മലപ്പുറം: പണമിടപാടിൽ വലിയ ലാഭം വാഗ്ദാനം ചെയ്ത് ബന്ധുക്കളിൽനിന്നും സുഹൃത്തുക്കളിൽനിന്നും പണവും സ്വർണവും ഭൂമിയുടെ ആധാരവും കൈക്കലാക്കി ദമ്പതിമാർ വൻ തട്ടിപ്പ് നടത്തിയതായി പരാതി. മലപ്പുറം മുണ്ടുപറമ്പ് തെക്കുംപുറം മുജീബ് റഹ്‌മാൻ, ഭാര്യ ബജീന, മക്കളായ ജസീം, ജിതിൻ മുഹമ്മദ് എന്നിവർക്കെതിരേ തട്ടിപ്പിനിരയായ 21 പേരാണ് രംഗത്തെത്തിയത്. 786.5 പവൻ സ്വർണവും 3.88 കോടി രൂപയും നഷ്ടമായെന്നാണ് ആരോപണം.

To advertise here,

ആറുപേർ ബുധനാഴ്ച മലപ്പുറം പോലീസിലും 15 പേർ വ്യാഴാഴ്ച ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകി. മഞ്ചേരി, മുണ്ടുപറമ്പ്, തിരൂർ, മമ്പാട്, നറുകര, വട്ടപ്പാറ, കൂട്ടിലങ്ങാടി, പഴമള്ളൂർ, കോഴിക്കോട് എന്നിവിടങ്ങളിലുള്ളവരാണ് പരാതിക്കാർ. മുജീബ് റഹ്‌മാന്റെ ബന്ധുവായ കോട്ടയ്ക്കൽ സ്വദേശിക്ക് നഷ്ടമായത് 301 പവൻ സ്വർണവും 51 സെന്റ് സ്ഥലവുമാണ്.

ഏറെപേർ വഞ്ചിതരായെന്നാണ് വിവരം. കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറും. 2018 മുതൽ പ്രശ്‌നമുണ്ട്. പത്രവിതരണം ചെയ്യുന്ന പതിനഞ്ചോളം വണ്ടികളുടെ ഉടമയായ മുജീബ് റഹ്‌മാൻ, കൂറിയർ സർവീസ് കമ്പനിയുണ്ടെന്നും ബന്ധുക്കളെ വിശ്വസിപ്പിച്ചിരുന്നു. ആഡംബര കാറുകളാണ് ഇയാൾ ഉപയോഗിച്ചിരുന്നത്. പല കാരണങ്ങൾ പറഞ്ഞാണ് പണവും സ്വർണവും ആധാരവും കൈക്കലാക്കിയത്. കച്ചവടത്തിൽ നിക്ഷേപിക്കാനെന്ന വ്യാജേന ചിലരിൽനിന്ന് പണവും സ്വർണവും വാങ്ങി. മറ്റുചിലരുടെ ചെറിയ ബാങ്ക് വായ്പകൾ അടച്ചുതീർത്ത് വിശ്വാസം സമ്പാദിക്കുകയും സ്ഥലത്തിന്റെ ആധാരം വാങ്ങി പണയംവെച്ച് വലിയ തുക വായ്പയെടുക്കുകയും ചെയ്തു.

മങ്കടയിലെ ഒരു സഹകരണബാങ്കിന്റെ ബ്രാഞ്ചിൽനിന്നാണ് വായ്പ തരപ്പെടുത്തിയത്. തട്ടിപ്പിൽ ബാങ്ക് ജീവനക്കാരുടെ പങ്ക് അന്വേഷണിക്കണമെന്നും പരാതിക്കാർ ആവശ്യപ്പെട്ടു. പണം തിരികെ ചോദിച്ചു ചെന്നവരെ ദമ്പതിമാരും കുടുംബവും മർദിച്ചതായും പരാതിയിൽ പറയുന്നു.