മൂവാറ്റുപുഴ: എഡിസൺ ബാബുവിന്റെ വീട്ടിൽനിന്ന് പിടിച്ചെടുത്ത മയക്കുമരുന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ പരിശോധനയ്ക്കെടുത്തു. മൂവാറ്റുപുഴ കോടതിയിൽ ഏൽപ്പിച്ച എൽഎസ്ഡി സ്റ്റാമ്പുകൾ, കെറ്റാമൈൻ തുടങ്ങിയവയുടെ സാംപിളുകളാണ് പരിശോധനയ്ക്കായി കൈപ്പറ്റിയത്. ഇത് ഡൽഹിക്ക്‌ അയക്കും.

To advertise here,

ക്രിപ്‌റ്റോ കറൻസിയുടെ വിവരമടങ്ങിയ ലാപ്ടോപ്പും എഡിസന്റെ വീട്ടിൽനിന്ന് പിടിച്ചെടുത്തിരുന്നു. ഞായറാഴ്ച തുടങ്ങിയ റെയ്ഡ് തിങ്കളാഴ്ച പുലർച്ചെയാണ് അവസാനിച്ചത്. അതിനിടെ, എഡിസനൊപ്പം കസ്റ്റഡിയിലെടുത്ത കൂട്ടാളിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ ചോദ്യംചെയ്യുകയാണ്. മൂവാറ്റുപുഴ സ്വദേശിയെന്നാണ് വിവരം. കൂടുതൽ വിവരം പുറത്തുവിട്ടിട്ടില്ല. കേസിൽ ഒരു യുവതിയടക്കം മൂന്നുപേരെ ചോദ്യംചെയ്തിട്ടുണ്ട്. റിമാൻഡിലുള്ള എഡിസനെ കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങുകയാണ് എൻസിബി.

നാട്ടിൽ ഐടി ഉദ്യോഗസ്ഥൻ, അമ്പരപ്പിൽ ജനം

മൂവാറ്റുപുഴ വള്ളക്കാലിപ്പടിയിലെ വീട്ടിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന എഡിസൺ മാത്യു ഒന്നരവർഷംമുൻപുവരെ ബെംഗളൂരുവിൽ ഐടി കമ്പനിയിൽ ജീവനക്കാരനായിരുന്നു എന്നാണ് സമീപവാസികൾക്ക്‌ അറിയാവുന്നത്.

മെക്കാനിക്കൽ എൻജിനിയറിങ് ബിരുദധാരിയായ എഡിസൺ കുറച്ചുനാളായി നാട്ടിലുണ്ട്. രാവിലെ മകനെയും കൂട്ടി നഴ്‌സറിയിൽപ്പോകുന്ന എഡിസണെയാണ് പലർക്കും പരിചിതം. വൻ മയക്കുമരുന്നുകച്ചവടച്ചങ്ങലയിലെ കണ്ണിയാണ് ഇയാളെന്ന വെളിപ്പെടുത്തലിന്റെ അമ്പരപ്പിലാണ് നാട്ടുകാർ.

എഡിസന്റെ വഴിയാകെ ഡാർക്ക്‌

ഡാർക്ക് വെബ്ബിലൂടെ മൂവാറ്റുപുഴ വള്ളക്കാലിപ്പടി മുളയംകോട്ടിൽ എഡിസൺ ബാബു (29) നടത്തിയത് 700-ഓളം ഇടപാട്‌. ‘കെറ്റാമെലോൺ’ എന്നപേരിൽ പ്രവർത്തിച്ച രാജ്യത്തെതന്നെ ഏറ്റവുംവലിയ ഡാർക്ക്നെറ്റ് മയക്കുമരുന്നുവിൽപ്പന ശൃംഖലവഴിയായിരുന്നു ഇടപാടെന്ന് നർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) കണ്ടെത്തി.

ഇയാൾ രണ്ടുവർഷത്തിനിടെ അഞ്ചുമുതൽ 10 കോടി രൂപയുടെവരെ ഇടപാടുനടത്തിയിരിക്കാമെന്ന് എൻസിബി സംശയിക്കുന്നു. കഴിഞ്ഞദിവസമാണ് എഡിസണെ പിടികൂടിയത്. 1127 എൽഎസ്ഡി ബ്ലോട്ടുകളും 131.66 ഗ്രാം കെറ്റാമൈനും 70 ലക്ഷം രൂപ മൂല്യമുള്ള ക്രിപ്റ്റോകറൻസി, ഒരു ഹാർഡ്‌വേർ വാലറ്റ് അടങ്ങിയ ലാപ്ടോപ്പ്‌ എന്നിവ ഇയാളിൽനിന്ന് പിടിച്ചെടുത്തു. ഡാർക്ക് നെറ്റ് ഇടപാടുകൾക്കായി വീട്ടിലെ മുറിയിൽ പ്രത്യേകസജ്ജീകരണങ്ങൾ ഒരുക്കിയതായും കണ്ടെത്തി.

എന്തുകൊണ്ട് ഡാർക്ക് നെറ്റ്

ഗൂഗിൾ ക്രോം ബ്രൗസറുകളോ സെർച്ച് എൻജിനുകളോ ഉപയോഗിച്ച് പ്രവേശിക്കാനാകാത്തതും ടോർ പോലുള്ള പ്രത്യേക ബ്രൗസറുകളും കോൺഫിഗറേഷനുകളും ആവശ്യമുള്ളതുമാണ് ഡാർക്ക് നെറ്റ്. എൻക്രിപ്റ്റ്ചെയ്ത സന്ദേശങ്ങളാണ് ഇടപാടുകാർതമ്മിൽ നടത്തുകയെന്നതിനാൽ ഇതിലേക്ക് നുഴഞ്ഞുകയറുക പ്രയാസം.