ചെന്നൈ: പ്രായപൂർത്തിയായിട്ടില്ലാത്ത ഒട്ടേറെ പെൺകുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ റിമാൻഡിൽക്കഴിയുന്ന വ്യവസായപ്രമുഖൻ ആർ. വീരമണിയുടെ പേരിൽ ഒരു പരാതി കൂടി. പ്ലസ് ടു വിദ്യാർഥിനിയായിരുന്ന തന്റെ മകൾ 10 വർഷം മുൻപ് ജീവനൊടുക്കിയത് വീരമണിയുടെ പീഡനം കാരണമാണെന്നു കാണിച്ച് അമ്മയാണ് ചെന്നൈ പോലീസ് കമ്മിഷണർക്ക് പരാതി നൽകിയത്.
ജെം ഗ്രാനൈറ്റ്‌സിന്റെ സ്ഥാപകനായ വീരമണി ലൈംഗികചൂഷണത്തിന് വിധേയനാക്കിയെന്ന് പത്തു പെൺകുട്ടികൾ പോലീസിന് ഇതിനകം മൊഴി നൽകിയിട്ടുണ്ട്. പ്ലസ് ടു വിദ്യാർഥിനിയായിരുന്ന മകളുടെ പഠനത്തിന് വീരമണി സാമ്പത്തികസഹായം നൽകിയിരുന്നെന്നും സഹായത്തിന്റെ മറവിൽ വീട്ടിലേക്കു വിളിച്ചുവരുത്തി ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയാക്കുകയായിരുന്നെന്നും പുതിയ പരാതിയിൽ പറയുന്നു.
തകർന്നുപോയ മകൾ 2016-ൽ ജീവനൊടുക്കി. ചെന്നൈ ഐസ് ഹൗസ് പോലീസ് സ്റ്റേഷനിൽ അന്ന് വീരമണിയുടെ പേരിൽ പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. 2017-ലെ ജല്ലിക്കെട്ട് പ്രക്ഷോഭത്തിൽ പോലീസ് സ്റ്റേഷൻ ആക്രമിക്കപ്പെട്ടപ്പോൾ പരാതി നഷ്ടപ്പെട്ടെന്നാണ് പിന്നീടു പറഞ്ഞത്. അമ്മയുടെ പരാതി വീരമണി കേസ് അന്വേഷിക്കുന്ന പ്രത്യേകസംഘത്തിന് കൈമാറിയിട്ടുണ്ട്.
സെൻട്രൽ ക്രൈംബ്രാഞ്ച് അഡീഷണൽ കമ്മിഷണർ പി.സി. തേൻമൊഴിയുടെ നേതൃത്വത്തിൽ വനിതകൾമാത്രമുള്ള നാലംഗ എസ്.ഐ.ടി.ക്കാണ് വീരമണിയുടെ പേരിലുള്ള പരാതികൾ അന്വേഷിക്കാനുള്ള ചുമതല. കൂടുതൽ പോലീസുകാരെ ഉൾപ്പെടുത്തി അന്വേഷണസംഘം വിപുലമാക്കിയിട്ടുണ്ട്.
രണ്ടു വർഷം മുൻപ് വീരമണിയുടെ പേരിൽ പരാതി നൽകിയിരുന്ന കോൺഗ്രസ് നേതാവ് രഞ്ജൻകുമാറിനെ അന്വേഷണസംഘം ചോദ്യംചെയ്തു. എഗ്മോർ ക്രൈംബ്രാഞ്ച് ഓഫീസിലെ ചോദ്യംചെയ്യൽ ഒൻപത് മണിക്കൂർ നീണ്ടുനിന്നു. തന്റെ കൈവശമുള്ള രേഖകളെല്ലാം പോലീസിനു കൈമാറിയതായി രഞ്ജൻ അറിയിച്ചു.
പ്രായപൂർത്തിയാവാത്ത കുട്ടിയെ പീഡിപ്പിക്കുന്നതിന്റെ വീഡിയോദൃശ്യം പുറത്തുവന്ന് 11 മാസത്തിനുശേഷമാണ് വീരമണി, സഹായി ശാന്തി, ഭർത്താവ് മഹേന്ദ്ര സിംഹൻ, ജെം ഗ്രാനൈറ്റ്‌സ് ജീവനക്കാരനായിരുന്ന ഗണേശൻ എന്നിവരെ പോലീസ് അറസ്റ്റുചെയ്തത്.
സംഭവവുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുന്നതിൽനിന്ന് മദ്രാസ് ഹൈക്കോടതി മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സംഭവത്തെപ്പറ്റി സാമൂഹികമാധ്യമങ്ങൾ വഴി പ്രചാരണം നടത്തുന്നവർക്കെതിരേ നടപടിയുണ്ടാവുമെന്ന് സൈബർ പോലീസും മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
Content Highlights: Chennai: Industrialist R. Veeramani, already in remand for sexual abuse of minors, faces a new complaint. A mother claims her daughter, a former Plus Two student ended life due to Veeramani's abuse. Ten girls have testified against him. The case is under a special all-women SIT led by Additional Commissioner P.C. Thenmozhi. Madras High Court has restricted media broadcasts.
Published: 28 Sept 2026, 10:24 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented