കോട്ടയം: യുവതിക്ക് വിദേശത്ത് നഴ്സിങ് ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വാഴൂർ കൊടുങ്ങൂർ ഭാഗത്ത് മാളികപ്പറമ്പിൽ വീട്ടിൽ ജോൺസൺ എം. ചാക്കോ (30) എന്നയാളെയാണ് കോട്ടയം ഈസ്റ്റ്‌ പോലീസ് അറസ്റ്റ് ചെയ്തത്. 

To advertise here,

ഭാര്യക്ക്  ന്യൂസിലൻഡിൽ നഴ്സിങ്  ജോലിവാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച്  കോട്ടയം മുട്ടമ്പലം സ്വദേശിയായ യുവാവിൽനിന്ന് ജോൺസൺ ജോലിചെയ്യുന്ന കഞ്ഞിക്കുഴിയിലെ സ്ഥാപനം പലതവണകളായി ഏഴു ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് ന്യൂസിലൻഡിൽ എത്തിയ യുവതിക്ക് പറഞ്ഞ ജോലി കൊടുക്കാതെ പേപ്പർ കമ്പനിയിൽ ജോലിനൽകി. ഇവർ നൽകിയ വിസ പ്രകാരം യുവതിക്ക് മറ്റൊരു ജോലിയിൽ പ്രവേശിക്കുന്നതിന് സാധ്യമല്ലായിരുന്നു. തുടർന്ന് യുവതി തിരികെ നാട്ടിൽ എത്തുകയും ഭർത്താവ് പോലീസിൽ പരാതി നൽകുകയുമായിരുന്നു. 

പരാതിയെ തുടർന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിക്കുകയും ചെയ്തു. പരിശോധനയിൽ സ്ഥാപനത്തിലെ ജീവനക്കാരനായ ഇയാളുടെ അക്കൗണ്ടിലേക്ക് പണം എത്തിയതായി കണ്ടെത്തി. തുടർന്ന് ഇയാളെ പിടികൂടുകയായിരുന്നു. 

ഈസ്റ്റ് സ്റ്റേഷൻ എസ്.ഐ. നെൽസൺ സി.എസ്., സി.പി.ഓമാരായ പ്രതീഷ് രാജ്, അജേഷ്, അരുൺ  എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. മുഖ്യ പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കി.