നാദാപുരം(കോഴിക്കോട്): വൈദ്യുതി ബില്ല് അടക്കാത്തത് ചോദ്യംചെയ്ത മാതാവിനെ മകൻ ക്രൂരമായി മർദിച്ച സംഭവത്തിനു പിന്നാലെ മാതാവ് ജീവനൊടുക്കി. കോഴിക്കോട് നാദാപുരത്തിനടുത്ത് പോതേരി ഹൗസിൽ പി.സുഹറ(59) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം.

To advertise here,

നാദാപുരം ഫയർഫോഴ്സ് എത്തി മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ആഴ്ചയായിരുന്നു വൈദ്യുതി ബില്ല് അടക്കാത്തത് ചോദ്യംചെയ്ത സുഹറയെ മകൻ യാസിർ മർദിച്ചത്. സംഭവത്തിൽ നാദാപുരം പോലീസ് ഇയാൾക്കെതിരെ കേസെടുത്തിരുന്നു.

വീട്ടിലെ വൈദ്യതി ബില്ല് അടക്കാൻ സുഹറ യാസിറിന്റെ കയ്യിൽ പണം നൽകിയിരുന്നു. എന്നാൽ, യാസിർ ഈ പണം ബിൽ അടയ്ക്കാതെ മറ്റാവശ്യങ്ങൾക്കായി ചെലവഴിക്കുകയായിരുന്നു. തുടർന്ന് ബില്ല് അടക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി ഓഫീസിൽനിന്ന് ഫോൺ വന്നതോടെ കാരണം ചോദിച്ചപ്പോൾ യാസിർ മർദിക്കുകയായിരുന്നു. നവംബർ 17-ന് രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.

യാസിർ സുഹറയുടെ കൈപിടിച്ച് തിരിക്കുകയും തല ചുമരിലിടിപ്പിക്കുകയും ചെയ്തതായി എഫ്.ഐ.ആറിൽ പറയുന്നു. അസഭ്യം പറയുകയും ചെയ്തിരുന്നു. യാസിർ വീട്ടിൽ സ്ഥിരമായി പ്രശ്നങ്ങളുണ്ടാക്കുന്നയാളാണെന്നും മദ്യപിച്ചെത്തി വീട്ടുകാരെ മർദിക്കാറുണ്ടെന്നും പോലീസ് പറഞ്ഞിരുന്നു.