
തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച നന്തൻകോട് കൂട്ടക്കൊലക്കേസിലെ കേഡൽ ജീന്‍സണ്‍ കുറ്റക്കാരൻ. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. ഏക പ്രതി കേഡൽ ജെൻസൻ രാജ, മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവായ സ്ത്രീയെയും കൊലപ്പെടുത്തി എന്നാണ് കേസ്. തിരുവനന്തപുരം ആറാം അഡിഷണൽ സെഷൻസ് കോടതിയാണ് കേഡലിനെ കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയത്. ശിക്ഷ വിധിക്കുന്നതിൽ വാദം നാളെ(ചൊവ്വാഴ്ച)യാണ്.
2017 ഏപ്രിൽ ഒമ്പതിനാണ് ക്ലിഫ് ഹൗസിന് സമീപമുള്ള വീട്ടിൽ അമ്മ ഡോ. ജീൻ പത്മ, അച്ഛൻ പ്രൊഫ. രാജ് തങ്കം, സഹോദരി കരോലിൻ, ബന്ധു ലളിത എന്നിവരെ കേഡൽ കൊലപ്പെടുത്തിയത്. മൂന്നുപേരുടെ മൃതദേഹം കത്തിക്കരിഞ്ഞും ഒരാളുടേത് കിടക്കവിരിയിൽ പൊതിഞ്ഞ നിലയിലുമായിരുന്നു. ആത്മാവിനെ മോചിപ്പിക്കാനുള്ള കേഡലിന്റെ 'ആസ്ട്രൽ പ്രൊജക്ഷനാ'ണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ. അതേസമയം, കേഡലിന് മാനസികപ്രശ്നമുണ്ടെന്നായിരുന്നു പ്രതിഭാഗം കോടതിയിൽ വാദിച്ചു.
കൊലപാതകത്തിന് ശേഷം ചെന്നൈയിലേക്ക് പോയ കേഡൽ തിരിച്ച് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് പോലീസ് പിടികൂടിയത്. യാതൊരു ഭാവഭേദവുമില്ലാതെയാണ് കേഡൽ തിരികെയെത്തിയത്. കേഡൽ ഇപ്പോഴും പൂജപ്പുര സെൻട്രൽ ജയിലിലാണ്.
പത്തുവർഷത്തിലേറെയായി കുടുംബാംഗങ്ങൾ അറിയാതെ കേഡൽ സാത്താൻ സേവ നടത്തിയിരുന്നു. ഇന്റർനെറ്റിലൂടെയാണ് കേഡൽ ആസ്ട്രൽ പ്രൊജക്ഷനിൽ അറിവ് നേടിയത്. നല്ല സാമ്പത്തികസ്ഥിതിയും വിദ്യാഭ്യാസവുമുള്ള കുടുംബത്തിലെ അംഗമായ കേഡൽ സാത്താൻ സേവയിൽ എങ്ങനെ എത്തിപ്പെട്ടുവെന്നത് പോലീസിനെ കുഴക്കിയിരുന്നു. അന്വേഷണത്തിൽ കേഡൽ അല്ലാതെ മറ്റൊരാളിന്റെ ഇടപെടൽ കണ്ടെത്താൻ കഴിഞ്ഞില്ല. കേഡൽ മാത്രമാണ് കേസിലെ പ്രതി. സംഭവത്തിന് ശേഷം നന്തൻകോട്ടുള്ള വീട് പൂട്ടിക്കിടക്കുകയാണ്.
