വണ്ടൂർ: വീടിന്റെ ശൗചാലയത്തോടു ചേർന്ന ഷെഡ്ഡിൽനിന്ന് ഭൂമിക്കടിയിലേക്ക് വിവിധ അറകൾ നിർമിച്ച് ചാരായം സൂക്ഷിച്ച ഗൃഹനാഥൻ അറസ്റ്റിൽ. മമ്പാട് മേപ്പാടം പള്ളിക്കുന്നിലെ പഴംപാലക്കോട് വീട്ടിൽ രാജു (45) വാണ് കാളികാവ് എക്സൈസിന്റെ പിടിയിലായത്. മൂന്ന് അറകളിൽ രണ്ടു ബാരലുകളിലായി സൂക്ഷിച്ച 60 ലിറ്റർ വാഷും 1.75 ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തു.

To advertise here,

കഴിഞ്ഞവർഷമാണ് ഇയാളും ഭാര്യയുംചേർന്ന് പുതിയ വീടു വെച്ചത്. 20 വർഷത്തിലേറെയായി രാജു കെട്ടിടനിർമാണ മേഖലയിൽ ജോലിചെയ്യുന്നതിനാൽ വീട് നിർമാണത്തിന് മറ്റാരുടെയും സഹായം തേടിയിരുന്നില്ല. സംശയങ്ങളെത്തുടർന്ന് പലതവണ ഈ വീട് പരിശോധിച്ചിരുന്നെങ്കിലും കണ്ടെത്താനായില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ചില്ലറ ചാരായവില്പനയുമായി ബന്ധപ്പെട്ട് നേരത്തെ ഇയാൾക്കെതിരേ നാല് കേസുകളുണ്ട്. എന്നാൽ നിർമാണവസ്തുക്കൾ കണ്ടെടുക്കാനായിരുന്നില്ല. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി മുൻപ്രതികളെ രഹസ്യമായി നിരീക്ഷിച്ചുവരുന്നതിനിടെയാണ് വീണ്ടും രാജുവിലേക്ക് അന്വേഷണമെത്തിയത്. കഴിഞ്ഞദിവസം രാത്രി 8.30-ഓടെ കാളികാവ് എക്സൈസ് ഇൻസ്പെക്ടർ ടി.സി. അനീഷിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളുടെ വീട് പരിശോധിച്ചു. ഷെഡ്ഡിനടുത്ത് കൂട്ടിയിട്ട പാഴ്‍വസ്തുക്കളിൽ സംശയംതോന്നി കൂടുതൽ പരിശോധിക്കുകയായിരുന്നു.

അറകൾക്കുമീതെ സ്ലാബുകൾ മൂടി മെറ്റൽ നിറച്ച ചാക്കുകളും വെട്ടുകല്ലുകളും പാഴ്‍വസ്തുക്കളും നിറച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അടുക്കളയിൽനിന്ന് ടൈൽ എടുത്തുമാറ്റിയാൽ അറയിലേക്ക് പ്രവേശിക്കാനാകും. അറകളിൽ 500 ലിറ്ററോളം വാഷ് ബാരലുകളിലായി സൂക്ഷിക്കാനുള്ള സൗകര്യമുണ്ട്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ.എം. ശിവപ്രകാശ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ കെ.എസ്. അരുൺ കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് ഷരീഫ്, കെ.വി. വിപിൻ, കെ. അമിത്, മുഹമ്മദ് ഹബീബ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ പി. രജനി തുടങ്ങിയവർ പരിശോധനയ്ക്കു നേതൃത്വംനൽകി.