കണ്ണൂർ: ചീമേനിയിൽ അഞ്ചു സി.പി.എം. പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിൽ കോടതി വെറുതേവിട്ടവരിൽ കൊല്ലപ്പെട്ടത് മൂന്നുപേർ. എം.എം. ജോസ്, സുരേന്ദ്രൻ (രാജൻ), ബെന്നി അബ്രഹാം എന്നിവരാണ് കോടതിവിധിക്കുശേഷം പലപ്പോഴായി കൊല്ലപ്പെട്ടത്. പയ്യന്നൂർ മുൻ എം.എൽ.എ. ടി.ഐ. മധുസൂദനന്റെ വിവാദപ്രസംഗത്തോടെയാണ് ചീമേനി സംഭവം വീണ്ടും ചർച്ചയാവുന്നത്.
1987 മാർച്ച് 23-ന് നിയമസഭാ തിരഞ്ഞെടുപ്പു ദിവസമായിരുന്നു കാസർകോട് ചീമേനിയിൽ സംഘർഷമുണ്ടായത്. കോൺഗ്രസ് പ്രവർത്തകനായ പിലാന്തോളി കൃഷ്ണൻ (27) കയ്യൂരിൽ കുത്തേറ്റു മരിച്ചതാണ് തുടക്കം. അദ്ദേഹത്തെ ചീമേനി വഴി ആശുപത്രിയിലേക്കു കൊണ്ടുപോവുമ്പോഴുണ്ടായ അക്രമങ്ങൾക്കിടെയാണ് അഞ്ചു സി.പി.എം. പ്രവർത്തകർ വെട്ടേറ്റു മരിച്ചത്.
സി.പി.എം. ഓഫീസിനുനേർക്കു കല്ലേറും തീവെപ്പുമുണ്ടാവുകയായിരുന്നു. തീപടരുന്ന ഓഫീസിൽനിന്നു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് അഞ്ചുപേരെയും വെട്ടിക്കൊന്നത്. കെ.വി. കുഞ്ഞിക്കണ്ണൻ (50), പുതിയടാൽ കുഞ്ഞപ്പൻ (48), ആലവളപ്പിൽ അമ്പു (36), സി. കോരൻ (28), എം. കോരൻ (30) എന്നിവരാണ് കൊല്ലപ്പെട്ടത്. കോൺഗ്രസ് പ്രവർത്തകരായ 53 പ്രതികളെയും കാസർകോട് ജില്ലാ സെഷൻസ് കോടതി 1990 ഏപ്രിൽ 30-നു വെറുതേവിട്ടു. ഹൈക്കോടതിയും വിധി ശരിവെച്ചു.
കൂട്ടക്കൊലക്കേസിലെ നാലാംപ്രതിയും കോൺഗ്രസ് പ്രവർത്തകനുമായ എം.എം. ജോസിനെ (28) 1990 ജൂൺ 28-നാണ് വീടാക്രമിച്ച് വെട്ടിക്കൊലപ്പെടുത്തിയത്.
മൂന്നുമാസം കഴിഞ്ഞ് സെപ്റ്റംബർ 28-ന് 13-ാം പ്രതിയും ചീമേനി മണ്ഡലം യൂത്ത് കോൺഗ്രസ് സെക്രട്ടറിയുമായ കൊയിലപ്പറമ്പിൽ പുതിയ വീട്ടിൽ സുരേന്ദ്രനും (രാജൻ-28) കൊല്ലപ്പെട്ടു. ചീമേനി ടൗണിൽനിന്ന് മൂന്നുകിലോമീറ്റർ അകലെയുള്ള അയരോത്ത് മലയിലെ വിജനമായ സ്ഥലത്തെ കരിങ്കൽ ക്വാറിയിലാണ് മൃതദേഹം കണ്ടെത്തിയത്. മൂന്നാംപ്രതിയായ ബെന്നി അബ്രഹാം (32) 1995 ഫെബ്രുരി 21-ന് കൊല്ലപ്പെട്ടു. മാതമംഗലത്തുവെച്ച് ജീപ്പിലെത്തിയ അക്രമിസംഘം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. മൂന്നു വധക്കേസിലെ പ്രതികളെയും വെറുതേവിട്ടു.
കൈയുംകെട്ടി നോക്കിനിൽക്കില്ല- മന്ത്രി കെ.മുരളീധരൻ
കണ്ണൂർ: കൊലവിളിപ്രസംഗം നടത്തിയാൽ കൈയുംകെട്ടി നോക്കിനിൽക്കുന്ന സർക്കാരല്ല കേരളത്തിലുള്ളതെന്ന് മന്ത്രി കെ.മുരളീധരൻ. എല്ലാ വിധിയും അനുകൂലമായി വരണമെന്നില്ല. അതുകൊണ്ട് ജഡ്ജിയെ ചീത്ത വിളിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും ഇനി നടപ്പാകില്ല. അരിയിൽ ഷുക്കൂർ വധക്കേസിലെ വിധിയിൽ ഞങ്ങൾക്കും അഭിപ്രായവ്യത്യാസമുണ്ട്. അതുകൊണ്ട് ജഡ്ജിയെ ചീത്തവിളിക്കാമെന്നാണോ.
ഷുക്കൂർ വധക്കേസിൽ പ്രതികൾ ഇപ്പോഴും കർട്ടന് പുറത്താണെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. കോടതി വെറുതേ വിട്ടാലും ഞങ്ങൾ വെറുതേ വിടില്ലെന്ന് പറയുന്ന കാലമൊക്കെ പോയി. ആരാച്ചാർ പദവിയൊന്നും ആർക്കും നൽകിയിട്ടില്ല. പ്രോസിക്യൂഷന് വന്ന വീഴ്ചയാണ് രണ്ട് കേസിലും ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു
Content Highlights: The Cheemeni murder case involved the killing of five CPM workers. Court verdicts and subsequent events have kept the case in discussion.
Published: 27 Nov 2026, 07:04 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented