വാരാണസി:  ഉത്തര്‍പ്രദേശിലെ മീററ്റില്‍ ഭര്‍ത്താവിനെ യുവതിയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി വീപ്പയ്ക്കുള്ളില്‍ ഇട്ട് സിമന്റിട്ട് അടച്ചത് വലിയവാര്‍ത്തയായിരുന്നു. എന്നാല്‍ അതിന് ശേഷം പല ഭര്‍ത്താക്കന്മാരും തങ്ങളുടെ ഭാര്യമാരെ അവരുടെ കാമുകന്മാര്‍ക്ക് വിവാഹം കഴിച്ചുകൊടുക്കുന്ന സംഭവങ്ങളുണ്ടായി. ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞവര്‍ പോലീസ് സ്‌റ്റേഷനില്‍ സുരക്ഷ ആവശ്യപ്പെട്ട് എത്തിയതും വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ മീററ്റില്‍ നടന്നതുപോലെ തന്നെയും കൊല്ലുമെന്ന് ഭാര്യ ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി യുവാവ് പോലീസ് സ്‌റ്റേഷനിലെത്തിയിരിക്കുകയാണ്. 

To advertise here,

റെയില്‍വേയില്‍ സീനിയര്‍ അസിസ്റ്റന്റ് ലോക്കോപൈലറ്റായി ജോലി ചെയ്യുന്ന സുമിത് കുമാറാണ് ഭാര്യയും ഭാര്യയുടെ സഹോദരനും ചേര്‍ന്ന് തന്നെ കൊലപ്പെടുത്തുമെന്ന് പറഞ്ഞ് പോലീസ് സ്‌റ്റേഷനിലെത്തിയത്.  തന്നെ കൊലപ്പെടുത്തി ആശ്രിത നിയമനത്തിലൂടെ ജോലി നേടാനാണ് ഭാര്യ ശ്രമിക്കുന്നതെന്നാണ് സുമിത്തിന്റെ ആരോപണം. ചിട്ടുപുര്‍ പോലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്. 

ബിഹാറിലെ ഗയയില്‍ നിന്നുള്ള ആളാണ് സുമിത് കുമാര്‍. ശനിയാഴ്ചയാണ് ഇയാള്‍ പരാതിയുമായെത്തിയത്. ഭാര്യയും ഭാര്യാ സഹോദരനും ചേര്‍ന്ന് തന്നെ കൊലപ്പെടുത്താനുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് കേള്‍ക്കാനിടവന്നെന്നും ഇരുവരുടെയും മുന്നിലെത്തി അക്കാര്യം ചോദ്യം ചെയ്തതിന് രണ്ടുപേരും ചേര്‍ന്ന് തന്നെ മര്‍ദ്ദിച്ചുവെന്നും സുമിത് പരാതിയില്‍ ആരോപിക്കുന്നു. സുമിത്തിന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് ആരോപണങ്ങള്‍ സത്യമാണോയെന്ന് അന്വേഷിക്കുകയാണ്.