
ലഖ്നൗ: മീററ്റിൽ മർച്ചന്റ് നേവി ഓഫീസറായിരുന്ന സൗരഭ് രജ്പുത്തിനെ ഭാര്യ മുസ്കാൻ റസ്തോഗിയും കാമുകൻ സാഹിൽ ശുക്ലയും ചേർന്ന് അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ സൗരഭിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. സൗരഭ് നേരിടേണ്ടിവന്ന ക്രൂരതയുടെ ആഴം വ്യക്തമാക്കുന്ന വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്. മൃതശരീരം പ്ലാസ്റ്റിക് വീപ്പയിൽ ഉൾക്കൊള്ളിക്കാനായി എന്തൊക്കെ ചെയ്തുവെന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.
മാർച്ച് നാലിനാണ് സൗരഭിനെ മുസ്കാനും സാഹിലും ചേർന്ന് കൊലപ്പെടുത്തുന്നത്. സൗരഭിന് മയക്കുമരുന്ന് നൽകിയെന്നും കുത്തുകളേറ്റതായും റിപ്പോർട്ട് പറയുന്നു. കൊലയ്ക്കുശേഷം സൗരഭിന്റെ തലയും കൈപ്പത്തികളും അറുത്തുമാറ്റി. കാലുകൾ പിന്നിലേക്കാക്കി വെച്ചിരുന്നു. കത്തികൊണ്ടുള്ള അതിശക്തമായ മൂന്ന് കുത്തുകളാണ് സൗരഭിന്റെ ഹൃദയത്തിനേറ്റതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകൾ സിറ്റി എസ്പി ആയുഷ് വിക്രം സിംഗ് സ്ഥിരീകരിച്ചു. മുസ്കാനാണ് സൗരഭിനെ കുത്തിയതെന്ന് അദ്ദേഹം ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. തലയും കൈകളും അറുത്തുമാറ്റിയശേഷം ശരീരം നാലുകഷണങ്ങളാക്കി. വീപ്പയ്ക്കുള്ളിൽ കൃത്യമായി കൊള്ളുന്നതിനുവേണ്ടിയായിരുന്നു ഇത്. ഇതിനുശേഷമാണ് വീപ്പയിൽ സിമന്റ് നിറച്ചത്. ഇതിനാൽ മൃതശരീരം അഴുകുകയോ ദുർഗന്ധം വമിക്കുകയോ ചെയ്തില്ല. സിമന്റ് ഉറച്ചുപോയതിനാൽ മൃതശരീരത്തിന്റെ ഭാഗങ്ങൾ പ്രയാസപ്പെട്ടാണ് ശേഖരിച്ചതെന്നും പോലീസ് അറിയിച്ചു.
സൗരഭിനെ കൊലപ്പെടുത്തിയശേഷം മുസ്‌കാനും സാഹിലും ഹിമാചൽ പ്രദേശിലേക്ക് അവധിക്കാലം ആഘോഷിക്കാൻ പോയി. കുറ്റകൃത്യം മറച്ചുവെക്കാൻ സൗരഭിന്റെ ഫോണിൽ നിന്ന് സന്ദേശങ്ങൾ അയച്ച് കുടുംബത്തെ തെറ്റിദ്ധരിപ്പിക്കുകയുംചെയ്തു. മാർച്ച് 18 ന് രജപുത്തിനെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയതോടെയാണ് കൊലപാതകം പുറത്തുവന്നത്. തുടർന്ന് മുസ്‌കാനും സാഹിലും അറസ്റ്റിലായി.
Content Highlights: Saurabh Rajput drugged, murdered by wife, her lover on March 4
Published: 22 Mar 2025, 08:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented