തിരുവനന്തപുരം: ജനപ്രിയമായ പുതിയ പദ്ധതികൾ പ്രഖ്യാപിക്കുമ്പോഴും രൂക്ഷമായ ആൾക്ഷാമം സംസ്ഥാനപോലീസിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നു. വിവിധ തസ്തികകളിലായി 5000-ത്തിലേറെ ഒഴിവുകളാണ് നികത്താനുള്ളത്. സിവിൽ പോലീസ് ഓഫീസർ മുതൽ ഡിവൈ.എസ്.പി. വരെയുള്ള തസ്തികകളിൽ മാത്രം 2500-ലേറെ ഒഴിവുണ്ട്. വിവിധ ബറ്റാലിയനുകളിലുൾപ്പെടെയാണ് മറ്റ്‌ ഒഴിവുകൾ.

To advertise here,

സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുന്നതും വി.ഐ.പി. ഡ്യൂട്ടി ഉൾപ്പെടെ നിർവഹിക്കേണ്ടതുമായ തിരുവനന്തപുരം നഗരത്തിലെ പ്രധാന സ്റ്റേഷനുകളിൽപ്പോലും വേണ്ടത്ര അംഗബലമില്ല. അമിതജോലിഭാരംമൂലം കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനോ സമയത്തിന് ഭക്ഷണം കഴിക്കാനോപോലും കഴിയുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

പോലീസിലെ ഒഴിവുകൾ സമയബന്ധിതമായി നികത്താറുണ്ടെന്ന് സർക്കാർ അവകാശപ്പെടുമെങ്കിലും പൂർണമായും ഒഴിവുകൾ നികത്താറില്ല. ഇപ്പോൾ ‘മൈ പോലീസ് സ്റ്റേഷൻ’, ‘ഓപ്പറേഷൻ തൂഫാൻ’ എന്നിവയിൽ പോലീസ് വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

കോടിക്കണക്കിന് രൂപയുടെ ലഹരിമരുന്നുകൾ പിടിച്ചെടുത്തെങ്കിലും തുടർജോലികൾ ചെയ്തുതീർക്കുന്നതിന് ആൾക്ഷാമം തടസ്സമാകുന്നു. സ്റ്റുഡന്റ് പോലീസ് കെഡേറ്റിന്റെ ഭാഗമായി ആഴ്ചയിൽ രണ്ടുദിവസം സ്കൂളുകളിൽ പോലീസ് ഉദ്യോഗസ്ഥർ എത്തണം. ഒന്നിലധികം സ്കൂളുകളുടെ ചുമതലയുള്ള സ്റ്റേഷനുകളിൽ ഇത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.

പട്രോളിങ്, കോടതി ജോലി, വി.ഐ.പി. എസ്‌കോർട്ട് എന്നിവയ്ക്കും ദൈനംദിന സ്റ്റേഷൻ ജോലിക്കും ആളില്ലാത്ത അവസ്ഥയാണ്. ബീറ്റ് പോലീസിങ് ശക്തിപ്പെടുത്താൻ നിർദേശമുണ്ടെങ്കിലും ഇതിനും പല സ്റ്റേഷനുകളിലും ഉദ്യോഗസ്ഥരില്ല. കേസുകളുടെ എണ്ണം ഓരോ വർഷവും വർധിക്കുന്നതിനാൽ ഒഴിവുള്ള തസ്തികകളിൽ നിയമനം നടത്തിയാൽ മാത്രം പോരാ, തസ്തികകൾ വർധിപ്പിക്കണമെന്നും നിർദേശമുയർന്നിട്ടുണ്ട്.

പ്രധാന തസ്തികകളും നിലവിലുള്ള ഒഴിവുകളും

എസ്.പി. (നോൺ ഐ.പി.എസ്.) - 5

ഡിവൈ.എസ്.പി. - 20

ഇൻസ്പെക്ടർ - 38

എസ്.ഐ. - 573

എ.എസ്.ഐ. - 262

സീനിയർ സി.പി.ഒ. - 645

സി.പി.ഒ. - 988