ സംഭവത്തിൽ പ്രത്യേക അന്വേഷണം നടത്തിവരികയാണ്. ഈ യൂണിറ്റിലെ വനിതാ ജീവനക്കാർ നേരിട്ട പീഡനങ്ങളുമായി ബന്ധപ്പെട്ട് ആകെ ഒമ്പത് എഫ്‌ഐആറുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. നാസിക് പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് കേസിൽ അന്വേഷണം നടത്തുന്നത്.