കൊച്ചി: പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ അമ്മയുടെ സുഹൃത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍, കുട്ടികളുടെ അമ്മയെ ചോദ്യം ചെയ്ത്  പോലീസ്. സുഹൃത്തായ ധനേഷ് പെണ്‍കുട്ടികളെ ഉപദ്രവിച്ചിരുന്നതായി അമ്മയ്ക്ക് അറിയാമായിരുന്നുവെന്നാണ് സൂചന. 

To advertise here,

പെണ്‍കുട്ടികൾ പീഡനത്തിനിരയായ വിവരം അമ്മയ്ക്കറിയാമായിരുന്നുവെന്ന് പ്രതി ധനേഷ് നല്‍കിയ മൊഴിയില്‍ സൂചിപ്പിച്ചിരുന്നെങ്കിലും പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്. സംഭവത്തെ കുറിച്ച് ഒന്നും അറിയില്ലെന്നാണ് കുട്ടികളുടെ അമ്മ ആദ്യ ഘട്ടമൊഴിയില്‍ പറഞ്ഞത്. 

കുട്ടികളുടെ രഹസ്യമൊഴി എടുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ നടക്കുന്നതിനിടെയാണ് ഇതു സംബന്ധിച്ച കൃത്യമായ തെളിവുകള്‍ പോലീസിന് ലഭിച്ചത്. വിവരം അറിഞ്ഞിട്ടും പോലീസിനെയോ മറ്റു നിയമസംവിധാനങ്ങളെയോ അറിയിക്കാന്‍ ഇവര്‍ തയ്യാറായില്ല എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് അമ്മയെ ചോദ്യം ചെയ്യലിനായി കുറുപ്പംപടി പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. 

മജിസ്‌ട്രേറ്റ് കോടതി പെണ്‍കുട്ടികളുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. പെണ്‍കുട്ടികളുടെ സംരക്ഷണം ശിശുക്ഷേമ സമിതി ഏറ്റെടുത്തു. അമ്മയും കേസില്‍ പ്രതി ചേര്‍ക്കപ്പെടാനുള്ള സാധ്യത പരിഗണിച്ച് കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ശിശുക്ഷേമ സമിതി സംരക്ഷണം ഏറ്റെടുത്തത്.

പന്ത്രണ്ട്, ഒമ്പത് വയസുള്ള പെണ്‍കുട്ടികളാണ് പീഡനത്തിനിരയായത്. മൂന്നു വര്‍ഷം മുമ്പ് ഇവരുടെ പിതാവ് മരിച്ചിരുന്നു. പിതാവ് രോഗബാധിതനായിരുന്ന സമയത്ത് ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനായി വിളിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറാണ് കുട്ടികളെ ഉപദ്രവിച്ച പ്രതി ധനേഷ്. പിതാവിന്റെ മരണശേഷം കുടുംബവുമായി കൂടുതല്‍ അടുത്ത ഇയാള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ സ്ഥിരമായി വീട്ടിലെത്തുമായിരുന്നു. 

നാളുകളായി പ്രതി ലൈംഗികമായി ഉപദ്രവിക്കുന്ന വിവരം പെണ്‍കുട്ടികളിലൊരാള്‍ സുഹൃത്തിനോട് വെളിപ്പെടുത്തുകയും സുഹൃത്ത് വിവരം സ്‌കൂള്‍ അധികൃതരെ  അറിയിക്കുകയുമായിരുന്നു. സ്‌കൂള്‍ അധികൃതരാണ് പോലീസിനെ വിവരമറിയിച്ചത്.