തിരുവനന്തപുരം: നാഗർകോവിൽ കൊട്ടാരത്തിനു സമീപം പെരുവിളയിൽ ആന്റണി രാജിനെ (30) മർദിച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ചുപേർ പോലീസ് പിടിയിൽ. ആന്റണി പ്രണയാഭ്യർഥന നടത്തിയതിനെത്തുടർന്ന് ആത്മഹത്യചെയ്ത യുവതിയുടെ ബന്ധുക്കളാണ് കസ്റ്റഡിയിലുള്ളത്. രവി സെൽവൻ (56), യേശുനേശ സെൽവൻ (58), സഹോദരന്മാരായ ബെവിൻ (26), ബെനിസ് (25), വിനിസ് (22) എന്നിവരാണ് അറസ്റ്റിലായത്. യുവതിയുടെ മരണത്തെത്തുടർന്നുണ്ടായ പ്രകോപനമാണ് ആക്രമണത്തിന് കാരണം.

To advertise here,

കൊട്ടാരം പെരുവിള സ്വദേശി ജ്ഞാനശെൽവത്തിന്റെ മകൾ ഏയ്ഞ്ചൽ (26) കഴിഞ്ഞദിവസം ജീവനൊടുക്കിയിരുന്നു. ആന്റണി രാജിന്റെ പ്രണയാഭ്യർഥനയെത്തുടർന്നുണ്ടായ ശല്യം സഹിക്കവയ്യാതെയാണ് ഏയ്ഞ്ചൽ ജീവനൊടുക്കിയതെന്നാണ് ആരോപണം. ആന്റണി രാജ് മാസങ്ങളായി ഏയ്ഞ്ചലിനെ പിന്തുടർന്ന് ശല്യംചെയ്യുന്നത് പതിവായപ്പോൾ, കഴിഞ്ഞമാസം കുടുംബം കന്യാകുമാരി പോലീസിൽ പരാതി നൽകിയിരുന്നു.

അറസ്റ്റുചെയ്ത് ജാമ്യത്തിൽ പുറത്തുവന്ന ആന്റണിരാജ് വീണ്ടും ഏയ്ഞ്ചലിനെ ശല്യംചെയ്യാൻ തുടങ്ങി. സ്വകാര്യസ്ഥാപനത്തിൽ ജീവനക്കാരിയായ ഏയ്ഞ്ചൽ, ഞായറാഴ്ച മുറിക്കുള്ളിൽ ഉറങ്ങാൻപോയ ശേഷമാണ് ജീവനൊടുക്കിയത്. വിവരമറിഞ്ഞ് നാട്ടുകാരെത്തിയതോടെ ആന്റണിരാജും വീടിനുമുന്നിൽ വന്നു. യുവതിയുടെ മരണത്തിനു കാരണക്കാരനായ യുവാവിനെ കണ്ടപ്പോൾ പ്രകോപിതരായ ബന്ധുക്കൾ ആക്രമിക്കുകയായിരുന്നു. ഇതിൽ ചിലർ കല്ലുകൊണ്ട് അടിച്ചതാണ് മരണകാരണമെന്നാണ് പോലീസ് പറയുന്നത്.

പോസ്റ്റ്മോർട്ടത്തിനുശേഷം ആന്റണി രാജിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. പിടിയിലായ പ്രതികളെ നാഗർകോവിൽ കോടതിയിൽ ഹാജരാക്കും.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056)