നേരത്തേ പ്രതിക്ക് വിചാരണ നേരിടാനുള്ള മാനസിക ആരോഗ്യമില്ലെന്ന് മെഡിക്കൽ ബോർഡ് ശുപാർശ ചെയ്തതിനാൽ കേസിൽ തുടർനടപടികൾ വൈകിയിരുന്നു. സഹതടവുകാരനെ ആക്രമിച്ച പശ്ചാത്തലമുള്ളതിനാൽ കേഡലിനെ മിക്കസമയത്തും ഒറ്റയ്ക്കായിരുന്നു ജയിലിൽ പാർപ്പിച്ചിരുന്നത്. ആരോഗ്യപ്രശ്നങ്ങളുള്ളപ്പോൾ വ്യക്തിശുചിത്വത്തിൽ ശ്രദ്ധ ചെലുത്താറില്ലെന്നതൊഴിച്ച് മറ്റു പ്രശ്നങ്ങളൊന്നും ജയിലിൽ ഉണ്ടാക്കാറില്ലായിരുന്നു. ഇടയ്ക്ക് ശ്വാസകോശത്തിൽ ഭക്ഷണം കുടുങ്ങി ഗുരുതരാവസ്ഥയിലായെങ്കിലും രക്ഷപ്പെട്ടിരുന്നു.
വിചാരണ വൈകി, ജയിലിലും വിചിത്ര പെരുമാറ്റം
നന്തൻകോട് കൂട്ടക്കൊലക്കേസിൽ അറസ്റ്റിലായി പൂജപ്പുര സെൻട്രൽ ജയിലിൽ പ്രവേശിപ്പിച്ച കേഡലിന്റെ ജയിലിലെ പെരുമാറ്റവും അടിമുടി വിചിത്രമായിരുന്നു. ജയിൽവാസത്തിനിടെ കേഡൽ സഹതടവുകാരനെ ആക്രമിച്ച സംഭവവുമുണ്ടായി. ഇതോടെ ജയിലിലെ സെല്ലിൽ ഒറ്റയ്ക്കായിരുന്നു കേഡലിന്റെ വാസം. ഇതിനിടെ, വിചാരണ നേരിടാനുള്ള മാനസികാരോഗ്യമില്ലെന്ന് മെഡിക്കൽ ബോർഡ് ശുപാർശ ചെയ്തതോടെ കൂട്ടക്കൊലക്കേസിലെ വിചാരണ ആരംഭിക്കാനും ഏറെനാൾ വൈകിയിരുന്നു.
ജയിലിൽ കളിയും ചിരിയുമായി കഴിഞ്ഞിരുന്ന കേഡൽ ആദ്യനാളുകളിൽ ജയിൽ ജീവനക്കാർക്കും അത്ഭുതമായിരുന്നു. ജയിലിൽവെച്ച് താൻ മാതാപിതാക്കളുമായി സംസാരിക്കാറുണ്ടെന്നായിരുന്നു കേഡലിന്റെ അവകാശവാദം. പത്തുവർഷത്തിലേറെ ആസ്ട്രൽ പ്രൊജക്ഷനും സാത്താൻസേവയും പരിശീലിച്ച തനിക്ക് ആത്മാക്കളുമായി സംസാരിക്കാൻ കഴിയുമെന്നും ഇയാൾ അവകാശപ്പെട്ടിരുന്നു. പലപ്പോഴും കേഡലിന്റെ വിചിത്രമായ അവകാശവാദങ്ങളും പെരുമാറ്റവും ജയിൽജീവനക്കാരെ അമ്പരപ്പിച്ചു.
പ്രതി മാനസികാരോഗ്യം വീണ്ടെടുത്തതായി മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകിയതോടെ കഴിഞ്ഞ നവംബറിലാണ് നന്തൻകോട് കൂട്ടക്കൊല കേസിൽ വിചാരണ ആരംഭിച്ചത്. കേസിന്റെ വിചാരണയ്ക്കിടെ കേഡൽ കുറ്റം നിഷേധിച്ചിരുന്നു. തനിക്ക് മാനസികപ്രശ്‌നമുണ്ടെന്നായിരുന്നു ഇയാൾ കോടതിയിലും വാദിച്ചത്.
Content Highlights: nanthancode murder case verdict today, kedal jinson raja, astral projection
Published: 12 May 2025, 01:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented