
കോഴിക്കോട്: ഡൽഹിയിലേക്ക് തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടെ ട്രെയിനിൽ നിന്ന് രക്ഷപ്പെട്ട മയക്കുമരുന്ന് കേസ് പ്രതി മുഹമ്മദ് ഹനീഫയെ പോലീസ് പിടികൂടിയത് അതിസാഹസികമായി. പോലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട പ്രതി, സംഭവം നടന്ന് പത്താം ദിവസം മറ്റൊരു ട്രെയിനിൽനിന്നാണ് അന്വേഷണസംഘത്തിന്റെ വലയിലായത്.
മുക്കം സർക്കിൾ ഇൻസ്‌പെക്ടർ നിബിൻ ജോയിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘം കർണാടകയിലെ കലബുറഗിയിൽവെച്ച് ഇയാളെ പിടികൂടുകയായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് സംഭവം.
പോലീസിനെ കണ്ടതോടെ രക്ഷപ്പെടാൻ ശ്രമിച്ച ഹനീഫയെ സാഹസികമായാണ് പിടികൂടിയതെന്ന് മുക്കം സർക്കിൾ ഇൻസ്‌പെക്ടർ നിബിൻ ജോയ് മാതൃഭൂമി ഡോട്ട്‌കോമിനോട് പ്രതികരിച്ചു.
'ബെംഗളൂരുവിൽനിന്ന് ഡൽഹിയിലേക്ക് ഇയാൾ ട്രെയിനിൽ യാത്ര ചെയ്യുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസിന്റെ നീക്കം. റെയിൽവേ പോലീസിന്റെ സഹായവും ലഭിച്ചു. പ്രതിയുടെ ഫോൺകോൾ വിവരങ്ങൾ നേരത്തെ ശേഖരിച്ചിരുന്നു. വടകര എൻഡിപിഎസ് കോടതിയിലാണ് ഹനീഫയെ ഹാജരാക്കേണ്ടത്. എന്നാൽ, ഇയാൾ നേരത്തേ പോലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ടത് ഗുജറാത്തിലെ വഡോദരയിൽവെച്ചായിരുന്നതിനാൽ അവിടെയും പ്രതിക്കെതിരെ എഫ്‌ഐആർ നിലനിൽക്കുന്നുണ്ട്. അതിനാൽ എവിടെ ആദ്യം ഹാജരാക്കണമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല', അദ്ദേഹം കൂട്ടിച്ചേർത്തു
മേയ് 23-നാണ് ഹനീഫ മുക്കം പോലീസിന്റെ കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ടത്. തെളിവെടുപ്പിനായി ഡൽഹിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഗുജറാത്തിലെ വഡോദരയിൽവെച്ച് ട്രെയിനിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. മുക്കം ഇൻസ്‌പെക്ടർ നിബിൻ ജോയിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമായിരുന്നു പ്രതിക്കൊപ്പമുണ്ടായിരുന്നത്.
കസ്റ്റഡിയിൽനിന്നുള്ള പ്രതിയുടെ രക്ഷപ്പെടൽ പോലീസിനെ നാണക്കേടിലാക്കി. ഇതോടെ ഹനീഫയെ പിടികൂടാനായി ഈ സംഘം കേരളത്തിന് പുറത്തുത്തന്നെ തുടർന്നു. പ്രതിക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. മുക്കം സ്റ്റേഷനിൽനിന്ന് നാല് ഉദ്യോഗസ്ഥർ കൂടി ഇവർക്കൊപ്പം കഴിഞ്ഞദിവസം ചേരുകയും ചെയ്തു. തുടർന്ന് നടത്തിയ വലിയ നീക്കത്തിനൊടുവിലാണ് ഹനീഫ പിടിയിലായത്.
നീലേശ്വരം പുല്ലമ്പാടി സ്വദേശി മുഹമ്മദ് ഹനീഫ വാടകയ്ക്ക് എടുത്ത മുക്കം മണാശേരിയിലെ വീട്ടിൽ വെച്ചാണ് ഫെബ്രുവരിയിൽ മൂന്ന് കിലോ എംഡിഎംഎ പിടികൂടിയത്. 500 ഗ്രാം എംഡിഎംഎയുമായി ഇതിന് മുൻപ് ഹനീഫയെ ഡാൻസാഫ് സംഘം പിടികൂടിയിരുന്നു. തുടർന്ന് ഹനീഫയെ ചോദ്യം ചെയ്തതിൽ നിന്നാണ് വീട്ടിലെ മയക്കുമരുന്നിനെ കുറിച്ച് വിവരം ലഭിച്ചത്.
കോഴിക്കോട് റൂറൽ എസ്പി ടി. ഫറാഷിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘമായിരുന്നു രഹസ്യ വിവരത്തെ തുടർന്ന് മുഹമ്മദ് ഹനീഫയെ പിടികൂടിയത്. കേരളത്തിലെ മൊത്ത വിതരണക്കാരിൽ പ്രധാനിയായ ഹനീഫയെ ഡാൻസാഫ് സംഘം നിരീക്ഷിച്ച് വരികയായിരുന്നു. അതിനിടെയാണ് ഇയാൾ ഡൽഹിൽനിന്ന് നാട്ടിലെത്തിയതായി വിവരം ലഭിച്ചത്. വിൽപ്പനയ്ക്കായി പോകുന്നതിനിടെ പിടികൂടുകയായിരുന്നു. ഇയാൾ ഡൽഹി കേന്ദ്രീകരിച്ച് വൻതോതിൽ കേരളത്തിലേക്ക് ലഹരി എത്തിക്കുന്ന ആളാണ്.
Content Highlights: Accused Mohammed Haneefa arrested in Kalaburagi after 10 days on the run., Haneefa escaped police custody in Vadodara on May 23 while being transported to Delhi., Operation led by Mukkom Circle Inspector Nibin Joy and a ten-member police team., Haneefa is a key drug supplier involved in the seizure of 3kg MDMA in Mukkom., Police are coordinating with Vadodara authorities regarding jurisdictional trial procedures.
Published: 02 Jun 2026, 02:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented