ലക്നൗ: ലക്നൗവിൽ പ്രമുഖ വ്യവസായി ശിവ ശർമ (28) കാമുകിയുടെ ഫ്ലാറ്റിന്റെ നാലാം നിലയിൽനിന്ന് വീണുമരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ കാമുകി ശ്രദ്ധ ദുബെയുടെ ഫ്ലാറ്റിൽനിന്ന് ഒക്ടോബർ 9-നാണ് ശിവ ശർമ വീണു മരിച്ചത്. സംഭവത്തിൽ ശ്രദ്ധ ദുബെ, ഇവരുടെ സഹോദരി, ഡ്രൈവർ, മറ്റു രണ്ടുപേർ എന്നിവർക്കെതിരെ പോലീസ് കൊലപാതകക്കുറ്റത്തിന് കേസെടുത്തു.

To advertise here,

ശ്രദ്ധയുടെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ സെക്സ് ടോയ്സും ലൈംഗിക ശേഷി വർധിപ്പിക്കുന്ന മരുന്നുകളും പോലീസ് കണ്ടെടുത്തു. ശിവ ശർമ താഴേക്ക് വീണ് ഏകദേശം 15 മിനിറ്റിനുള്ളിൽ ‘സെക്രട്ടേറിയറ്റ്’ എന്ന് രേഖപ്പെടുത്തിയ വെളുത്ത ഔഡി കാർ അപ്പാർട്ട്‌മെന്റ് വളപ്പിൽ എത്തിയതായി സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിട്ടുണ്ട്. കെട്ടിടത്തിന് സമീപം തിരിച്ചശേഷം ഈ കാർ ഉടൻ തന്നെ മടങ്ങിപ്പോവുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്നത് ആരാണെന്നും എന്തിനാണ് അവിടെ എത്തിയതെന്നും പോലീസ് അന്വേഷിച്ചുവരികയാണ്.

ശിവയുടേത് കൊലപാതകമാണെന്ന് ആരോപിച്ച് മാതാവ് രഞ്ജന ശർമയാണ് രംഗത്തെത്തിയത്. ശ്രദ്ധ, മകനെ തടങ്കലിൽ വച്ച് ഉപദ്രവിച്ചതായും ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തശേഷം ഫ്ലാറ്റിൽനിന്ന് തള്ളിവിട്ട് കൊലപ്പെടുത്തിയെന്നും മാതാവ് പരാതി നൽകി. രാഷ്ട്രീയക്കാരും ഉയർന്ന ഉദ്യോഗസ്ഥരും ക്രിക്കറ്റ് താരങ്ങളുമായുള്ള ബന്ധം കാട്ടി ശ്രദ്ധ മകനെ ഭയപ്പെടുത്തിയിരുന്നതായും വ്യാജ കേസുകളിൽ കുടുക്കി ജയിലിലടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും മാതാവ് ആരോപിച്ചു.

മരണസമയത്ത് അടിവസ്ത്രം മാത്രമാണ് ശിവ ശർമ ധരിച്ചിരുന്നത്. മൃതദേഹത്തിൽ മർദനമേറ്റ പാടുകളും സിഗരറ്റ് കൊണ്ട് പൊള്ളിച്ച അടയാളങ്ങളും ഉണ്ടായിരുന്നുവെന്ന് ശിവയുടെ കുടുംബം പറയുന്നു. മുഖത്ത് ലിപ്സ്റ്റിക് അടയാളങ്ങളും ശരീരത്തിൽ മേക്കപ്പും കണ്ടെത്തിയിട്ടുണ്ട്. കണ്ണുകൾക്കും താടിയെല്ലിനും പരിക്കേൽക്കുകയും ചെവിയിൽനിന്നും മൂക്കിൽനിന്നും രക്തംവരികയും ചെയ്തിരുന്നു. വാരിയെല്ലുകൾക്കും കാലിനും ഒടിവുകളുമുണ്ടായിരുന്നുവെന്നും കുടുംബം പറഞ്ഞു.

മുൻപ് വിവാഹിതയായ ശ്രദ്ധയ്ക്ക് ഒരു മകനുണ്ട്. 2022-ൽ വിവാഹമോചനം നേടിയിരുന്നു. ശിവയും ശ്രദ്ധയും കഴിഞ്ഞ നാലഞ്ച് മാസമായി ഒരുമിച്ചായിരുന്നു താമസം. ശിവയുടെ മരണത്തിന് ഒരാഴ്ച മുൻപ് ശ്രദ്ധ ഇവരുടെ കടയിലെത്തി കുടുംബത്തെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ശിവയുടെ കുടുംബം ആരോപിക്കുന്നു. ശ്രദ്ധയുമായി ബന്ധമുള്ള ചിലർ ഇവരുടെ വീടും കടയും നിരീക്ഷിച്ചിരുന്നതായും കുടുംബം പറഞ്ഞു.

അപ്പാർട്ട്‌മെന്റിലെയും ആശുപത്രിയിലെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്. ശിവ ശർമ വീണതിന് തൊട്ടുപിന്നാലെ ഒന്നാം നിലയിൽനിന്ന് ഏതാനും പേർ താഴേക്ക് ഇറങ്ങി അപ്പാർട്ട്‌മെന്റിൽനിന്ന് പോകുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ശ്രദ്ധയും സഹോദരിയും ഡ്രൈവറും സംശയമുള്ള മറ്റുള്ളവരും ഒരുമിച്ചുള്ള ദൃശ്യങ്ങളും സിസിടിവിയിലുണ്ട്. അന്വേഷണത്തിനിടെ ഫോണുകളിൽനിന്ന് ലഭിച്ച ചാറ്റുകളിൽ പ്രമുഖ രാഷ്ട്രീയ നേതാക്കൾ, മുതിർന്ന ഉദ്യോഗസ്ഥർ, ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ എന്നിവരെക്കുറിച്ചുള്ള പരാമർശങ്ങളുമുണ്ട്.

ഒളിവിൽ പോയ ശ്രദ്ധ ദുബെയ്ക്കായി ദില്ലിയിലും നേപ്പാളിലും പോലീസ് തിരച്ചിൽ ശക്തമാക്കി. ശ്രദ്ധയുമായി അടുത്ത ബന്ധമുള്ള രണ്ടോ മൂന്നോ പേരെ പോലീസ് ചോദ്യംചെയ്തിട്ടുണ്ട്. തെളിവുകളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരുകയാണെന്നും സംഭവത്തിന് പിന്നിലെ യഥാർഥ വിവരങ്ങൾ പുറത്തുകൊണ്ടുവരുമെന്നും പോലീസ് അറിയിച്ചു.