ആലുവ: എറണാകുളം ആലുവയില്‍ പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ വഴിത്തിരിവ്. നാല്‍പ്പത് പവനോളം സ്വര്‍ണവും എട്ടരലക്ഷം രൂപയും കവര്‍ന്നതിന് പിന്നില്‍ ഗൃഹനാഥയെന്ന് കണ്ടെത്തി. നടന്നത് കവര്ച്ചാനാടകമാണെന്നും പോലീസ് പറഞ്ഞു. ആഭിചാരക്രിയ ചെയ്യുന്ന തൃശ്ശൂര്‍ ചിറമങ്ങാട് സ്വദേശി അന്‍വറാണ് വീട്ടില്‍ അനര്‍ഥമുണ്ടാകുമെന്ന് ഭയപ്പെടുത്തി ഗൃഹനാഥയെക്കൊണ്ട് കവര്‍ച്ച നടത്തിയത്. കളമശേരിയില്‍ വാടകയ്ക്ക് താമസിക്കുന്ന പടലക്കാട്ടില്‍ ഉസ്താദ് എന്നറിയപ്പെടുന്ന അന്‍വറിനെ പോലീസ് അറസ്റ്റ് ചെയ്തു.
ജനുവരി ആറാം തീയതിയാണ് ആലുവ കാസിനോ തീയറ്ററിനു പിറകിലെ ഇബ്രാഹിം കുട്ടിയുടെ വീട്ടില്‍ മോഷണം നടന്നത്. പകല്‍ ആരുമില്ലാതിരുന്ന സമയം വീടിന്റെ പൂട്ടുപൊളിച്ച് 40 പവനോളം സ്വര്‍ണവും എട്ടുലക്ഷം രൂപയും മോഷണം പോയതായാണ് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയത്. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക ടീം രൂപവത്കരിച്ച് അന്വേഷണം നടത്തിയത്. ആലുവ ഡിവൈ.എസ്.പി. ടി.ആര്. രാജേഷിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
പരാതി ലഭിച്ച ഉടനെ പോലീസ് സംഘവും വിരലടയാള വിദഗ്ധരും ഫോറന്‍സിക് സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. വിവിധ സ്ക്വാഡുകളായി തിരിഞ്ഞ് അന്വേഷണം നടത്തി. ശാസ്ത്രീയ അന്വേഷണത്തില്‍ കവര്‍ച്ച 'നാടക'മാണെന്ന് മനസിലായി. തുടര്‍ന്ന് വീട്ടുകാരെ ചോദ്യം ചെയ്തതില്‍നിന്ന് ആഭിചാരക്രിയ ചെയ്യുന്ന ഉസ്താദിന്റെ നിര്ദേശനുസരണമാണ് ഇപ്രകാരം ചെയ്തതെന്ന് ഗൃഹനാഥ പോലീസിനോട് സമ്മതിച്ചു. ഭര്‍ത്താവിനും മക്കള്‍ക്കും അപകടമരണം സംഭവിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് അതിനു പരിഹാരം ചെയ്യണമെന്നും പറഞ്ഞ് തവണകളായി പണവും സ്വര്‍ണവും കൈപ്പറ്റുകയായിരുന്നു. അന്‍വറിന്റെ നിര്‍ദേശ പ്രകാരമാണ് മുന്‍വശത്തെ വാതിലിന്റെ പൂട്ട് പൊളിച്ചതും വീട്ടില്‍ കവര്‍ച്ച നടന്ന രീതിയില്‍ ചിത്രീകരിച്ചതും. സ്വര്‍ണവും പണവും കിട്ടിയതായി ഇയാള്‍ പോലീസിനോട് സമ്മതിച്ചു,
രണ്ടുവര്‍ഷം മുന്‍പ് ഒരു ബന്ധുവഴിയാണ് ഗൃഹനാഥ, അന്‍വറിനെ കാണാനെത്തിയത്. ഇവരുടെ വീട്ടിലെ വിവരങ്ങള്‍ അന്‍വര്‍ ചോദിച്ചറിയുകയായിരുന്നു. പഴയകെട്ടിടങ്ങള്‍ പൊളിക്കുന്ന ജോലി ചെയ്യുന്നയാളാണ് ഗൃഹനാഥയുടെ ഭര്‍ത്താവ്. ഇവരുടെ വീട്ടില്‍ ധാരാളം പണമുണ്ടെന്നും അന്‍വര്‍ മനസ്സിലാക്കി. തുടര്‍ന്ന് ലൈലയെ കൊണ്ട് സ്വന്തംവീട് കവര്‍ച്ച ചെയ്യിക്കുകയായിരുന്നു. എങ്ങനെ കവര്‍ച്ച നടത്തണം എന്ന് അന്‍വര്‍, ലൈലയെ പഠിപ്പിച്ചു.
