കൊച്ചി: പെരുമ്പാവൂർ കുറുപ്പംപടിയിൽ അമ്മയുടെ സുഹൃത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ കുട്ടികളുടെ രഹസ്യമൊഴി രേഖപ്പെടുത്തി. മജിസ്ട്രേറ്റ് കോടതിയാണ് മൊഴി രേഖപ്പെടുത്തിയത്. രഹസ്യമൊഴിയുടെ പകർപ്പ് ലഭിച്ചതിന് ശേഷം അമ്മയെ പ്രതി ചേർക്കുന്നത് സംബന്ധിച്ച് പോലീസ് തീരുമാനം എടുക്കും. പെൺകുട്ടികളുടെ സംരക്ഷണം ശിശുക്ഷേമ സമിതിഏറ്റെടുത്തു. 

To advertise here,

പന്ത്രണ്ട്, ഒമ്പത് വയസുള്ള പെൺകുട്ടികളാണ് പീഡനത്തിനിരയായത്. മൂന്നു വർഷം മുമ്പ് ഇവരുടെ പിതാവ് മരിച്ചിരുന്നു. ​പിതാവ് രോ​ഗബാധിതനായിരുന്ന സമയത്ത് ആശുപത്രിയിൽ കൊണ്ടുപോകുന്നതിനായി വിളിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറാണ് കുട്ടികളെ ഉപദ്രവിച്ച പ്രതി ധനേഷ്. പിതാവിന്റെ മരണശേഷം കുടുംബവുമായി കൂടുതൽ അടുത്ത ഇയാൾ ശനി, ഞായർ ദിവസങ്ങളിൽ സ്ഥിരമായി വീട്ടിലെത്തുമായിരുന്നു. 

നാളുകളായി പ്രതി ലൈം​ഗികമായി ഉപദ്രവിക്കുന്ന വിവരം പെൺകുട്ടികളിലൊരാൾ സുഹൃത്തിനോട് വെളിപ്പെടുത്തുകയും സുഹൃത്ത് വിവരം സ്കൂൾ അധികൃതരെ അറിയിക്കുകയുമായിരുന്നു. സ്കൂൾ അധികൃതരാണ് പോലീസിനെ വിവരമറിയിച്ചത്. കുട്ടികളെ പ്രതി ഉപദ്രവിച്ചതു സംബന്ധിച്ച് തനിക്ക് അറിവില്ലെന്നാണ് അമ്മ മൊഴി നൽകിയിരിക്കുന്നത്. ഈ മൊഴി പോലീസ് പൂർണമായി വിശ്വാസത്തിലെടുത്തിട്ടില്ല. അമ്മയും കേസിൽ പ്രതി ചേർക്കപ്പെടാനുള്ള സാധ്യത പരി​ഗണിച്ച് കുട്ടികളുടെ സുരക്ഷ മുൻനിർത്തിയാണ് ശിശുക്ഷേമ സമിതി സംരക്ഷണം ഏറ്റെടുത്തത്.