മലപ്പുറം: വീട്ടമ്മയുടെ വിധവാ പെൻഷൻ തുക വ്യാജ ഒപ്പിട്ട് തട്ടിയെടുത്ത സംഭവത്തിൽ പ്രതിയെ സസ്പെൻഡ് ചെയ്തു. പെരിന്തൽമണ്ണ അർബൻ ബാങ്കിന്റെ മൂർക്കനാട് ശാഖയിലാണ് സംഭവം നടന്നത്. തട്ടിപ്പിനിരയായ വീട്ടമ്മ പരാതി നൽകിയതിനെ തുടർന്ന്, ബാങ്ക് ജീവനക്കാരനും ഡിവൈഎഫ്ഐ നേതാവുമായ കെ.ടി. നൗഫലിനെ ബാങ്ക് സസ്പെൻഡ് ചെയ്തു. സിപിഎം മങ്കട ഏരിയ കമ്മിറ്റി അംഗം കൂടിയാണ് കെ.ടി. നൗഫൽ.

To advertise here,

പത്തു മാസത്തെ പെൻഷൻ തുകയായ 20,000 രൂപയാണ് നൗഫൽ വ്യാജ ഒപ്പിട്ട് തട്ടിയെടുത്തത്. പെൻഷൻ തുക ലഭിക്കാത്തതിനെ തുടർന്ന് വീട്ടമ്മ ബാങ്കിൽ പരാതി നൽകിയതോടെയാണ് തട്ടിപ്പ് വിവരങ്ങൾ പുറത്തറിയുന്നത്. ബാങ്ക് നടത്തിയ അന്വേഷണത്തിൽ നൗഫൽ വ്യാജ ഒപ്പിട്ടാണ് തുക കൈക്കലാക്കിയതെന്ന് കണ്ടെത്തുകയായിരുന്നു.

സംഭവത്തിൽ ബാങ്ക് അധികൃതർ അച്ചടക്ക നടപടി സ്വീകരിച്ച് നൗഫലിനെ പുറത്താക്കിയതിന് പിന്നാലെ പാർട്ടി തലത്തിലും ഇയാൾക്കെതിരെ നടപടിയുണ്ടായി. ഒരു വർഷത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി സിപിഎം അറിയിച്ചു. തട്ടിപ്പിനിരയായ വീട്ടമ്മ പോലീസിലും പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ നിയമനടപടികളും പുരോഗമിക്കുകയാണ്.