പല തവണയായാണ് മോഷണം നടത്തിയത്. അവസാനം, കതകുപൊളിച്ച് എങ്ങനെ അകത്ത് കടക്കണം എന്നതുള്‍പ്പെടെ പഠിപ്പിക്കുകയും ഗൃഹനാഥ അങ്ങനെ ചെയ്യുകയും ചെയ്തു. മോഷണവിവരത്തിന് പിന്നാലെ സ്ഥലത്തെത്തിയ പോലീസിന് സംശയം തോന്നിയതോടെ അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. സാധാരണ കവര്‍ച്ചക്കാര്‍ തകര്‍ക്കുന്ന വിധത്തിലായിരുന്നില്ല വാതില്‍ പൊളിച്ചിരുന്നത്. മാത്രമല്ല, തകര്‍ത്ത വാതിലിനുള്ളിലൂടെ പ്രവേശിച്ചല്ല കവര്‍ച്ച നടത്തിയതെന്നും പോലീസിന് ബോധ്യമായിരുന്നു. ശേഷം സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും വിവരങ്ങള്‍ ലഭിച്ചില്ല. തുടര്‍ന്ന് നടത്തിയ നിരീക്ഷണത്തിലും ചോദ്യംചെയ്യലിലുമാണ് മോഷണം നടത്തിയത് ഗൃഹനാഥയാണെന്ന് വ്യക്തമാകുന്നത്.
പല പ്രാവശ്യങ്ങളായാണ് വീട്ടമ്മ പണം നല്‍കിയത്. പിടിക്കപ്പെടുമെന്നായപ്പോഴാണ് അന്‍വറിന്റെ നിര്‍ദ്ദേശപ്രകാരം കവര്‍ച്ചാ നാടകം നടത്തിയത്. ഇയാളെ വീട്ടമ്മ അന്ധമായി വിശ്വസിച്ചിരുന്നു. പണവും സ്വര്‍ണവും വീട്ടിലിരിക്കുന്നത് അപകടമാണെന്നും മാന്ത്രികക്രിയകള്‍ പ്രതികൂലമാകുമെന്നും ഇയാള്‍ വിശ്വസിപ്പിച്ചു. ഇങ്ങനെയാണ് വീട്ടമ്മ സ്വര്‍ണവും പണവും അന്‍വറിന്റെ കളമശേരിയിലെ വീട്ടില്‍ തവണകളായി എത്തിച്ചത്.
വീട്ടില്‍ പണവും സ്വര്‍ണവും തീര്‍ന്നപ്പോഴാണ് കവര്‍ച്ചാനാടകം നടത്താന്‍ ഉപദേശിച്ചത്. വാതില്‍ പുറമെനിന്ന് പൊളിക്കാനും, തുണി വലിച്ചു വാരി ഇടാനും ഇയാള്‍ നിര്‍ദേശിച്ചു. അതിന് പ്രകാരമാണ് വീട്ടമ്മ ചെയ്തത്. അന്വറിനെക്കുറിച്ചും, ഇയാളുടെ ഇടപാടുകളെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്‍സ്പെക്ടര്‍ സോണി മത്തായി, എസ്.ഐമാരായ കെ.നന്ദകുമാര്‍, എസ്. ശ്രീലാല്‍, എം.സി. ഹരീഷ്, അരുണ്‍ ദേവ്, ചിത്തുജി, സിജോ ജോര്‍ജ്, എ.എസ്.ഐ വിനില്‍കുമാര്‍, എസ്.സി.പി.ഒ. നവാബ്, സി.പി.ഒമാരായ പി.എ. നൗഫല്‍, മുഹമ്മദ് അമീര്‍, മാഹിന്‍ഷാ അബൂബക്കര്‍, കെ.എം മനോജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Content Highlights: man makes woman to rob own house in aluva arrested
Published: 11 Jan 2025, 04:30 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented